Connect with us

Articles

കൊറിയയില്‍ യുദ്ധമുണ്ടാകുമോ?

Published

|

Last Updated

രഹസ്യങ്ങളുടെ കലവറയാണ് ഉത്തര കൊറിയ. അവിടെ എന്ത് നടക്കുന്നുവെന്ന് ആര്‍ക്കും ഒരു തിട്ടവുമില്ല. ഹൈഡ്രജന്‍ ബോംബുണ്ടാക്കിയെന്ന് അവര്‍ പറയുന്നു. സ്ഥിരീകരണമില്ല. ദീര്‍ഘദൂര റോക്കറ്റ് സംവിധാനം പരീക്ഷിച്ചുവെന്ന് വാര്‍ത്തയുണ്ട്. ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചുവെന്നും ഇനിയും വിക്ഷേപിക്കുന്നുവെന്നും കേള്‍ക്കുന്നു. സ്വന്തം സൈനിക മേധാവിയെ കൊല്ലാന്‍ നവ യൗവനത്തിലേക്ക് പ്രവേശിച്ച ഭരണാധികാരി കിം ജോംഗ് ഉന്‍ ഉത്തരവിട്ടെന്നും നടപ്പാക്കിയെന്നും റിപ്പോര്‍ട്ടുണ്ട്. ഇപ്പറഞ്ഞതിനൊന്നിനും പക്ഷെ ഒരുറപ്പുമില്ല. ഒരു പൊതു ഏജന്‍സിയും പരിശോധനക്ക് വിധേയമാക്കിയിട്ടില്ല. പൊതുവേ കമ്യൂണിസ്റ്റ് രാഷ്ട്രങ്ങള്‍ക്കുള്ള ഇരുമ്പു മറ ഇവിടെ കാറ്റുകടക്കാത്തത്ര അടച്ചുറപ്പുള്ളതാണ്. ഭരിക്കുന്നത് കൊറിയന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയാണെന്ന് വേണമെങ്കില്‍ പറയാം. പക്ഷേ, രാജ വംശം മാതൃകയിലാണ് നേതൃസ്ഥാനം വരുന്നത്. അച്ഛന്‍ മരിച്ചാല്‍ മകന് സ്ഥാനം കൈവരുന്നു.
അവിടുത്തെ കാര്യങ്ങള്‍ ദക്ഷിണ കൊറിയന്‍ വാര്‍ത്താ ഏജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്യാറുള്ളത്. ചാരപ്പണിയിലൂടെ കണ്ടെത്തുന്ന ഊഹങ്ങള്‍ മാത്രമാണ് ഈ വാര്‍ത്തകള്‍. ഉത്തര കൊറിയക്കെതിരെ യു എന്നടക്കമുള്ളവര്‍ പ്രഖ്യാപിച്ചിട്ടുള്ള ഉപരോധങ്ങള്‍ മിക്കവയും ഇത്തരം അന്യോപദേശങ്ങളുടെ അടിസ്ഥാനത്തിലാണ്. ഉത്തര കൊറിയയില്‍ ചെന്ന് കാര്യങ്ങള്‍ സ്ഥിരീകരിക്കാന്‍ ആരും മെനക്കെടാറില്ല. അമേരിക്കയുടെ ശത്രു പട്ടികയില്‍ മുന്‍നിരയിലാണ് ഉ. കൊറിയ. “തിന്‍മയുടെ അച്ചു തണ്ടാ”യി മുദ്ര ചാര്‍ത്തിയിരിക്കുന്നു. (പണ്ട് ഇറാനും ഈ അച്ചു തണ്ടില്‍പ്പെട്ടിരുന്നു) ചരിത്രപരമായി തന്നെ അവിടുത്തെ ഭരണാധികാരികള്‍ അമേരിക്കയെ ശത്രുവായാണ് കാണുന്നത്. ആയുധങ്ങള്‍ നിര്‍മിച്ചുവെന്ന് എപ്പോഴൊക്കെ അവര്‍ ലോകത്തോട് പറഞ്ഞിട്ടുണ്ടോ അപ്പോഴൊക്കെ അവര്‍ അവകാശപ്പെടാറുള്ളത് ഒരേ കാര്യമാണ്: “പ്രധാന അമേരിക്കന്‍ നഗരങ്ങള്‍ ചുട്ടു ചാമ്പലാക്കാന്‍ ശേഷിയുണ്ട് ഈ ആയുധ സന്നാഹത്തിന്”.
ഉത്തര കൊറിയയിലെ ജനങ്ങള്‍ മനുഷ്യാവകാശങ്ങള്‍ നിഷേധിക്കപ്പെട്ടവരും ദരിദ്രരും അതൃപ്തരും അഭിപ്രായ സ്വാതന്ത്ര്യമില്ലാത്തവരുമാണെന്ന തീര്‍പ്പിലെത്താവുന്ന തെളിവുകള്‍ എമ്പാടുമുണ്ട്. എന്നാല്‍ അതേ ജനങ്ങള്‍ തങ്ങളുടെ ഭരണാധികാരികളെ അസ്ഥികൊണ്ടും ചോര കൊണ്ടും സ്‌നേഹിക്കുന്നുവെന്നതിനും തെളിവുകളുണ്ട്. ഇപ്പോഴത്തെ ഭരണാധികാരി കിം ജോംഗ് ഉന്നിന്റെ പിതാവ് കിം ജോംഗ് ഇല്‍ മരിച്ചപ്പോള്‍ തെരുവില്‍ അലമുറയിട്ട് കരയുന്ന ജനക്കൂട്ടത്തിന്റെ ചിത്രം പത്ര മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. ലോക ചരിത്രത്തിലെ ഏറ്റവും വലിയ വിലാപമായിരുന്നുവത്രേ ഇത്. ഈ വിലാപം ആത്മാര്‍ഥം തന്നെയാണോ എന്നതില്‍ കൂലങ്കഷമായ വിശകലനങ്ങള്‍ നടന്നിരുന്നു. ഭരണാധികാരികള്‍ വളരെ വിരളമായേ പൊതു വേദിയില്‍ പ്രത്യക്ഷപ്പെടൂ. അങ്ങനെ പ്രത്യക്ഷപ്പെടുമ്പോള്‍ ആഘോഷമാണത്രേ ജനങ്ങള്‍ക്ക്. ഇപ്പോഴത്തെ പയ്യന്‍ ഭരണാധികാരിയെയും ജനം അകമഴിഞ്ഞ് സ്‌നേഹിക്കുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. ഒരു കാര്യം സത്യമാണ്. അമേരിക്കയോടുള്ള ശത്രുത. ദക്ഷിണ കൊറിയയോട് പോലും അവര്‍ക്ക് ഇത്ര ശത്രുതയില്ല. രാജ്യത്തെ വിഭജിച്ചത് അമേരിക്കയാണെന്ന് അവര്‍ വിശ്വസിക്കുന്നു. ഈ വിശ്വാസത്തിന് ചരിത്രത്തിന്റെ പിന്‍ബലമുണ്ട്.
1945ല്‍ രണ്ടാം ലോകമഹായുദ്ധത്തിന് അന്ത്യം കുറിച്ചതോടെ കൊറിയന്‍ ഉപദ്വീപിലെ ജപ്പാനീസ് വാഴ്ച അവസാനിച്ചു. ഉത്തര ഭാഗം സോവിയറ്റ് അധീനതയിലേക്കും ദക്ഷിണ ഭാഗം യു എസ് നിയന്ത്രണത്തിലേക്കും നീങ്ങി. സോവിയറ്റ് ഒത്താശയോടെ ഉത്തര കൊറിയന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അഥവാ കൊറിയന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ വടക്കന്‍ ഭാഗത്ത് സര്‍ക്കാര്‍ രൂപവത്കരിച്ചു. ചുവപ്പന്‍ സേനയുടെ മേധാവിയായിരുന്ന കിം ഇല്‍ സംഗ് രാഷ്ട്രത്തിന്റെ നേതൃസ്ഥാനം ഏറ്റെടുത്തു. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കൊറിയ എന്ന പേരില്‍ നിലവില്‍ വന്ന രാജ്യത്തിന്റെ ഭൂപടത്തില്‍ ദക്ഷിണ കൊറിയയും ഉണ്ടായിരുന്നു. എല്ലാം ശുഭമായി കലാശിച്ചെന്ന സംതൃപ്തിയോടെ സോവിയറ്റ് സേന കൊറിയന്‍ ഉപദ്വീപില്‍ നിന്ന് മടങ്ങി. എന്നാല്‍ ഒന്നും അവസാനിക്കുകയായിരുന്നില്ല. തുടങ്ങുകയായിരുന്നു. അമേരിക്കന്‍ പിന്തുണയുടെ ആത്മബലത്തില്‍ ദക്ഷിണ കൊറിയ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. അതോടെ 1950ല്‍ കൊറിയന്‍ യുദ്ധം ആരംഭിച്ചു. യുദ്ധം തുടങ്ങിയത് ഉത്തര കൊറിയയാണെന്ന് സാങ്കേതികമായി പറയാമെങ്കിലും അമേരിക്കയുടെ കൈകള്‍ ആ യുദ്ധത്തിന് പിന്നിലുണ്ടായിരുന്നു. അത്‌കൊണ്ട് വന്‍ ശക്തികള്‍ യു എന്നിന്റെ മാധ്യസ്ഥ്യത്തില്‍ ഒരു താത്കാലിക വെടിനിര്‍ത്തല്‍ ഉണ്ടാക്കി. പക്ഷേ, സമാധാന കരാര്‍ ഉണ്ടായില്ല. സാങ്കേതികമായി യുദ്ധാവസ്ഥ അവസാനിച്ചിട്ടില്ല. ഇവിടെ ഒരു കാര്യം വ്യക്തമാകും. ഒന്നിച്ച് നില്‍ക്കേണ്ട ഒരു ഭൂവിഭാഗത്തെ സാമ്രാജ്യത്വ ശക്തികളുടെ ഭൗമ രാഷ്ട്രീയ തന്ത്രങ്ങള്‍ പിളര്‍ത്തുകയാണുണ്ടായത്. അതില്‍ പ്രധാന പങ്ക് വഹിച്ചത് അമേരിക്കയും സോവിയറ്റ് റഷ്യയും തന്നെയാണ്. ഇന്ന് സോവിയറ്റ് റഷ്യയില്ല. പഴയ പോലുള്ള ശീതസമരവുമില്ല. അത്‌കൊണ്ട് ഉത്തര കൊറിയക്ക് റഷ്യന്‍ ചേരിയുടെ രക്ഷാ കര്‍തൃത്വവുമില്ല. ഉള്ളത് ചൈനയുടെ ഇത്തിരി അനുഭാവം മാത്രമാണ്. അതാകട്ടേ ഗോപ്യവും. ക്രൂരമായ ഉപരോധങ്ങളാണ് അവര്‍ അനുഭവിക്കുന്നത്. യു എന്നും യു എസും ചേര്‍ന്ന് പുതിയ ഉപരോധങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നു. ഇനിയും ഉപരോധം വരുമത്രേ. ദക്ഷിണ കൊറിയയുടെ കാര്യം നേരെ മറിച്ചാണ്. അവര്‍ക്ക് അമേരിക്കയടക്കമുള്ള വന്‍ ശക്തികളുടെ സമ്പൂര്‍ണ പിന്തുണയുണ്ട്. യു എന്നിന്റെ സംരക്ഷണവുമുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഉത്തര കൊറിയയിലെ അമേരിക്കന്‍ ശത്രുത ജ്വലിച്ച് നില്‍ക്കുന്നത്.
ദക്ഷിണ- ഉത്തര കൊറിയയുടെ അതിര്‍ത്തികള്‍ അപ്രസക്തമാക്കുന്ന സൗഹൃദം ഈ രണ്ട് രാജ്യങ്ങളിലേയും ജനതകള്‍ തമ്മില്‍ എക്കാലത്തും ഉണ്ടായിട്ടുണ്ട്. 1971ല്‍ ആദ്യമായും പിന്നീട് പലതവണയും ഏകീകരണത്തിനായുള്ള സംയുക്ത പ്രസ്താവനകള്‍ പിറന്നിരുന്നു. ഇരു കൊറിയകളും തമ്മിലുള്ള സഹകരണത്തിന്റെ ഉദാത്ത മാതൃകയെന്ന് വിശേഷിപ്പിക്കാവുന്ന ഒന്നാണ് കെയ്‌സൂംഗ് വ്യവസായ പാര്‍ക്ക്. ഇത് ഇരു കൊറിയകളുടെയും സംയുക്ത ഉടമസ്ഥതയിലുള്ളതാണ്. സാധാരണ തൊഴിലാളികള്‍ അടക്കം 52,000 ദക്ഷിണ കൊറിയക്കാര്‍ ഈ വ്യവസായ പാര്‍ക്കില്‍ ഉണ്ടെന്നാണ് കണക്ക്. ഏതാണ്ട് അത്രതന്നെ ഉത്തര കൊറിയക്കാരുമുണ്ട്. ഇരു കൊറിയകള്‍ക്കും കോടി കണക്കിന് ഡോളര്‍ നേട്ടമുണ്ടാക്കുന്ന സംരംഭമാണ് കെയ്‌സൂംഗ് വ്യവസായ പാര്‍ക്ക്. ആഘോഷ വേളകളില്‍ ബന്ധുമിത്രാദികളെ കുത്തി നിറച്ച് വാഹനങ്ങള്‍ അതിര്‍ത്തികള്‍ കീറി മുറിച്ചു കൊണ്ടിരിക്കും. ഒത്തു ചേരലിന്റെ ഊഷ്മളമായ മുഹൂര്‍ത്തങ്ങള്‍ കൊണ്ട് സമ്പന്നമായിരിക്കും ഈ യാത്രകള്‍. ഇങ്ങനെയൊക്കെയായിട്ടും ഈ രണ്ട് രാജ്യങ്ങള്‍ക്കുമിടയില്‍ പോര്‍ വിളികള്‍ ഉയരുന്നത് എന്ത്‌കൊണ്ട് എന്നാണ് ചോദ്യമെങ്കില്‍ മറു ചോദ്യമാണ് ഉത്തരം: ഇന്ത്യയും പാക്കിസ്ഥാനും എങ്ങനെ “ബദ്ധവൈരികളായി”?
ഇരു കൊറിയകള്‍ക്കുമിടയില്‍ ഇപ്പോഴും പുനരേകീകരണ വകുപ്പ് ഉണ്ടെന്ന് ഓര്‍ക്കണം. കെയ്‌സൂംഗ് വ്യവസായ പാര്‍ക്ക് മാത്രം മതി ഈ രാജ്യങ്ങള്‍ക്കിടയില്‍ ശാശ്വത സമാധാനത്തിന്റെ സാധ്യത തിരിച്ചറിയാന്‍. പക്ഷേ അമേരിക്ക അനുവദിക്കില്ല. മേഖലയിലെ സ്വാര്‍ഥ താത്പര്യങ്ങള്‍ക്കായി കൊറിയന്‍ സംഘര്‍ഷം അണയാതെ സൂക്ഷിക്കുകയാണ് അവര്‍. ഉത്തര കൊറിയയിലെയും ദക്ഷിണ കൊറിയയിലെയും ഭരണാധികാരികളും സംഘര്‍ഷാവസ്ഥ ആഗ്രഹിക്കുന്നു. അവരുടെ കഴവുകേട് മറച്ചുപിടിക്കാന്‍ കാലാകാലങ്ങളില്‍ അവര്‍ക്ക് യുദ്ധസമാനമായ അന്തരീക്ഷം വേണം. ഇതാ യുദ്ധം വരുന്നേ എന്ന് ആക്രോശിച്ച് ജനങ്ങളെ പറ്റിക്കുകയാണ് അവര്‍.
ഇത്തവണ യുദ്ധ പ്രഖ്യാപനം നടത്തിയിരിക്കുന്നത് ഉത്തര കൊറിയന്‍ നേതാവ് കിം ജോംഗ് ഉന്നാണ്. അതിന് പശ്ചാത്തലമൊരുക്കിയത് ഹൈഡ്രജന്‍ ബോംബ് പരീക്ഷണം, ഭൂഖണ്ഡാന്തര മിസൈല്‍ പരീക്ഷണം, അതിര്‍ത്തിയിലെ സൈനിക വിന്യാസം, കെയ്‌സൂംഗ് വ്യവസായ പാര്‍ക്ക് അടച്ചു പൂട്ടല്‍ തുടങ്ങിയ എടുത്തു ചാട്ടങ്ങള്‍ വഴിയാണ്. മനഃശാസ്ത്ര യുദ്ധത്തില്‍ ഒട്ടും പിറകില്‍ പോകാത്തവിധം ഭീഷണികളും മുന്നറിയിപ്പുകളും ആണവ പരീക്ഷണം അടക്കമുള്ളവയുടെ വാര്‍ത്തകളും നിരന്തരം പുറത്തുവിടാന്‍ അവര്‍ ശ്രദ്ധിക്കുന്നു. കൗമാരം വിട്ട് നവയൗവനത്തിലേക്ക് കാലെടുത്തുവെക്കുന്ന കിം ജോംഗ് ഉന്‍ ചുറ്റുമുള്ളവര്‍ നല്‍കുന്ന ആത്മവിശ്വാസത്തിലാണ് കാലൂന്നി നില്‍ക്കുന്നത്. ആ നില്‍പ്പിലും ഉന്‍ നടത്തുന്ന പ്രഖ്യാപനങ്ങള്‍ ആഭ്യന്തരമായി ആവേശമുണര്‍ത്തുന്നു. അവ അന്താരാഷ്ട്രീയമായ സമ്മര്‍ദ തന്ത്രത്തിന് ഉപയുക്തമാകുകയും ചെയ്യുന്നു.
അമേരിക്കയും വെറുതെ ഇരിക്കുന്നില്ല. പെസഫിക് മേഖലയില്‍ ആണവ വാഹകശേഷിയുള്ള ബി-2 രഹസ്യപോര്‍വിമാനങ്ങള്‍, ബി-52, എഫ് -22യുദ്ധവിമാനങ്ങള്‍ തുടങ്ങിയവ വിന്യസിക്കുകയാണ് അമേരിക്ക. യു എസ് സ്റ്റെല്‍ത്ത് (അദൃശ്യ) വിമാനങ്ങള്‍ ദ. കൊറിയയില്‍ എത്തിച്ചു കഴിഞ്ഞു. യുദ്ധത്തിന് ഒരുക്കമെന്ന് പ്രഖ്യാപിക്കുന്നത് യു എസ് പ്രതിരോധ സെക്രട്ടറിയാണ്. ദക്ഷിണ കൊറിയന്‍ വിദേശകാര്യ മന്ത്രിയുമായി യു എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി ചര്‍ച്ച നടത്തുന്നു. ജപ്പാന്‍ സന്ദര്‍ശിച്ച് കരുതിയിരിക്കാന്‍ പറയുന്നു. മിസൈല്‍ കവച സന്നാഹമൊരുക്കാനാണ് അടുത്ത പരിപാടി.
ഉ. കൊറിയയെക്കുറിച്ച് അമേരിക്ക പ്രചരിപ്പിക്കുന്ന ഭീതി ശുദ്ധ കള്ളത്തരമാണ്. ലോക പോലീസിന് നന്നായറിയാം കൊറിയയുടെ കൈയില്‍ കാര്യമായൊന്നുമില്ലെന്ന്. എന്നിട്ടും അവര്‍ ഒച്ചയുണ്ടാക്കുന്നതും മേഖലയില്‍ സൈനിക സന്നാഹമൊരുക്കുന്നതും വേറെ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടാണ്. ചൈനയോടുള്ള നിഴല്‍ യുദ്ധമാണ് ഇത്. ചൈനയാണ് ഉത്തര കൊറിയയെ നിലക്ക് നിര്‍ത്തേണ്ടത്, ചൈന ഉത്തരവാദിത്വം നിര്‍വഹിക്കണം എന്നൊക്കെ ഇടക്കിടക്ക് പറയുന്നത് ഈ തന്ത്രത്തിന്റെ ഭാഗമാണ്. ബ്രിക്‌സ് അടക്കമുള്ള സംവിധാനങ്ങളിലൂടെയും ചട്ടക്കൂടുകളൊന്നുമില്ലാതെയും മേഖലയില്‍ ചൈനീസ് നേതൃത്വം നടത്തുന്ന ചടുലമായ നീക്കങ്ങളെ അമേരിക്ക ആശങ്കയോടെയാണ് കാണുന്നത്. കൊറിയകള്‍ക്കിടയില്‍ യുദ്ധ സമാനമായ അന്തരീക്ഷമുണ്ടാക്കുകയെന്നതാണ് ഈ ആശങ്കക്കുള്ള ഒരേയൊരു മറുമരുന്ന്. യുദ്ധ പ്രതീതി സൃഷ്ടിക്കുക. ആയുധ കച്ചവടം പൊടിപൊടിക്കുക. ജപ്പാനെയും മറ്റും കൂടെ നിര്‍ത്തുക. ചൈനയും റഷ്യയും എന്ത് നിലപാടെടുക്കുമെന്ന് പരിശോധിക്കുക. അത്രയേയുള്ളൂ. ഒരു യുദ്ധത്തിലേക്ക് നീങ്ങാവുന്ന സാമ്പത്തിക സ്ഥിതിയിലല്ല അമേരിക്ക. ആക്രമണത്തിലേക്ക് എടുത്തു ചാടിയാല്‍ ഫ്രാന്‍സ്, ബ്രിട്ടന്‍ പോലുള്ള കൂട്ടാളികള്‍ ഈ ഘട്ടത്തില്‍ സഹായിക്കില്ലെന്ന് അമേരിക്ക ഭയക്കുന്നുമുണ്ട്. മറുഭാഗത്ത് യുദ്ധം യാഥാര്‍ഥ്യമായാല്‍ ചൈനയും റഷ്യയും ഇപ്പോഴുള്ള നിലപാടില്‍ ഉറച്ച് നില്‍ക്കില്ലെന്നും ഉത്തര കൊറിയന്‍ പക്ഷത്ത് നിലയുറപ്പിക്കുമെന്നും അമേരിക്ക ആശങ്കപ്പെടുന്നു. ചുരുക്കത്തില്‍ ഇപ്പോള്‍ കൊറിയന്‍ ആകാശത്ത് ഉരുണ്ടു കൂടിയ കരിനിഴല്‍ 2009ലെപ്പോലെ, 2014ലെ പോലെ ഒഴിഞ്ഞു പോകാന്‍ തന്നെയാണ് സാധ്യത.
ഉത്തര കൊറിയയെ നിഗൂഢതകളില്‍ നിന്ന് മോചിപ്പിക്കാനും നയതന്ത്ര വേദികള്‍ക്ക് പാകമായ രാഷ്ട്രമാക്കി മാറ്റാനും ഏറ്റവും നല്ല അവസരങ്ങള്‍ ലഭിച്ചത് അമേരിക്കക്ക് തന്നെയാണ്. 1994ല്‍ അന്നത്തെ യു എസ് പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍ മുന്‍കൈയെടുത്ത് നടന്ന ചര്‍ച്ചയില്‍ ഉത്തര കൊറിയ ചരിത്രത്തിലെ ഏറ്റവും വലിയ വിട്ടുവീഴ്ചക്ക് തയ്യാറായിരുന്നു. എല്ലാ സൈനിക പരിപാടികളും പരിശോധനക്ക് തുറന്ന് കൊടുക്കാന്‍ അവര്‍ സന്നദ്ധമായി. പകരം വലിയ തുക രക്ഷാ പാക്കേജ് അനുവദിക്കാമെന്നും ഇന്ധന ലഭ്യത ഉറപ്പു വരുത്താമെന്നുമായിരുന്നു ക്ലിന്റണ്‍ ഭരണകൂടത്തിന്റെ വാഗ്ദാനം. കാരണമെന്തുമാകട്ടെ, അമേരിക്ക ആ വാഗ്ദാനം പാലിച്ചില്ല. 2007ല്‍ പിന്നെയും വന്നു അവസരം. അന്ന് കിം ജോംഗ് ഇല്ലായിരുന്നു ഉ. കൊറിയയുടെ സിംഹാസനത്തില്‍. യു എസില്‍ ബുഷും. അന്ന് അമേരിക്ക, റഷ്യ, ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നീ രാഷ്ട്രങ്ങള്‍ ചേര്‍ന്ന് നടത്തിയ ചര്‍ച്ച ഫലം കണ്ടതായിരുന്നു. ഉപരോധം നീക്കാന്‍ അമേരിക്ക സന്നദ്ധത അറിയിച്ചു. ഭീകരപ്പട്ടികയില്‍ നിന്ന് ഉ. കൊറിയയെ നീക്കാനും തീരുമാനമായി. പകരം യോംഗ്‌ബ്യോണ്‍ ആണവ നിലയത്തിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെച്ചു. നിലയത്തിന്റെ പ്രധാന ഭാഗങ്ങളെല്ലാം പൊളിച്ചു നീക്കി. ജീവനക്കാരെ പിരിച്ചു വിട്ടു. പക്ഷേ അന്നും അമേരിക്ക വാക്ക് പാലിച്ചില്ല. അവര്‍ പുതിയ നിബന്ധനകള്‍ അടിച്ചേല്‍പ്പിക്കാന്‍ തുടങ്ങി. ദക്ഷിണ കൊറിയക്ക് കൂടുതല്‍ ആയുധവും പണവും നല്‍കാനും തുടങ്ങി. ഉ. കൊറിയക്ക് എന്ത് കുഴപ്പങ്ങള്‍ ഉണ്ടെങ്കിലും സ്വയം പ്രതിരോധിക്കാനുള്ള അവകാശം അവര്‍ക്കുണ്ടല്ലോ. നിരായുധനാക്കപ്പെട്ട മുഅമ്മര്‍ ഗദ്ദാഫിക്ക് എന്താണ് സംഭവിച്ചതെന്ന് അവര്‍ ചോദിച്ചാല്‍ ലോകത്തിന് എന്ത് മറുപടി പറയാന്‍ സാധിക്കും.
എപ്പോഴൊക്കെ സമാധാനത്തിന്റെ സാധ്യതകള്‍ തുറന്നോ അന്നൊക്കെ വഴികളടച്ചിട്ട് ചുറ്റുമുള്ള രാജ്യങ്ങളില്‍ ഭീതി വിതക്കുന്ന അമേരിക്കന്‍ കൗശലമാണ് മേഖലയിലെ പ്രശ്‌നങ്ങളുടെ അടിസ്ഥാന കാരണം. ഒപ്പം ചൈനയുടെ തുരങ്ക സൗഹൃദവും. വിദേശകാര്യ സെക്രട്ടറിയെന്ന നിലയില്‍ സമാധാന ശ്രമങ്ങള്‍ക്ക് ചെറു ചുവടുകള്‍ മുന്നോട്ട് വെച്ച ഹിലാരി ക്ലിന്റണ്‍ ഇന്ന് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയാണ്. ആ ശ്രമങ്ങള്‍ അവിടെ വിചാരണ ചെയ്യപ്പെടുകയാണ്. അവര്‍ എന്തോ മഹാപാതകം ചെയ്തത് പോലെയാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാര്‍ ആക്രമിക്കുന്നത്. ഇതാണ് യു എസിന്റെ പൊതു മനോഭാവം. കൊറിയന്‍ ജനതയോട് ചോദിക്കൂ അവര്‍ പറയും. പൈതൃക സൗഹൃദത്തിന്റെ ഇളം ചൂടുള്ള കഥകള്‍.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest