Connect with us

National

ഡല്‍ഹിയില്‍ കുടിവെള്ളം മുട്ടിച്ച് ജാട്ട് പ്രക്ഷോഭം

Published

|

Last Updated

 

ന്യൂഡല്‍ഹി: സംവരണം ആവശ്യപ്പെട്ട് ഹരിയാനയില്‍ ജാട്ട് സമുദായക്കാര്‍ നടത്തുന്ന പ്രക്ഷോഭത്തില്‍ ഇന്നലെ രണ്ട് പേര്‍ കൂടി സുരക്ഷാ സേനയുടെ വെടിയേറ്റു മരിച്ചു. പ്രക്ഷോഭം എട്ട് ദിവസം പിന്നിട്ടതോടെ മരിച്ചവരുടെ എണ്ണം പത്തായി. 150 ഓളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇതിനിടെ പ്രതിഷേധക്കാര്‍ മുനക് കനാല്‍ അടച്ചതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ ജലവിതരണം തടസ്സപ്പെട്ടു. ഇതേത്തുടര്‍ന്ന് ഡല്‍ഹിയിലെ സ്‌കൂളുകള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും പ്രവേശന നടപടികളും മാറ്റിവെച്ചതായും ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ വ്യക്തമാക്കി.
രാജ്യതലസ്ഥാന നഗരി കുടിവെള്ളത്തിനായി ആശ്രയിക്കുന്ന അതിര്‍ത്തിയിലുള്ള മുനക് കനാലില്‍ സമരക്കാര്‍ തടസ്സമുണ്ടാക്കിയതാണ് ഡല്‍ഹിയുടെ കുടിവെള്ളം മുട്ടിച്ചത്. കനാലില്‍ നിന്നുള്ള വെള്ളം നിലച്ചതോടെ ഡല്‍ഹിയിലെ സര്‍ക്കാര്‍ ജലസംസ്‌കരണ പ്ലാന്റുകള്‍ പ്രവര്‍ത്തനരഹിതമായി. ഇതിനിടെ ഡല്‍ഹിയിലെ കുടിവെള്ള പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഇന്നലെ അടിയന്തര യോഗം വിളിച്ചുചേര്‍ത്തിരുന്നു. സംഭവത്തില്‍ ഇടപെടാന്‍ കേന്ദ്ര സര്‍ക്കാറിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.
ഹരിയാനയിലെ ഭിവാനിയിലും സോനിപത്തിലും ഇന്നലെ പ്രക്ഷോഭകാരികള്‍ ആക്രമണമഴിച്ചുവിട്ടു. ഇവിടെ രണ്ട് പോലീസ് സ്റ്റേഷനുകളും കടകളും എ ടി എം സെന്ററുകളും ആക്രമിക്കപ്പെട്ടു. റോഹ്തക്, ഝജ്ജര്‍ ജില്ലകളില്‍ സുരക്ഷാസേന നടത്തിയ വെടിവെപ്പിലാണ് പ്രക്ഷോഭകാരികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത്. സംസ്ഥാനത്തെ പല ജില്ലകളിലും മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് തുടരുകയാണ്. ഇതുവരെ ആയിരത്തോളം ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവെക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തിട്ടുണ്ട്.
അതേസമയം, സമരത്തെ നേരിടാന്‍ സംസ്ഥാനത്തെ ചില പ്രദേശങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അക്രമം തുടരുകയാണ്. സോനിപത്ത്, റോഹ്ത്തക്, ഗൊഹാന, ഝജ്ജര്‍, ഭിവാനി എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ നിലനില്‍ക്കുന്നത്. ഹിസാറിലും ഹന്‍സിയിലും അക്രമികളെ കണ്ടാല്‍ വെടിവെച്ചിടാനും ഭരണകൂടം സൈന്യത്തിന് നിര്‍ദേശം നല്‍കിയിരുന്നു.
ഇതിനിടെ ജാട്ട് പ്രക്ഷോഭത്തെ തുടര്‍ന്ന് കലുഷിതമായ ഹരിയാനയിലെ സ്ഥിതിഗതികള്‍ ഏറെക്കുറെ നിയന്ത്രണവിധേയമായതായി ഡി ജി പി. വൈ പി സിഗാള്‍ പറഞ്ഞു. പ്രക്ഷോഭകാരികളെ നേരിടാന്‍ 69 കോളം സൈനികരെയാണ് നിയോഗിച്ചത്.

Latest