Connect with us

Editorial

പരിസര ശുചിത്വത്തില്‍ മലയാളിയുടെ ഇടം

Published

|

Last Updated

സ്വച്ഛ് ഭാരത് പദ്ധതിയില്‍ രാജ്യത്തെ ഒന്നാമത്തെ ശുചിത്വ നഗരമായി വീണ്ടും മൈസൂരു തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. 10 ലക്ഷത്തിന് മുകളില്‍ ജനസംഖ്യയുള്ള 73 ഇന്ത്യന്‍ നഗരങ്ങളില്‍ കേന്ദ്ര നഗരവികസന മന്ത്രാലയം നടത്തിയ സര്‍വേയിലാണ് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും മൈസൂരു ഈ സ്ഥാനം നിലനിര്‍ത്തിയത്. ചണ്ഡീഗഢ്, തിരുച്ചിറപ്പള്ളി, ന്യൂഡല്‍ഹി മുനിസിപ്പല്‍ കൗണ്‍സില്‍, വിശാഖപട്ടണം, സൂറത്ത്, രാജ്‌കോട്ട്, ഗാങ്‌ടോക്ക്, പിമ്പ്രി ചിങ്വാഡ്, ഗ്രേറ്റര്‍ മുംബൈ എന്നവയാണ് തൊട്ടടുത്ത ശുചിത്വ നഗരങ്ങള്‍. അതേസമയം 2014-15 ലെ സ്വച്ഛ് ഭാരത് സര്‍വേ പ്രകാരം എട്ടാം സ്ഥാനത്തായിരുന്ന തിരുവനന്തപുരം 40-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയുണ്ടായി. നാലാം സ്ഥാനത്തായിരുന്ന കൊച്ചി 55-ാമതും കോഴിക്കോട് 41ല്‍ നിന്നും 44ലേക്കും പിന്നോട്ട് പോയി.
ശുചിത്വ ബോധമുള്ളവരാണ് മലയാളികളെന്നാണ് പറയാറ്. നിത്യം കുളിക്കുന്നവരും വൃത്തിയുള്ള വസ്ത്രം ധരിക്കുന്നവരുമാണ് ഏറെ പേരും. എന്നിട്ടുമെന്തേ കേരള നഗരങ്ങള്‍ ഏറെ പിറകിലായി? ദേഹത്ത് ചെളി പുരളുന്നതും വസ്ത്രത്തില്‍ പൊടിപറ്റുന്നതും അസഹനീയമായി തോന്നുന്ന മലയാളിക്ക് പരിസരമലിനീകരണത്തില്‍ തീരെ ശ്രദ്ധയില്ലെന്നത് തന്നെ കാരണം. വീടുകള്‍ വൃത്തിയായി സൂക്ഷിക്കും. പക്ഷേ, പൊതു ഇടങ്ങള്‍ മലിനമാക്കാന്‍ ഒരു മടിയുമില്ല. മാലിന്യ നിര്‍മാര്‍ജന പദ്ധതികളെയും അതില്‍ കൈവരിച്ച നേട്ടങ്ങളെയുമാണ് സ്വച്ഛ് ഭാരത് പദ്ധതിയില്‍ നഗരങ്ങളുടെ ശുചീകരണം വിലയിരുത്താന്‍ മാനദണ്ഡമാക്കിയത്. നഗരങ്ങളിലെ ഖരമാലിന്യ ശേഖരണം, നിര്‍മാര്‍ജനം, കക്കൂസ് മാലിന്യ നിര്‍മാര്‍ജനം, കുടിവെള്ളത്തിന്റെ ഗുണം, മലിന ജലം കൈകാര്യം ചെയ്യുന്ന രീതി, വീടുകളിലെയും പൊതുഇടങ്ങളിലെയും ശുചിത്വ, മാലിന്യ നിര്‍മാര്‍ജന സംവിധാനം തുടങ്ങിയ കാര്യങ്ങളാണ് പരിശോധിച്ചത്. ഇത്തരം കാര്യങ്ങളില്‍ മലയാളി തീരെ ശ്രദ്ധിക്കാറില്ലല്ലോ. വീട്ടിലെ മാലിന്യം പ്ലാസ്റ്റിക് കവറിലാക്കി ഇരുട്ടിന്റെ മറവില്‍ അടുത്ത പറമ്പിലോ തെരുവോരത്തോ കളയാന്‍ വിദ്യാഭ്യാസവും ശുചിത്വബോധവും മലയാളിക്ക് തടസ്സമാകുന്നില്ല. വീടുകളിലെയും ഹോട്ടലുകളിലെയും മത്സ്യ, മാംസ കടകളിലെയും മാലിന്യങ്ങള്‍ ഉപേക്ഷിക്കാനുള്ള ഇടമായി പലരും തിരഞ്ഞെടുക്കുന്നത് നിരത്തുകളും പൊതു ഇടങ്ങളുമാണ്. യാത്രക്കാരില്‍ പലരും മൂത്രമൊഴിക്കുന്നത് നിരത്തുവക്കിലാണ്. മാലിന്യം നിക്ഷേപിക്കരുതെന്ന് എഴുതി വെച്ചതിന് തൊട്ടടുത്താണ് മാലിന്യം ചാക്കിന്‍ കൊണ്ടുതള്ളുന്നത്. സംസ്ഥാനത്തെ വഴിയോരങ്ങളിലും മാര്‍ക്കറ്റുകളിലും കനാലുകളിലും നദികളിലും ആളില്ലാ പറമ്പുകളിലുമൊക്കെ മാലിന്യക്കൂമ്പാരങ്ങള്‍ പതിവ് കാഴ്ചകളാണ്. വൃത്തിഹീനമാണ് നമ്മുടെ മിക്ക തെരുവുകളും. പ്ലാസ്റ്റിക് മാലിന്യങ്ങളാല്‍ ഓടകള്‍ അടഞ്ഞു മലിനജലം നിരത്തുകളില്‍ കെട്ടിനില്‍ക്കുന്നു.
പഞ്ചായത്തുകളില്‍ ഏതാണ്ട് 190 ഗ്രാമും കോര്‍പറേഷനുകളില്‍ 465 ഗ്രാമും എന്ന തോതില്‍ കേരളീയര്‍ പ്രതിദിനം ശരാശരി കാല്‍ക്കിലോ മാലിന്യം ഉത്പാദിപ്പിക്കുന്നുണ്ടെന്നാണ് കണക്ക്. കോര്‍പറേഷനുകളില്‍ 1683 ടണ്ണും മുന്‍സിപ്പാലിറ്റികളില്‍ 758 ടണ്ണും പഞ്ചായത്തുകളില്‍ 4565 ടണ്ണും മാലിന്യം ഉത്പാദിപ്പിക്കുന്നു. ഓരോ വര്‍ഷവും 1.4 ശതമാനം വീതം ഇത് വര്‍ധിക്കുകയും ചെയ്യുന്നു. ഇവ നിക്ഷേപിക്കാനോ സംസ്‌കരിക്കാനോ ഫലപ്രദമായ സംവിധാനം സംസ്ഥാനത്തില്ല. സര്‍ക്കാറും തദ്ദേശ സ്ഥാപനങ്ങളും മാലിന്യ നിര്‍മാര്‍ജന പദ്ധതികള്‍ ആവിഷ്‌കരിക്കാത്തതു കൊണ്ടല്ല; എതിര്‍പ്പ് മൂലം അത് നടപ്പാക്കാന്‍ സാധിക്കുന്നില്ലെന്നതാണ് കേരളം നേരിടുന്ന പ്രധാന പ്രതിസന്ധി. നേരത്തെ പല കോര്‍പറേഷനുകളും മുനിസിപ്പാലിറ്റികളും മാലിന്യ പ്രശ്‌ന പരിഹാരത്തിന് കന്ദ്രീകൃത മാലിന്യ നിര്‍മാര്‍ജന പ്ലാന്റുകള്‍ സ്ഥാപിച്ചിരുന്നു. ഇത് പ്ലാന്റുകളുടെ പരിസരങ്ങള്‍ മാലിന്യ കേന്ദ്രങ്ങളായി മാറാന്‍ ഇടയായതോടെ ജനകീയ പ്രക്ഷോഭങ്ങള്‍ ഉടലെടുക്കുകയും അടച്ചുപൂട്ടേണ്ട സ്ഥിതി സംജാതമാകുകയുമായിരുന്നു.
14 ലക്ഷം പേര്‍ ദിനേനെ പുറംതള്ളുന്ന 405 ടണ്‍ മാലിന്യം നഗരത്തില്‍ കിടന്നുചീഞ്ഞുനാറാതെ ശാസ്ത്രീയമായി സംസ്‌കരിക്കാനുള്ള സംവിധാനം സജ്ജീകരിച്ചതാണ് മൈസൂരുവിനെ ശുചിയുള്ള നഗരമാക്കി ഉയര്‍ത്തിയത്. വീടുകളില്‍ നിന്നുള്ള വേര്‍തിരിച്ച മാലിന്യ ശേഖരത്തിനും ജനവാസ ഇടങ്ങള്‍, മാര്‍ക്കറ്റ് എന്നിവ കേന്ദ്രീകരിച്ച് മാലിന്യ ശേഖരണത്തിനും അവിടെ പ്രത്യേക സംവിധാനങ്ങളുണ്ട്. ഇത്തരം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതോടൊപ്പം പരിസര ശുചിത്വത്തില്‍ മലയാളി കാണിക്കുന്ന നിസ്സംഗതക്കും അനാസ്ഥക്കും മാറ്റം വരികയും ചെയ്‌തെങ്കിലേ ശുചിത്വ നഗരങ്ങളുടെ മുന്‍പന്തിയിലേക്ക് കേരളീയ നഗരങ്ങളെ എത്തിക്കാനാകൂ. സാക്ഷരതാ പ്രസ്ഥാനത്തില്‍ കേരളം മുന്നേറിയതും സമ്പൂര്‍ണ സാക്ഷരത കൈവരിക്കുന്ന ആദ്യ സംസ്ഥാനമായി മാറിയതും ജനകീയ പ്രസ്ഥാനങ്ങളെ ഉപയോഗപ്പെടുത്തിയായിരുന്നു. അത്തരമൊരു നീക്കം ശുചിത്വ കേരളം പദ്ധതിക്കും പരീക്ഷിക്കാവുന്നതാണ്. വൃത്തിയുള്ള നഗരങ്ങളുടെ തിരഞ്ഞെടുപ്പില്‍ ഭാവിയില്‍ കേരളത്തിലെ നഗരങ്ങള്‍ ഏറെ പിന്തള്ളപ്പെടുന്ന അവസ്ഥ ഉണ്ടാകരുത്.