Connect with us

Kerala

ഐ ടി പരീക്ഷ സോഫ്റ്റ്‌വെയര്‍ ചോര്‍ത്തല്‍: രണ്ട് അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍

Published

|

Last Updated

കണ്ണൂര്‍: എസ് എസ് എല്‍സി ഐ ടി പരീക്ഷയുടെ സോഫ്റ്റ്‌വെയര്‍ ചോര്‍ന്ന സംഭവത്തില്‍ പരീക്ഷാ ചുമതലയിലുണ്ടായിരുന്ന രണ്ട് അധ്യാപകരെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു.

പരീക്ഷാ സെന്ററായ മാതമംഗലം സി പി നാരായണന്‍ സ്മാരക ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട് പയ്യന്നൂര്‍ സെന്റ് മേരീസ് ഗേള്‍സ ്‌ഹൈസ്‌കൂള്‍ അധ്യാപകന്‍ എന്‍ രാജേഷ്, മാതമംഗലം സ്‌കൂളിലെ പ്രധാനാധ്യാപകനും പരീക്ഷ ചീഫ് സൂപ്രണ്ടുമായ എം സി ജയദേവന്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ചോര്‍ത്തിയ സോഫ്റ്റ്‌വെയര്‍ ലഭിച്ചതായി തെളിഞ്ഞ പയ്യന്നൂര്‍ സെന്റ്‌മേരീസ് ഗേള്‍സ് ഹൈസ്‌കൂളിലെ പരീക്ഷ വീണ്ടും നടത്താന്‍ വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നുണ്ട്.

സസ്‌പെന്‍ഷനിലായ രാജേഷ് സ്വന്തം സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കായി മാതമംഗലം സ്‌കൂളില്‍ നിന്ന് സോഫ്റ്റ്‌വെയര്‍ ചോര്‍ത്തിയതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇയാള്‍ ഇക്കാര്യം അന്വേഷണസംഘം മുമ്പാകെ എഴുതി നല്‍കിയിരുന്നു. ചോര്‍ത്തലുമായി ബന്ധമില്ലെങ്കിലും പരീക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ എന്ന നിലയിലാണ് ജയദേവനെ സസ്‌പെന്‍ഡ് ചെയ്തത്.
ഡി പി ഐയുടെ നിര്‍ദേശപ്രകാരം ജയദേവന് കണ്ണൂര്‍ ഡി ഡി ഇ സസ്‌പെന്‍ഷന്‍ ഉത്തരവ് കൈമാറി. രാജേഷിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ സ്‌കൂള്‍ മാനേജര്‍ക്ക് നിര്‍ദേശം നല്‍കി. മാതമംഗലം സ്‌കൂളിലെ ഒമ്പത് വിദ്യാര്‍ഥികളുടെ രജിസ്റ്റര്‍ നമ്പര്‍ ഉപയോഗിച്ചാണ് സോഫ്റ്റ്‌വെയര്‍ ചോര്‍ത്തിയതെന്ന് കഴിഞ്ഞ ദിവസം കണ്ണൂര്‍ ഡി ഇ ഒയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കണ്ടെത്തിയിരുന്നു

Latest