Connect with us

Gulf

വടക്കന്‍ എമിറേറ്റുകളില്‍ ഇന്നും മഴക്ക് സാധ്യത

Published

|

Last Updated

ദുബൈ: വടക്കന്‍ എമിറേറ്റുകളില്‍ ഇന്നും മഴക്ക് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് മിതമായ മഴക്കാവും വടക്കന്‍ എമിറേറ്റുകള്‍ സാക്ഷിയാവുക. ദുബൈ, ഷാര്‍ജ, റാസല്‍ ഖൈമ, ഫുജൈറ എന്നീ എമിറേറ്റുകളിലാവും മഴ പെയ്യുക. അതേസമയം രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ മൂടിക്കെട്ടിയതും തെളിഞ്ഞതുമായ സമ്മിശ്ര കാലാവസ്ഥയാവും അനുഭവപ്പെടുക. ഇന്നു മുതല്‍ താപനിലയില്‍ ഒന്നു മുതല്‍ രണ്ടു ഡിഗ്രി സെല്‍ഷ്യസ് വരെ കുറവുണ്ടാവും. വടക്കുപടിഞ്ഞാറന്‍ കാറ്റിന്റെ സാന്നിധ്യമാവും താപനിലയില്‍ കുറവിന് ഇടയാക്കുക.

തീരപ്രദേശങ്ങളില്‍ 22 മുതല്‍ 25 ഡിഗ്രി സെല്‍ഷ്യസ് വരെയാവും താപനില. ഉള്‍പ്രദേശങ്ങളില്‍ ഇത് 23 മുതല്‍ 26 വരെയായിരിക്കും. ദുബൈയുടെ മിക്ക ഭാഗങ്ങളിലും പ്രസന്നമായ കാലാവസ്ഥയാവുമെങ്കില്‍ അബുദാബിയില്‍ പ്രസന്നവും മൂടിക്കെട്ടിയതുമായ കാലാവസ്ഥയാവും വിവിധ ഇടങ്ങളില്‍ അനുഭവപ്പെടുക. അറേബ്യന്‍ ഗള്‍ഫില്‍ ശക്തമായ കാറ്റിന്റെ സാന്നിധ്യം എട്ടു മുതല്‍ 10 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ക്ക് ഇടയാക്കും. ഒമാന്‍ കടലും പ്രക്ഷുബ്ധമായിരിക്കും. നാലു മുതല്‍ ഏഴു മീറ്റര്‍ വരെ ഉയരത്തിലാവും ഇവിടെ തിരമാലകള്‍ രൂപപ്പെടുക. തുറസ്സായ സ്ഥലങ്ങളിലും ഉള്‍നാടുകളിലും പൊടിക്കാറ്റിനും ഇടയുണ്ട്. രാത്രി കാലങ്ങളില്‍ അന്തരീക്ഷ ഈര്‍പം വര്‍ധിക്കാന്‍ സാധ്യതയുണ്ട്. ഉള്‍നാടന്‍ പ്രദേശങ്ങളില്‍ മൂടല്‍മഞ്ഞും പുകമഞ്ഞും അനുഭവപ്പെടുമെന്നും കാലാവസ്ഥാ കേന്ദ്രം വിശദീകരിച്ചു.