Connect with us

Gulf

ലുലു വാക്ക് ഫോര്‍ വെല്‍നസ് 26ന്, 10,000 പേര്‍ പങ്കെടുക്കും

Published

|

Last Updated

LULU

ലുലു ഗ്രൂപ്പ് ഇന്റര്‍നാഷനല്‍ ഡയറക്ടര്‍ എം എ സലീം ദുബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍. ജെയിംസ് കെ വര്‍ഗീസ്, കെ പി തമ്പാന്‍ സമീപം

ദുബൈ: പ്രമേഹത്തിനെതിരെ ലുലു വാക്ക് ഫോര്‍ വെല്‍നസ് 26 (വെള്ളി) രാവിലെ എട്ടിന് ദുബൈ സഅബീല്‍ പാര്‍ക്കില്‍ നടക്കുമെന്ന് ലുലു ഗ്രൂപ്പ് ഇന്റര്‍നാഷനല്‍ ഡയറക്ടര്‍ എം എ സലീം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 10,000പേരാണ് കൂട്ട നടത്തത്തില്‍ പങ്കെടുക്കുക. രാവിലെ ഏഴിന് യു എ ഇയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് സഅബീല്‍ പാര്‍ക്കില്‍ ആളുകള്‍ ഒത്തുകൂടും. വിവിധ രാജ്യക്കാര്‍ ഉണ്ടാകും. ഇത് അഞ്ചാമത്തെ വര്‍ഷമാണ് ലുലു ഗ്രൂപ്പ് വാക്‌ഫോര്‍ വെല്‍നസ് സംഘടിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം 10,000 പേര്‍ പങ്കെടുത്തിരുന്നു. അബുദാബിയില്‍ നിന്നടക്കം ആളുകള്‍ എത്തിയിരുന്നു. ലുലു ജീവനക്കാരും പങ്കെടുക്കുന്നുണ്ട്.

ഇതിന് പുറമെ വിവിധ സ്ഥലങ്ങളില്‍ കിയോസ്‌കുകള്‍ വഴിയും ഓണ്‍ലൈന്‍ വഴിയും രജിസ്‌ട്രേഷന്‍ നടത്തി, ഇതേവരെ 8,200 പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സഅബീല്‍ പാര്‍ക്കിലെ ഗെയിറ്റ് നമ്പര്‍ മൂന്നിലാണ് ആളുകള്‍ ഒത്തുകൂടുക. രജിസ്‌ട്രേഷന്‍ സൗജന്യമാണ്. അന്ന് രാവിലെയും രജിസ്റ്റര്‍ ചെയ്യാന്‍ കഴിയും. അഞ്ച് കിലോമീറ്ററാണ് കൂട്ടനടത്തം നിശ്ചയിച്ചിരിക്കുന്നത്. വിവിധ അസോസിയേഷനുകളും മന്ത്രാലയങ്ങളും ഇതില്‍ പങ്കാളികളാകുന്നുണ്ട്.

ലുലു വാക്ക് ഫോര്‍ വെല്‍നസിന്റെ ഭാഗമായി ദുബൈയിലെ വിവിധ ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ പ്രമേഹ പരിശോധന നടത്തുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. പ്രമേഹത്തിനെതിരായുള്ള ബോധവത്കരണത്തിന് പ്രധാന കൂട്ടായ്മയായി ഇത് മാറിയിട്ടുണ്ട്. ഏപ്രില്‍ ഏഴിന് ലോക പ്രമേഹ ദിനത്തില്‍ ഇതിന്റെ തുടര്‍പരിപാടികള്‍ ഉണ്ടാകുമെന്നും എം എ സലീം അറിയിച്ചു. ലുലു ഗ്രൂപ്പ് റീജ്യണല്‍ ഡയറക്ടര്‍ ജെയിംസ് കെ വര്‍ഗീസ്, റീജ്യണല്‍ മാനേജര്‍ കെ പി തമ്പാന്‍ എന്നിവരും പങ്കെടുത്തു.

Latest