Connect with us

Gulf

മാള്‍ ഓഫ് ഖത്വര്‍ ആഗസ്റ്റില്‍ തുറക്കും

Published

|

Last Updated

ദോഹ: രാജ്യത്തെ വലിയ ഷോപ്പിംഗ് മാളുകളിലൊന്നായ ദോഹയിലെ മാള്‍ ഓഫ് ഖത്വര്‍ ആഗസ്റ്റില്‍ തുറക്കും. നേരത്തേ തുറക്കുമെന്നറിയിച്ചിരുന്ന മാള്‍ പദ്ധതി വൈകുകയായിരുന്നു. മാള്‍ തുറക്കുന്നതു സംബന്ധിച്ച് അവ്യക്തതകള്‍ നിലനില്‍ക്കേയാണ് അധികൃതര്‍ ഓപ്പണിംഗ് പ്രഖ്യാപിച്ചത്. 2015 അവസാനം തുറക്കുമെന്നായിരുന്നു നേരത്തേ പ്രഖ്യാപിച്ചിരുന്നത്.
രാജ്യത്തെ മറ്റൊരു വലിയ മാളായ ദോഹ ഫെസ്റ്റിവല്‍ സിറ്റിയുടെ ഓപ്പണിംഗ് പ്രഖ്യാപിച്ച് ദിവസങ്ങള്‍ കഴിയും മുമ്പാണ് ഖത്വര്‍ മാള്‍ തുറക്കുമെന്ന പ്രഖ്യാപനവും വരുന്നത്. രാജ്യത്ത് വന്‍കിട ഷോപിംഗ്, വിനോദ മാളുകള്‍ തമ്മിലുള്ള മത്സരം ശക്തിപ്പെടുന്നതിന്റെ സൂചനകൂടിയാണിതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ നിരീക്ഷിച്ചു.
2022ലെ ലോകകപ്പിനു വേണ്ടി നിര്‍മാണം നടന്നു വരുന്ന പ്രദേശത്ത് മെട്രോ സ്റ്റേഷനു സമീപത്തായാണ് മാള്‍ സ്ഥിതി ചെയ്യുന്നതെന്നും രാജ്യത്തെയും ജി സി സിയിലെയും സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ പര്യാപ്തമായാണ് മാള്‍ പൊതുജനങ്ങള്‍ക്കായി തുറക്കുന്നതെന്ന് സി ഇ ഒ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു. 256,000 ചതുരശ്ര മീറ്ററാണ് മാളിന്റെ വിസ്തീര്‍ണം. മൂന്നു നിലകളിലായി 500 റീട്ടെയില്‍ ഷോപ്പുകള്‍, കാരിഫോര്‍, സിനിമസിറ്റി കോംപ്ലക്‌സ്, ഫൈവ് സ്റ്റാര്‍ ഹില്‍ട്ടണ്‍ ഹോട്ടല്‍ എന്നിവ മാളില്‍ പ്രവര്‍ത്തിക്കും.
ദുബൈ ആസ്ഥാനമായി അല്‍ ഫുതൈ്വം ഗ്രൂപ്പും ഖത്വര്‍ ഇസ്‌ലാമിക് ബേങ്കും സംയുക്തമായാണ് ദോഹ ഫെസ്റ്റിവല്‍ സിറ്റി പദ്ധതി പൂര്‍ത്തിയാക്കുന്നത്. ഇവിടെ 433,000 ചതുരശ്ര മീറ്റര്‍ സൗകര്യമാണുള്ളത്.