Connect with us

Editorial

ലോധ കമ്മീഷനെ ബി സി സി ഐ മാനിക്കണം

Published

|

Last Updated

ബി സി സി ഐയില്‍ സമൂല മാറ്റം നിര്‍ദേശിക്കുന്ന ലോധ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ തീരുമാനിച്ചിരിക്കയാണ് വെള്ളിയാഴ്ച മുംബൈയില്‍ ചേര്‍ന്ന ബി സി സി ഐ യോഗം. ലോധ കമ്മിറ്റി റിപ്പോര്‍ട്ട് അപ്രായോഗികമാണെന്നാണ് യോഗത്തിന്റെ വിലയിരുത്തല്‍. റിപ്പോര്‍ട്ട് പൂര്‍ണമായി നടപ്പാക്കാനും ഇതുസംബന്ധിച്ചു മാര്‍ച്ച് മൂന്നിനകം പ്രതികരണം അറിയിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. ബി സി സി ഐയുടെ പ്രവര്‍ത്തനങ്ങളും സുതാര്യമായ രീതിയിലേക്ക് മാറ്റുകയാണ് ലക്ഷ്യമെന്നും കോടതി ഉണര്‍ത്തുകയുണ്ടായി. എന്നാല്‍ കോടതി നീക്കത്തോട് ക്രിയാത്മകമായി പ്രതികരിക്കുന്നതിന് പകരം അതിനെ തടയിടാനാണ് ബി സി സി ഐ ശ്രമം.
ഐ പി എല്‍ ഒത്തുകളി വിവാദവും അഴിമതി ആരോപണങ്ങളും ഉയര്‍ന്നു വന്ന സാഹചര്യത്തില്‍ 2015ല്‍ സുപ്രീം കോടതിയാണ് ലോധ കമ്മീഷനെ നിയമിച്ചത്. ജസ്റ്റിസ് ലോധക്ക് പുറമെ ജസ്റ്റിസുമാരായ അശോക്ഭന്‍, ആര്‍ വി രവീന്ദ്രന്‍ എന്നിവരടങ്ങുന്നതാണ് കമ്മീഷന്‍. മുന്‍ ക്യാപ്റ്റന്മാരായ ബിഷന്‍ സിംഗ് ബേദി, കപില്‍ദേവ്, സൗരവ് ഗാംഗുലി, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, അനില്‍ കുംബ്ലെ എന്നിവരില്‍ നിന്നും ബി സി സി ഐ മുന്‍ ഭാരവാഹികളില്‍ നിന്നും തെളിവെടുത്ത ശേഷം ബി സി സി ഐയുടെ സമഗ്ര പരിഷ്‌കരണം ലക്ഷ്യമാക്കിയുള്ള ശിപാര്‍ശകളാണ് കമ്മിറ്റി സമര്‍പ്പിച്ചത്. സജീവ രാഷ്ട്രീയക്കാരും എഴുപത് വയസ്സ് കഴിഞ്ഞവരും ഭരണ സമിതി അംഗങ്ങളാകരുത്, ഒരു സംസ്ഥാനത്ത് നിന്ന് ഒന്നിലധികം അസോസിയേഷനുകള്‍ക്ക് അനുമതി നല്‍കരുത്, ആരോപണ വിധേയര്‍ ഭാരവാഹി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് വിലക്കണം, ഭാരവാഹിത്വത്തില്‍ തുടരുന്നതിന് സമയ പരിധി വേണം, ഐ പി എല്ലിനും ബി സി സി ഐക്കും വ്യത്യസ്ത ഭരണ സമിതികള്‍ആകണം, ക്രിക്കറ്റ് ബോര്‍ഡിനെ വിവരാവകാശ നിയമത്തിന്‍ കീഴില്‍ കൊണ്ടു വരണം, വാതുവെപ്പ് നിയമവിധേയമാക്കണം, ബി സി സി ഐയില്‍ ഒരു സി ഇ ഒ തസ്തിക സൃഷ്ടിക്കണം തുടങ്ങിവയായിരുന്നു നിര്‍ദേശങ്ങള്‍. ഐ പി എല്‍ ഭരണ സമിതിയില്‍ സമഗ്ര പൊളിച്ചെഴുത്ത് വേണമെന്നും കമ്മീഷന്‍ ശിപാര്‍ശ ചെയ്യുന്നു. ഒമ്പതംഗ ഗവേണിംഗ് കൗണ്‍സിലിനായിരിക്കും ഐ പി എല്ലിന്റെ ഭരണ ചുമതല. സാമ്പത്തിക കാര്യങ്ങളുടെ ചുമതലയും ഈ കൗണ്‍സിലിനായിരിക്കും.
ഇന്ത്യന്‍ ക്രിക്കറ്റ് അസോസിയേഷനുകള്‍ ഭരിക്കുന്നത് രാഷ്ട്രീയക്കാരും വന്‍കിട ബിസിനസ്സുകാരുമാണ്. ഇവരില്‍ പലരും ക്രിമിനല്‍ പശ്ചാത്തലമുള്ളവരുമാണ്. കളിയുടെ വളര്‍ച്ചയിലുപരി സാമ്പത്തിക താത്പര്യമാണ് അവരെ നയിക്കുന്നത്. ലോധ കമ്മിറ്റി റിപ്പോര്‍ട്ട് പ്രാബല്യത്തിലായാല്‍ തങ്ങള്‍ക്ക് അവസരം നഷ്ടപ്പെടുമെന്നതും സാമ്പത്തിക താത്പര്യങ്ങളുമാണ് അതിനെ എതിര്‍ക്കാനുള്ള തീരുമാനത്തിന് പിന്നില്‍. പരസ്യങ്ങള്‍ക്ക് കര്‍ശന നിയന്തണമേര്‍പ്പെടുത്തണമെന്ന് ലോധ കമ്മിറ്റി ശിപാര്‍ശയിലുണ്ട്. നിലവില്‍ ഓരോ ഓവറുകള്‍ക്കിടയിലും പരസ്യം സംപ്രേഷണം ചെയ്യുന്നുണ്ട്. ഇതടിസ്ഥാനത്തില്‍ സ്റ്റാര്‍ ടി വി ഓരോ മത്സരത്തിനും ബി സി സി ഐക്ക് 45 കോടി രൂപ നല്‍കി വരുന്നുണ്ട്. ലോധ കമ്മിറ്റി നിര്‍ദേശിച്ച നിബന്ധനകളേര്‍പ്പെടുത്തിയാല്‍ ലഞ്ച്, ഡ്രിംഗ്‌സ് ഇടവേകളില്‍ മാത്രമേ പരസ്യ സംപ്രേഷണം നടക്കുകയുള്ളൂ. ഇതോടെ ഒരു മത്സരത്തിന് ലഭിക്കുന്ന വരുമാനം പത്ത് കോടിയായി ചുരുങ്ങും.
കളിക്കുള്ള സംപ്രേഷണാധികാരം വില്‍ക്കുന്നതില്‍ വന്‍ അഴിമതിയാണ് അരങ്ങേറുന്നത്. ഐ പി എല്‍ കളി പ്രക്ഷേപണം ചെയ്ത മള്‍ട്ടി സ്‌ക്രീന്‍ മീഡിയക്ക് ഇതുവഴി ലഭിച്ച 125 കോടിയില്‍ നല്ലൊരു പങ്ക് ഐ പി എല്‍ ചെയര്‍മാനായിരുന്ന ലളിത് മോദിക്കും രാഷട്രീയ രംഗത്തെ ചില വമ്പന്മാര്‍ക്കും നല്‍കിയതായി ചാനല്‍ ഉടമസ്ഥരായ വേള്‍ഡ് സ്‌പോര്‍ട്‌സ് ഗ്രൂപ്പ് വെളിപ്പെടുത്തിയതാണ്. ആദായ നികുതി വകുപ്പിന്റെ ചോദ്യം ചെയ്യലിനിടെ വേള്‍ഡ് സ്‌പോര്‍ട്‌സ് ഗ്രൂപ്പിന്റെ ഇന്ത്യന്‍ മേധാവിയും മലയാളിയുമായ വേണു നായരാണ് ഇക്കാര്യം അറിയിച്ചത്. മറ്റു കളികളുടെ സംപ്രേഷണാധികാരം വിറ്റതിലും ഇത്തരം ശതകോടികളുടെ വെട്ടിപ്പുകളും തട്ടിപ്പുകളും ഒളിഞ്ഞു കിടപ്പുണ്ടാകും. ഇതു കൊണ്ടാണ് ഒരിക്കല്‍ ബി സി സി ഐയുടെയോ ഐ പി എല്ലിന്റെയോ തലപ്പത്ത് എത്തിപ്പെട്ടവരെല്ലാം പിന്നീട് ആ പദവി ഉപേക്ഷിക്കാന്‍ വിമുഖത കാണിക്കുന്നത്. വാതുവെപ്പ് കേസ്, നിശാക്ലബ്ബുകള്‍, ചിയര്‍ ഗേള്‍സ് എന്നിങ്ങനെ ഐ പി എല്ലുമായി ബന്ധപ്പെട്ട എന്തെല്ലാം നാറുന്ന കഥകളാണ് പുറത്തു വന്നത്.
രാജ്യത്തെ കോടിക്കണക്കിനാളുകളുടെ ഇഷ്ട വിനോദമായ ക്രിക്കറ്റ് ഇന്ന് ചില കോര്‍പറേറ്റ് പ്രമുഖരും രാഷ്ട്രീയമേലാളന്മാരും ചേര്‍ന്ന് ചൂതാട്ടമാക്കി മാറ്റിയിരിക്കയാണ്. ശതകോടികളാണ് ഐ പി ല്ലിന്റെ പിന്നാമ്പുറങ്ങളിലൂടെ ഇവര്‍ അനധികൃതമായി സമ്പാദിക്കുന്നത്. ഇന്ത്യയിലെയും വിദേശത്തെയും കോര്‍പറേറ്റ് ഭീമന്മാരാണ് ക്രിക്കറ്റിന് വേണ്ടി വന്‍തുക മുടക്കുന്നത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നയിച്ച മുംബൈ ഇന്ത്യന്‍സ് എന്ന ഐ പി എല്‍ ടീമിനെ സൃഷ്ടിക്കാന്‍ റിലയന്‍സും കൂട്ടുകാരും ചെലവിട്ടത് 111. 9 മില്യന്‍ ഡോളറായിരുന്നു. വിരാട് കോഹ്‌ലിയുടെ നേതൃത്വത്തില്‍ റോയല്‍ ചലഞ്ചേഴ്‌സിനെ ഒരുക്കാന്‍ മദ്യരാജാവ് വിജയ്മല്യ വാരിയെറിഞ്ഞത് 111.6 മില്യന്‍ ഡോളറാണ്. ക്രിക്കറ്റിനോടുള്ള സ്‌നേഹമായിരുന്നില്ല, കച്ചവടക്കണ്ണാണ് ഇവരെയെല്ലാം നയിക്കുന്നത്. ഐ പി എല്ലിലെ നാറിയ കഥകളുടെ പിന്നാമ്പുറവും ഇതായിരുന്നു. ഇത്തരക്കാരുടെ കൈകളില്‍ നിന്ന് ക്രിക്കറ്റിനെ രക്ഷിക്കാനാണ് സുപ്രീം കോടതി ലോധ കമ്മീഷനെ നിയമിച്ചത്. കോടതിയുടെ ഈ നീക്കം അട്ടമറിക്കാനാണിപ്പോള്‍ ബി സി സി ഐ ശ്രമം.

---- facebook comment plugin here -----

Latest