Connect with us

First Gear

ഒരു ചാര്‍ജിംഗില്‍ 100 കിമീ മൈലേജ്: പുതിയ ഇ റിക്ഷയുമായി ടെറ മോട്ടോഴ്‌സ്

Published

|

Last Updated

ഒരു തവണ ചാര്‍ജ് ചെയ്താല്‍ 100 കിമീ ദൂരം ഓടാന്‍ കഴിവുള്ള ഇലക്ട്രിക് റിക്ഷ ടെറ മോട്ടോഴ്‌സ് ഇന്ത്യന്‍ വിപണിയിലിറക്കി. ജപ്പാന്‍ കമ്പനിയുടെ വൈ 4 ആല്‍ഫ എന്ന ഇ റിക്ഷക്ക് 1.20 ലക്ഷം രൂപയാണ് ഡല്‍ഹി എക്‌സ് ഷോറൂം വില.

ഡ്രൈവര്‍ അടക്കം അഞ്ച് പേര്‍ക്ക് വൈ 4 ആല്‍ഫയില്‍ യാത്ര ചെയ്യാം. ടെറ മോട്ടോഴ്‌സ് ഇന്ത്യയില്‍ നിര്‍മിച്ച ബാറ്ററിയാണ് ഇ റിക്ഷ്‌ക്ക് ഉപയോഗിക്കുന്നത്. ഒരു വര്‍ഷം വാറന്റിയുള്ള ബാറ്ററി്ക്ക് കുറഞ്ഞത് ഒന്നര വര്‍ഷം ആയുസുണ്ടാകുമെന്ന് കമ്പനി പറയുന്നു. പുതിയ ടെറ ബാറ്ററിക്ക് 27,000 രൂപയാണ് വില.

ഏഴ് മണിക്കൂര്‍ കൊണ്ട് ബാറ്ററി പൂര്‍ണ്ണമായി ചാര്‍ജ് ചെയ്യാം. മണിക്കൂറില്‍ 25 കിലോമീറ്ററാണ് പരമാവധി വേഗം. വാഹനത്തിന് 380 കിലോഗ്രാമാണ് ഭാരം. നഗരങ്ങളിലെ ചെറിയ ഇടവഴികളിലൂടെ അനായാസം കടന്നുപോകാവുന്ന വിധം ഒതുക്കമുള്ള രൂപകല്‍പ്പനയാണ് വൈ 4 ആല്‍ഫ്ക്ക്. കുറഞ്ഞ ടേണിംഗ് റേഡിയസ് യൂ ടേണ്‍ എടുക്കുന്നത് അനായാസമാക്കും. മുച്ചക്ര വാഹനത്തിന്റെ മുന്നില്‍ ടെലിസ്‌കോപ്പിക് ഫോര്‍ക്ക് സസ്‌പെന്‍ഷനും പിന്നില്‍ ലീഫ് സസ്‌പെന്‍ഷനുമാണ്.

വൈ 4 ആല്‍ഫയുടെ 95 ശതമാനം ഘടകങ്ങളും തദ്ദേശീയമായി നിര്‍മിച്ചതാണ്. ഹരിയാനയിലെ ഗുര്‍ഗാവിലാണ് ടെറ മോട്ടോഴ്‌സിന്റെ നിര്‍മാണശാല. ബാറ്ററി നിര്‍മാണശാല ബെംഗളൂരുവിലാണ്. ഈ വര്‍ഷം ഇന്ത്യയില്‍ 30,000 ഇ റിക്ഷകള്‍ വില്‍ക്കാനാണ് ടെറ മോട്ടോഴ്‌സിന്റെ പദ്ധതി.