Connect with us

Gulf

ജീവിക്കാന്‍ മജ്ജ ചോദിച്ച് പതിമൂന്നുകാരിയുടെ ട്വീറ്റ്

Published

|

Last Updated

ദോഹ: രക്താര്‍ബുദത്തിന്റെ വേദനകളില്‍ അമരുന്ന പതിമൂന്നുകാരി സാറ അല്‍ ശൈഖ് കാരുണ്യത്തിനായി കാത്തിരിക്കുന്നു. രണ്ടു വര്‍ഷം മുമ്പ് രോഗ ലക്ഷണം കണ്ടെത്തിയ സാറയ്ക്ക് കീമോ തെറാപ്പി നല്‍കുന്നുണ്ടെങ്കിലും രോഗം വഷളായതിനെത്തുടര്‍ന്നാണ് അനുയോജ്യമായ കോശത്തിനായി കാത്തിരിക്കുന്നത്. തനിക്ക് അടിയന്തരമായി മജ്ജ ആവശ്യമുണ്ടെന്ന് സാറയുടെ ട്വിറ്റര്‍ പേജിലെ ട്വീറ്റിനോട് നൂറു കണക്കിനാളുകള്‍ പ്രതികരിച്ചു. അവര്‍ പ്രാര്‍ഥനകളും സുഖവും ആശംസിച്ചു.
മജ്ജ മാറ്റിവെക്കല്‍ ശസ്ത്രിക്രിയയിയലൂടെ മാത്രമേ കുഞ്ഞു സാറയ്ക്ക് ജീവിതത്തിലേക്കു ഇനി തിരിച്ചു വരാനുള്ള പ്രതീക്ഷ പുലര്‍ത്താനാകൂ എന്നാണ് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. ഇതിനായി വിത്തുകോശ ദാതാക്കളെ തേടുകയാണ് ഹമദ് മെഡിക്കല്‍ കോര്‍പറേഷനില്‍ മുതര്‍ന്ന ഡോക്ടറായ പിതാവ് ലുവ അല്‍ ശൈഖ്.
കൂടുതല്‍ പേര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് അനുസരിച്ച് ട്രാന്‍സ്പ്ലാന്റിന് കാത്തിരിക്കുന്നവര്‍ക്ക് യോജിച്ച ഒരാളെ കണ്ടെത്താന്‍ എളുപ്പമാവുമെന്ന് ബി ബി സിയുമായി സംസാരിക്കവേ അദ്ദേഹം പറഞ്ഞു. നിലവില്‍ സാറ ബ്രിട്ടനിലെ ആശുപത്രിയില്‍ കീമോതെറാപ്പിക്ക് വിധേയയാവുകയാണ്. മകള്‍ക്ക് നല്ല ആത്മവിശ്വാസമുണ്ടെന്ന് ശൈഖ് പറഞ്ഞു.
ട്വിറ്ററില്‍ ദാതാക്കളെ തേടിയുള്ള അഭ്യര്‍ഥനക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ പോസ്റ്റിന് 12,000ലധികം ഷെയറുകള്‍ ലഭിച്ചു. സഹായിക്കാന്‍ താത്പര്യമുള്ളവരില്‍ നിന്ന് ദാതാക്കളെ കണ്ടെത്തുന്നതിന് ഇന്നും നാളെയും എച്ച് എം സിയിലെ ബ്ലഡ് ഡോണര്‍ യൂനിറ്റില്‍ രാവിലെ ഒമ്പതു മുതല്‍ ഉച്ചക്ക് രണ്ടു വരെ സ്‌ക്രീനിംഗ് സംഘടിപ്പിച്ചിട്ടുണ്ട്.
സാറ ബ്രിട്ടീഷ്, അറബിക് വംശപരമ്പരയില്‍ പെടുന്നതിനാല്‍ അത്തരക്കാര്‍ക്കാണ് മുന്‍ഗണനയെന്ന് എച്ച് എം സി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ അറിയിച്ചു. എന്നാല്‍, മറ്റു പാരമ്പര്യത്തില്‍പ്പെട്ടവരുടേതും ചിലപ്പോള്‍ യോജിക്കാറുണ്ടെന്നതിനാല്‍ ഏത് പശ്ചാത്തലത്തില്‍പ്പെട്ടവര്‍ക്കും സ്‌ക്രീനിംഗിന് വിധേയമാകാം. രക്ത സാമ്പിള്‍ ഉപയോഗിച്ചാണ് യോജിച്ച ദാതാവിനെ കണ്ടെത്തുക. ഒപ്പം ചില പ്രാഥമിക പരിശോധനകളും നടത്തും.