Connect with us

Gulf

അപകട സാധ്യതയിലും സഞ്ചാരികള്‍ക്ക് പ്രിയം ജെബല്‍ ജെയ്‌സ്‌

Published

|

Last Updated

റാസല്‍ ഖൈമ: കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയും മഞ്ഞുവീഴ്ചയും വകവെക്കാതെ അവധി ദിനം ആഘോഷമാക്കി മാറ്റാന്‍ റാസല്‍ ഖൈമയിലെ ജബല്‍ ജെയ്‌സില്‍ ഇന്നലെയും എത്തിയത് നിരവധി പേര്‍. സമുദ്ര നിരപ്പില്‍ നിന്ന് 1, 900 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ജബല്‍ ജെയ്‌സ് വിനോദ സഞ്ചാരികളുടെ ഇഷ്ട ഇടമായി മാറിയിട്ടുണ്ടെന്നാണ് ഇത് തെളിയിക്കുന്നത്. പാറക്കല്ലുകള്‍ വെട്ടിത്തുരന്നു നിര്‍മിച്ച മലയിലേക്കുള്ള റോഡ് ആരെയും ആശ്ചര്യപ്പെടുത്തും. ഈ റോഡുകള്‍ മുഴുവനായും മഞ്ഞുപുതച്ചിരിക്കുകയാണ്. അവധി ദിനമായ ഇന്നലെ ഇവിടേക്കുള്ള റോഡുകളില്‍ വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു.
റാസല്‍ ഖൈമ നഗരത്തില്‍ നിന്നു വടക്കുഭാഗത്തായി 30 കിലോമീറ്റര്‍ വടക്കായാണ് ജബല്‍ ജെയ്‌സ്. തണുപ്പുകാലങ്ങളില്‍ മിക്ക ദിവസങ്ങളിലും ഈ പര്‍വത നിരയുടെ മുകളിലെ താപനില പൂജ്യം ഡിഗ്രിയിലെത്തും.
വിവിധ എമിറേറ്റുകളില്‍ നിന്നുള്ള വിനോദസഞ്ചാരികളാണ് കഴിഞ്ഞ ദിവസം ജെയ്‌സ് പര്‍വതം സന്ദര്‍ശിച്ചത്. യാത്ര ദുഷ്‌കരമാക്കാതിരിക്കാന്‍ ശാസ്ത്രീയമായി മഴവെള്ളം നീക്കാനുള്ള സംവിധാനങ്ങളും ഇരു ദിശകളിലേക്കുമുള്ള വഴികളിലൂടെ വാഹനങ്ങള്‍ക്കു സുഗമമായി കടന്നുപോകാന്‍ വഴിവിളക്കുകളും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ വിശ്രമ കേന്ദ്രങ്ങളും ഒരുക്കിയിട്ടുണ്ട്. അപകടകരമായ പര്‍വതഭാഗങ്ങളെ പടുകൂറ്റന്‍ കോണ്‍ക്രീറ്റ് തൂണുകള്‍കൊണ്ടാണ് താങ്ങിനിര്‍ത്തിയിരിക്കുന്നത്.
തിരക്കുള്ള സമയമായതിനാല്‍ കുത്തനെയുള്ള മലമ്പാതകളിലൂടെ വേഗം കുറച്ച് സഞ്ചരിക്കണമെന്ന് സന്ദര്‍ശകര്‍ക്ക് പോലീസ് കര്‍ശന നിര്‍ദേശം നല്‍കിയിരിക്കയാണ്. മലമുകളിലെ ആനന്ദകരമായ ദൂരക്കാഴ്ച കൂടുതല്‍ വിനോദസഞ്ചാരികളെ ഇങ്ങോട്ട് ആകര്‍ഷിക്കുന്നതാണ്.

Latest