Connect with us

Ongoing News

നാഗ്ജി ഫുട്‌ബോള്‍: എഫ്‌സി നിപ്രോ ചാമ്പ്യന്‍മാര്‍

Published

|

Last Updated

കോഴിക്കോട്: ബ്രസീല്‍ ആരാധകര്‍ക്ക് കണ്ണീര്‍ സമ്മാനിച്ചുകൊണ്ട് മുപ്പത്തിയാറാമത് സേട്ട് നാഗ്ജി കപ്പില്‍ ഉെ്രെകന്‍ ക്ലബായ എഫ് സി നിപ്രോയ്ക്ക് കിരീടം. ഇരമ്പിയാര്‍ത്ത നാല്‍പ്പതിനായിരത്തോളം കാണികളെ സാക്ഷിയാക്കി മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ബ്രസീലില്‍ നിന്നുള്ള അത്‌ലറ്റികോ പാരനെന്‍സിനെയാണ് നിപ്രോ തകര്‍ത്തുവിട്ടത്.
വേഗതയും ഒത്തിണക്കവും ചടുലമായ നീക്കങ്ങളുംകൊണ്ട് കാല്‍പന്ത് കളിയുടെ സൗന്ദര്യം രചിച്ച എഫ് സി നിപ്രോപെട്രോവ്‌സ്‌ക്, മികച്ച ഗെയിം പ്ലാനിലൂടെ ആരാധകരുടെ മനം കവര്‍ന്ന പാരനെന്‍സിനെതിരെ ആധികാരിക ജയമാണ് നേടിയത്. ഇരുപത്തിയൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഉയിര്‍ത്തെഴുന്നേറ്റ നാഗ്ജി ഫുട്‌ബോളില്‍ ഇതുവരെ ഗോള്‍ വഴങ്ങാതെയാണ് ഉക്രൈന്‍ വീരോചിതമായി കപ്പുയര്‍ത്തിയത്.
ഉക്രൈന് ജാവോ പെഡ്രോയും ആന്ദ്രെ ലൂയിസും യാഗോ സെസാര്‍ ഡാസില്‍വയും കയോ ഫെര്‍ണാന്റോയും ലാറ്റിനമേരിക്കന്‍ ഫുട്ബാളിന്റെ ചാരുതയുമായി കോര്‍പറേഷന്‍ മൈതാനത്ത് നിറഞ്ഞുകളിച്ചപ്പോള്‍ പാരനെന്‍സ് താരങ്ങള്‍ വിയര്‍ത്തു. ബാന്റ് താളമേളങ്ങളോടെ ബ്രസീലിനായി ആര്‍പ്പുവിളിച്ച ആരാധകരുടെ നെഞ്ചിലേക്ക് ഇടിത്തീ വീഴ്ത്തുന്നതായിരുന്നു മത്സര ഫലം. ഉക്രൈന്‍, ബ്രസീലിന്റെ വല ഗോളുകളാല്‍ നിറച്ചപ്പോള്‍ രണ്ടാം പകുതിമുതല്‍ ഗ്യാലറി മൂകമായി. തങ്ങളുടെ ഇഷ്ട ടീമായ ബ്രസീലിന്റെ തകര്‍ച്ച കണ്ണീരോടെയാണ് അവര്‍ കണ്ടുനിന്നത്. ഡിനിപ്രോയ്ക്കായി ഇഗോര്‍ കോഹൂട്ട്, ഡെന്നിസ് ബലാന്യുക്, യൂറില്‍ വാകുല്‍കോ എന്നിവരാണ് ഗോള്‍ നേടിയത്.
ശക്തമായ പ്രതിരോധത്തിലൂന്നിയുള്ള മുന്നേറ്റമായിരുന്നു തുടക്കം മുതല്‍ ഉക്രൈനിന്റെത്. പരാനെസിനായി ആരവമുയര്‍ത്തിയ കാണികളെ നിശബ്ദമാക്കിക്കൊണ്ട് ഉക്രൈന്‍ ആദ്യ പകുതിയിലുടനീളം ബ്രസീല്‍ ഗോള്‍മുഖങ്ങള്‍ വിറപ്പിച്ചുകൊണ്ടിരുന്നു. ഉക്രൈന്‍ പ്രതിരോധ നിര സ്വന്തം ബോക്‌സിന് കനത്ത കാവല്‍ നല്‍കിയും ലോംഗ് പാസ്സുകളിലൂടെ പന്തിനെ കൃത്യമായി മുന്നേറ്റക്കാര്‍ക്ക് നല്‍കിയും കളം നിറഞ്ഞു നിന്നു. വലതു വിംഗിലൂടെ ഇവരുടെ കടന്നാക്രമണത്തില്‍ ബ്രസീല്‍ പ്രതിരോധ നിര ആടിയുലഞ്ഞു ബാലന്യൂക്കും കൊച്ചെറിനമായിരുന്നു ഉക്രൈയിന്റെ അക്രമങ്ങള്‍ക്കത്രയും ചുക്കാന്‍ പിടിച്ചിരുന്നത്. മികച്ച മുന്നേറ്റത്തിലൂടെ പതിനൊന്നാം മിനുട്ടില്‍ വാകുല്‍കോ നല്‍കിയ പാസ്സിനെ സ്വീകരിച്ച കൊച്ചെറിന്‍ പന്തിനെ മനോഹരമായി ബാലന്യൂകിന് മറിച്ചു നല്‍കി. പന്ത് ലഭിച്ച ബാലന്യൂക് ഗോളി മാത്രം മുന്നില്‍ നില്‍ക്കേ പന്തിനെ അലക്ഷ്യമായി പുറത്തേക്കടിച്ചുകളഞ്ഞു .പത്തൊമ്പതാം മിനിറ്റില്‍ ഗ്യാലറിയെ ഇളക്കി മറിച്ച് ബ്രസീലിന്റെ മുന്നേറ്റം. ഫെര്‍ണാണ്ടോ സില്‍വ നല്‍കിയ പന്ത് പെട്രോ സില്‍വ ആല്‍ഫ്രെഡോ കോസ്റ്റക്ക് മറിച്ചു നല്‍കി. എന്നാല്‍ കോസ്റ്റയുടെ ദുര്‍ബലമായ ഷോട്ട് ഗോളിയുടെ കൈകളില്‍ വിശ്രമിച്ചു.
23,27 മിനുട്ടുകളിലും യൂറി വാക്കുല്‍ക്കിയുടെ നേതൃത്വത്തില്‍ പരാനെന്‍സ് ഗോള്‍ മുഖം ആക്രമിച്ചെങ്കിലും ഗോള്‍ പിറന്നില്ല. മുപ്പത്തിയൊമ്പതാം മിനുട്ടില്‍ വീണ്ടും മുന്നേറിയ ബ്രസീലിന്റെ യാഗോ സില്‍വയുടെ കൃത്യമായ പാസ്സിനെ ഹെയിനന്‍ സില്‍വ ഗോളി മാത്രം മുന്നിന്‍ നില്‍ക്കേ പുറത്തേക്കടിച്ചുകളഞ്ഞു. എന്നാല്‍ പ്രതിരോധത്തില്‍ നിന്നുമുണര്‍ന്ന ഉക്രൈന്‍ മികച്ച മുന്നേറ്റത്തിലൂടെ നീങ്ങിയതോടെയാണ് നാല്‍പ്പത്തിയൊന്നാം മിനുട്ടില്‍ ആദ്യ ഗോള്‍ പിറന്നത്. ഗോള്‍ പിറന്നതോടെ ഉണര്‍ന്ന ബ്രസീല്‍ നിര നാല്‍പ്പത്തിയഞ്ചാം മിനുട്ടില്‍ മികച്ച ഫ്രീകിക്കിലൂടെ തുറന്ന അവസരം ലഭിച്ചെങ്കിലും ഗോളാക്കാന്‍ സാധിക്കാത്തത് കാണികള്‍ നിരാശയോടെ നോക്കിക്കണ്ടു. ആദ്യ പകുതിയുടെ അവസാന മിനുട്ടുകളില്‍ ബ്രസീല്‍ നിര നിരന്തരം മുന്നേറ്റം നടത്തി. ഗുത്താവോ അസ്സിസ് എടുത്ത ഫ്രീകിക്ക് ഉക്രൈന്‍ ബോക്‌സിന് മുന്നിലൂടെ വളഞ്ഞിറങ്ങി. ചാടിക്കേറിയ ഫെര്‍ണാണ്ടോ സില്‍വക്കും അല്‍മെയ്ഡാ സില്‍വക്കും കണക്റ്റ് ചെയ്യാന്‍ സാധിക്കാത്തതോടെ പന്ത് പുറത്തേക്ക്.
രണ്ടാം പകുതിയില്‍ അക്രമണമഴിച്ചുവിട്ടാണ് ബ്രസീല്‍ തുടങ്ങിയത്. ഗോള്‍ മടക്കാനായി ശ്രമിച്ച ബ്രസീലിന്റെ കൗണ്ടര്‍ അക്രമണങ്ങളത്രെയും ഉക്രൈന്‍ പ്രതിരോധത്തില്‍ തട്ടിത്തെറിച്ചുകൊണ്ടിരുന്നു. ബ്രസീല്‍ ആരാധകര്‍ക്ക് കണ്ണീര്‍ നല്‍കിക്കൊണ്ട് ബ്രസീലിന്റെ ഗോള്‍മുഖത്തേക്ക് അറിപത്തിരണ്ടാം മിനുട്ടില്‍ ഉക്രൈയിന്‍ വീണ്ടും വലകുലുക്കി. തുടര്‍ന്നങ്ങോട്ട് സര്‍വ ശക്തിയാല്‍ ഗോള്‍ തിരിച്ചടിക്കാന്‍ ബ്രസീല്‍ നടത്തിയ മികച്ച മുന്നേറ്റം ആരാധകര്‍ കൈയടികളോടെ പ്രോത്സാഹിപ്പിച്ചു. എഴുപതാം മിനിറ്റില്‍ ബ്രസീല്‍ നടത്തിയ ഗോളെന്നുറപ്പിച്ച മികച്ച മുന്നേറ്റത്തിന് ഗാലറി സാക്ഷിയായി.ഇടതു വിംഗിലൂടെ ആല്‍ഫ്രെഡോ നല്‍കിയ പാസ്സ് ഗോളിയുടെ മുന്നിലൂടെ പെട്രോ സാന്റോസിന്റെ കാലുകളിലേക്ക്,എന്നാല്‍ ഗോളി മാത്രം മുന്നില്‍ നില്‍ക്കെ പന്തിനെ അലക്ഷ്യമായി പുറത്തേക്കടിച്ചു കളഞ്ഞു. എന്നാല്‍ വീണ്ടും ഉക്രൈയിന്റെ മുന്നേറ്റത്തിലൂടെ എണ്‍പത്തിയഞ്ചാം മിനുട്ടില്‍ കണ്ണഞ്ചിപ്പിക്കുന്ന ഗോള്‍ പിറന്നതോടെ ബ്രസീല്‍ ആരാധകര്‍ നിശബ്ദരായി. ഒരു ഗോളെങ്കിലും മടക്കാന്‍ ബ്രസീല്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും ഫലം നിരാശയായിരുന്നു. ഫൈനല്‍ വിസില്‍ മുഴങ്ങിയതോടെ ബ്രസീലിനെ കണ്ണീര്‍ക്കടലിലാഴ്ത്തി ഉക്രൈന്‍ മൈതാനത്ത് ആനന്ദ നൃത്തം ചവിട്ടി.
ഗോള്‍ 1: ആര്‍ത്തിരമ്പിയ ബ്രസീലിയന്‍ ആരാധകരുടെ വാദ്യ താളമേളങ്ങളെ നിശ്ശബ്ദമാക്കിക്കൊണ്ടാണ് നാല്‍പ്പത്തൊന്നാം മിനിറ്റില്‍ ഉക്രൈന്‍ ഫ്രീകിക്കിലൂടെയാണ് ആദ്യ ഗോള്‍ കുറിച്ചത്. യൂറി വാക്കുല്‍ക്കി എടുത്ത മഴവില്ല് കണക്കെയുള്ള ഫ്രീകിക്ക് പരനെന്‍നസ് ബോക്‌സിലെ കൂട്ടപ്പൊരിച്ചിലിനിടയില്‍ ബലാന്യുക്കിന്റെ നേര്‍ക്ക്. ചാടി ഹെഡ്ഡ് ചെയ്ത പന്ത് തെറിച്ച് പരാനെന്‍സ് ഗോളിയുടെ നേര്‍ക്ക്, പന്ത് കൈപ്പിടിയിലൊതുക്കാന്‍ ശ്രമിച്ച പരാന്‍സസ് ഗോളി ലൂക്കാസ് ഫെരേറിയയും ഡിനിപ്രോയുടെ ഇഗോര്‍ കോഹൂട്ടും തമ്മില്‍ കൂട്ടിയിച്ചതിനിടെ കൊഹൂട്ടിന്റെ കാലില്‍ തട്ടി പന്ത് പരാനെന്‍സ് വലയിലേക്ക്. ബ്രസീല്‍ ആരാധകരുടെ നെഞ്ചില്‍ തീകോരിയിട്ട ഗോള്‍.സ്‌കോര്‍1-0.
ഗോള്‍ 2: അറുപത്തിരണ്ടാം മിനുട്ടില്‍ വീണ്ടും ബ്രസീല്‍ ആരാധകരെ നിശ്ശബ്ദമാക്കിയ ഉക്രൈയിന്റെ മിന്നും ഗോള്‍. മികച്ച ലോംഗ് പാസ്സിലൂടെ ലഭിച്ച പന്തുമായി മൈതാന മധ്യത്തില്‍ നിന്ന് അതിവേഗം മുന്നേറിയ കൊച്ചെര്‍ഗിന്‍ പന്തിനെ ബോക്‌സിനു പുറത്ത് നിന്ന് മുന്നിലേക്ക് തള്ളി നല്‍കി. ഡിഫന്‍ഡര്‍മാരെ കബളിപ്പിച്ച് വലതു വിംഗിലൂടെ പരാനസ് ബോക്‌സിലേക്ക് കുതിച്ചെത്തിയ ബലാന്യൂയിക്ക് പന്തിനെ കൃത്യമായി കണക്ട് ചെയ്തു. ഓടിയെത്തിയ ഗോളി ലൂക്കാസ് ഫെരാറിയുടെ തലയ്ക്ക് മുകളിലൂടെ ബലാന്യൂയിക് വെട്ടിത്തിരിഞ്ഞു കൊണ്ട് പോസ്റ്റിലേക്ക് പന്തിനെ തള്ളിവിട്ടു.ബ്രസീല്‍ ആരാധകരുടെ ഹൃദയം തകര്‍ത്ത രണ്ടാം ഗോള്‍. സ്‌കോര്‍ 2-0.
ഗോള്‍ 3: 85ാം മിനുട്ടില്‍ നടത്തിയ കണ്ണഞ്ചിപ്പിക്കുന്ന മുന്നേറ്റത്തിനിടെയാണ് ഡിനിപ്രോയുടെ മൂന്നാം ഗോള്‍ പിറന്നത്. മികച്ച മുന്നേറ്റത്തിലൂടെ ലഭിച്ച പാസ്സുമായി ഇടതു വിംഗില്‍ നിന്ന്‌യൂറി വാക്കുല്‍ക്കി പോസ്റ്റിനെ ലക്ഷ്യമാക്കിയടിച്ച ഷോട്ട് പരാനെന്‍സ് താരം മൗറിഷ്യോ സാന്റോസിന്റെ കാലില്‍ തട്ടി വലയിലേക്ക്. മൂന്നാം ഗോളും പിറന്നതോടെ സകല പ്രതീക്ഷയും അസ്തമിച്ച ബ്രസീല്‍ ആരാധകരുടെ മുഖത്ത് പ്രത്യേക വികാരങ്ങളൊന്നും ഉണ്ടായില്ല. സ്‌കോര്‍ 3-0.

---- facebook comment plugin here -----

Latest