Connect with us

Gulf

ദുബൈയിലെ സ്‌കൂളുകളില്‍ ഇനി പഠനോപകരണമായി ടാബുകള്‍

Published

|

Last Updated

അജ്മാന്‍: നോട്ട്ബുക്കും പാഠപുസ്തകങ്ങളും ഇനി പഴങ്കഥ. ദുബൈയിലെ സ്‌കൂളുകളില്‍ ഇനി ടാബുകള്‍ പാഠ്യോപകരണങ്ങളായി മാറുന്നു. ഇതുവരെ ഉപയോഗിച്ചിരുന്ന ലാപ്‌ടോപ്പുകള്‍ പോലും ടാബ്‌ലറ്റുകള്‍ക്ക് വേണ്ടി വഴിമാറുകയാണ്. ദുബൈയിലെ 208 സ്‌കൂളുകളിലാണ് ഇനി എഴുത്തും വായനയും ക്ലാസുമെല്ലാം ടാബുകളുപയോഗിച്ച് സംഘടിപ്പിക്കാനൊരുങ്ങുന്നത്.
മുഹമ്മദ് ബിന്‍ റാശിദ് സ്മാര്‍ട് പ്രോഗ്രാം (എം ബി ആര്‍ എസ് എല്‍ പി) പദ്ധതിയുടെ ഭാഗമായാണ് ദുബൈയിലെ പബ്ലിക് സ്‌കൂളുകളില്‍ വിവരസാങ്കേതികവിദ്യയുടെ സാധ്യതകള്‍ പരമാവധി ഉപയോഗിച്ച് പഠനമൂല്യം വര്‍ധിപ്പിക്കാനൊരുങ്ങുന്നത്.
ആദ്യ ഘട്ടത്തില്‍ പത്താം ക്ലാസിലെ കുട്ടികള്‍ക്കാണ് ടാബുകള്‍ വിതരണം ചെയ്യുന്നത്. പന്ത്രണ്ട് ഇഞ്ച് വലിപ്പമുള്ള ടാബില്‍ മൈക്രോസോഫ്റ്റ് 365 എന്ന പാക്കേജ് ആണ് ഇന്‍സ്റ്റാള്‍ ചെയ്യുക. 208 സ്‌കൂളുകളിലേക്കായി 10,000 ടാബുകളാണ് വിതരണം ചെയ്യുന്നത്. ടാബുകളെ മേശയില്‍ ഘടിപ്പിക്കുന്നതിനുള്ള കിക്ക് സ്റ്റാന്റും എഴുതാനും വേഗത്തില്‍ ക്ലിക്ക് ചെയ്യാന്‍ സൗകര്യമൊരുക്കുന്ന പ്രോ പെന്നും ടാബുകളോടൊപ്പം നല്‍കും.
ടാബുകള്‍ പാഠ്യ ഉപകരണമാകുന്നതോടെ വിദ്യാര്‍ഥികള്‍ക്ക് അധ്യാപകരെ സ്‌കൂള്‍ കഴിഞ്ഞുള്ള സമയത്തും സംശയനിവാരണത്തിനും മറ്റു ആശയ കൈമാറ്റത്തിനും സാധ്യമാകുമെന്നാണ് ടാബുകള്‍ വിതരണം ചെയ്യുന്ന മൈക്രോസോഫ്റ്റ് ഉദ്യോഗസ്ഥരുടെ അഭിപ്രായം. സ്മാര്‍ട് ബോര്‍ഡ്, അധ്യാപകര്‍ക്കുള്ള സ്മാര്‍ട് ഉപകരണങ്ങള്‍ തുടങ്ങിയവയുടെ വിതരണവും ഇതോടൊപ്പമുണ്ടാകും.

Latest