Connect with us

Kozhikode

ഉയരം കുറഞ്ഞ ഡിവൈഡറുകള്‍ അപകടക്കെണിയാകുന്നു

Published

|

Last Updated

ഫറോക്ക്: ദേശീയപാതയിലെ ഉയരമില്ലാത്ത ഡിവൈഡര്‍ കാരണം അപകടങ്ങള്‍ പതിവാകുന്നു. ഇന്നലെ ഡിവൈഡറില്‍ കയറിയ കാറില്‍ ബൈക്കിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതര പരുക്കേറ്റു. രാത്രി എട്ട് മണിക്കാണ് അപകടം.
കഴിഞ്ഞ ദിവസം ഈ ഡിവൈഡറില്‍ കയറി നിയന്ത്രണം വിട്ട കാര്‍ മറ്റൊരു കാറില്‍ ഇടിച്ച് ഡ്രെയിനേജിലേക്ക് മറിഞ്ഞ് ഇരുകാറുകളും ഭാഗികമായി തകര്‍ന്നിരുന്നു. വ്യാഴാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു അപകടം. കോഴിക്കോട് ഭാഗത്ത് നിന്ന് വരികയായിരുന്ന പെരിന്തല്‍മണ്ണ സ്വദേശികള്‍ സഞ്ചരിച്ച കാര്‍ ഡിവൈഡറില്‍ കയറി തെറിച്ച് നിയന്ത്രണം നഷ്ടപ്പെട്ട് എതിര്‍ ദിശയില്‍ നിര്‍ത്തിയിട്ടിരുന്ന മറ്റൊരു കാറില്‍ ഇടിച്ചു. തുടര്‍ന്ന് ഇരുകാറുകളും സമീപത്തെ ഡ്രെയിനേജിലേക്ക് മറിയുകയായിരുന്നു.
കാറിലുണ്ടായിരുന്നവര്‍ നേരിയ പരുക്കുകളോടെ രക്ഷപ്പെട്ടു. ഈ സമയം ഈ ഡിവൈഡറിന് മുകളിലൂടെ റോഡ് മുറിച്ചുകടക്കുകയായിരുന്ന നാല് പേര്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ഡിവൈഡര്‍ കാണുന്ന തരത്തിലുള്ള മതിയായ വെളിച്ചവും ഇവിടെയില്ല. റോഡില്‍ താഴ്ന്ന് കിടക്കുന്ന ഡിവൈഡറിന്റെ ഇരുവശങ്ങളിലും മുന്നറിയിപ്പ് സൂചക ബോര്‍ഡുകള്‍ സ്ഥാപിക്കാത്തതും മുന്‍ഭാഗത്ത് ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങള്‍ കാരണം ചെറിയ ഡിവൈഡര്‍ പെട്ടെന്ന് ഡ്രൈവറുടെ ശ്രദ്ധയില്‍ പെടാത്തതും അപകടങ്ങള്‍ പെരുകുന്നതിന് കാരണമാകുന്നു. ദേശീയപാതയിലെ ഈ വില്ലന്‍ അപകട ഡിവൈഡര്‍ ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെയും വ്യാപാരികളുടെയും ആവശ്യം.

Latest