Connect with us

Kerala

ലാഭപ്രഭ തുടങ്ങി; ഒരാള്‍ക്ക് 190 രൂപക്ക് രണ്ട് എല്‍ ഇ ഡി ബള്‍ബ്‌

Published

|

Last Updated

തിരുവനന്തപുരം: കെ എസ് ഇ ബി ലിമിറ്റഡ് നടപ്പാക്കുന്ന ലാഭപ്രഭ മൂന്നാം സീസണിന്റെ സംസ്ഥാന തല ഉദ്ഘാടനം ചെയര്‍മാന്‍ എം ശിവശങ്കര്‍ നിര്‍വഹിച്ചു. ഒമ്പത് വാട്ടിന്റെ രണ്ട് എല്‍ ഇ ഡി ബള്‍ബുകളാണ് പദ്ധതിപ്രകാരം 190 രൂപക്ക് ഒരു ഉപഭോക്താവിന് ലഭ്യമാക്കുന്നത്. മാര്‍ക്കറ്റില്‍ 400 രൂപയോളം വിലവരുന്ന ഒരു ബള്‍ബിന് 95 രൂപയേ ഈടാക്കുന്നുള്ളൂ. ഫെബ്രുവരി 25 മുതല്‍ ഉപഭോക്താവിന് ലഭിക്കുന്ന ബില്ലിനൊപ്പം ബള്‍ബ് വിതരണം സംബന്ധിച്ച പ്രത്യേക അറിയിപ്പ് ലഭിക്കും. ഈ അറിയിപ്പുമായി ബില്ലടക്കാന്‍ സെക്ഷനിലെത്തുമ്പോള്‍ രണ്ട് ബള്‍ബിന്റെ വിലയായ 190 രൂപ കൂടി നല്‍കി ബള്‍ബ് വാങ്ങാം.1000 വാട്ട്‌സില്‍ താഴെ കണക്റ്റഡ് ലോഡും മാസം 40 യൂനിറ്റില്‍ താഴെ ഉപഭോഗവുമുള്ള നോണ്‍ പേയിംഗ് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് രണ്ട് ബള്‍ബ് സൗജന്യമായി അവരവരുടെ വീട്ടിലെത്തിക്കും.
കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, വയനാട്, പാലക്കാട് തൃശൂര്‍, എറണാകുളം, കോട്ടയം, ഇടുക്കി എന്നീ ജില്ലകളില്‍ ഈമാസം 25 മുതല്‍ നല്‍കുന്ന ബില്ലിനൊപ്പം അറിയിപ്പ് ഉണ്ടാകും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ ഈമാസം 29 മുതല്‍ നല്‍കുന്ന ബില്ലിലായിരിക്കും അറിയിപ്പുണ്ടാകുക. അറിയിപ്പ് ലഭിച്ചതിനുശേഷം മാത്രം ബള്‍ബിനായി സെക്ഷന്‍ ഓഫീസിനെ സമീപിച്ചാല്‍ മതിയാകും.
വൈദ്യുതി ബില്‍ ഓണ്‍ലൈന്‍ നല്‍കുന്നവര്‍ക്ക് ബള്‍ബുകള്‍ ഓര്‍ഡര്‍ ചെയ്യാന്‍ മാര്‍ച്ച് ഒന്ന് മുതല്‍ ഓണ്‍ലൈന്‍ സംവിധാനമൊരുക്കും. ഇവര്‍ ബള്‍ബുകള്‍ വീട്ടിലെത്തിക്കുന്നതിനുള്ള ഡെലിവറി ചാര്‍ജ് കൂടി നല്‍കണം. മൊത്തം 150 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതി നടപ്പാക്കുന്നതിലൂടെ പ്രതിവര്‍ഷം ഏകദേശം 400 ദശലക്ഷം യൂനിറ്റ് വൈദ്യുതിയുടെ ലാഭവും പീക്ക് സമയത്തെ വൈദ്യുതി ആവശ്യകതയില്‍ ദിവസവും 350 മെഗാവാട്ടിന്റെ കുറവും കെ എസ് ഇ ബി പ്രതീക്ഷിക്കുന്നു.
സാഹിത്യകാരന്‍ നീല പത്മനാഭന് ആദ്യ എല്‍ ഇ ഡി നല്‍കി കെ എസ് ഇ ബി ചെയര്‍മാന്‍ എം ശിവശങ്കര്‍ എല്‍ ഇ ഡി വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. എ പി എല്‍ വിഭാഗത്തെ പ്രതിനിധീകരിച്ച് മോഹന്‍രാജും ബി പി എല്‍ പ്രതിനിധിയായി ശ്യാമളയും ബള്‍ബ് ഏറ്റുവാങ്ങി. കെ എസ് ഇ ബി ലിമിറ്റഡ് ഡയറക്ടര്‍മാരായ സി വി നന്ദന്‍, ഡോ. ഒ അശോകന്‍, കെ വിജയകുമാരി തുടങ്ങിയവര്‍ സംബന്ധിച്ചു.

 

Latest