Connect with us

Gulf

മൂല്യം കുറഞ്ഞു; ദിര്‍ഹത്തിന് 18.54 രൂപ

Published

|

Last Updated

ദുബൈ: രൂപയുടെ മൂല്യ ശോഷണം തുടരുന്നു. ഇന്നലെ ഒരു ദിര്‍ഹത്തിന് 18.54 രൂപയായിരുന്നു വിനിമയ നിരക്ക്. കഴിഞ്ഞ ദിവസം ഇത് 18.70 വരെ കുത്തനെ ഇടിഞ്ഞിരുന്നു. ആര്‍ ബി ഐയുടെ ഇടപെടലിനെ തുടര്‍ന്നായിരുന്നു രൂപ ഇന്നലെ ചെറിയ തോതില്‍ നില മെച്ചപ്പെടുത്തിയത്. രൂപക്ക് മൂല്യം കുറയുന്ന പ്രവണത വരും ദിവസങ്ങളിലും തുടരാനാണ് സാധ്യതയെന്ന് പ്രമുഖ ധാകാര്യ വിദഗ്ധനും എക്‌സ്പ്രസ് മണി സി ഒ ഒയുമായ സുദേഷ് ഗിരിയന്‍ അഭിപ്രായപ്പെട്ടു.

യു എസ് ഡോളറിന് 68.85 നിരക്കിലേക്ക് രൂപ വരും ദിനങ്ങളില്‍ ഇടിയാനാണ് സാധ്യത. ഇത് സംഭവിച്ചാല്‍ ഒരു ദിര്‍ഹത്തിന് 18.75 നിരക്കാവും. രൂപയുടെ നിരക്ക് ഇടിയുന്നത് തുടര്‍ന്നാല്‍ സപ്പോര്‍ട്ട് ലെവല്‍ ഡോളറിന് 69.20 ആണെന്നതിനാല്‍ ഒരു ദിര്‍ഹത്തിന് 18.84ല്‍ എത്തുമെന്നാണ് കരുതുന്നത്. ഈ മാസം അവസാനിക്കുന്നതോടെ നിലവിലെ സാമ്പത്തിക സ്ഥിതി തുടര്‍ന്നാല്‍ ഒരു ദിര്‍ഹത്തിന് 19 രൂപയില്‍ കൂടുതല്‍ വേണ്ടുന്ന സ്ഥിതിയിലേക്ക് എത്തും. ചൈനീസ് സമ്പദ്‌വ്യവസ്ഥയിലെ വളര്‍ച്ചാ മുരടിപ്പും യു എസ് ഫെഡറല്‍ റിസേര്‍വിന് പലിശ നിരക്ക് വര്‍ധിപ്പിച്ചതുമാണ് രൂപക്ക് പ്രതികൂലമായിരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Latest