Connect with us

Kerala

വട്ടിയൂര്‍ക്കാവ് ഇല്ലെങ്കില്‍ മത്സരിക്കാനില്ലെന്ന് കെ മുരളീധരന്‍

Published

|

Last Updated

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് സീറ്റ് തനിക്ക് നല്‍കിയില്ലെങ്കില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് സിറ്റിംഗ് എം.എല്‍.എകെ.മുരളീധരന്‍ പറഞ്ഞു. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മണ്ഡലം വിട്ടുകൊടുക്കും. മറ്റൊരു സീറ്റിലും മത്സരിക്കാന്‍ താന്‍ ഉണ്ടാകില്ല. തോല്‍വി ഭയന്ന് താന്‍ മണ്ഡലം മാറി മത്സരിക്കുമെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
സി.പി.എമ്മിന് സ്വാധീനമുള്ള മണ്ഡലത്തില്‍ തനിക്ക് മേല്‍ക്കൈ ഉണ്ട്. തന്നെ മാറ്റി മറ്റൊരാളെ മത്സരിപ്പിച്ചാല്‍ കോണ്‍ഗ്രസിന് കനത്ത പരാജയം നേരിടേണ്ടി വരും. തിരഞ്ഞെടുപ്പില്‍ മൈനസ് പോയിന്റുകള്‍ ശ്രദ്ധിക്കണമെന്നും ഗ്രൂപ്പ് കളിക്കേണ്ട സമയമല്ല ഇതെന്നും മുരളി പറഞ്ഞു. നിയമസഭയില്‍ കന്നിപ്രവേശം തന്ന നിയോജക മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. ഇത് ഉപേക്ഷിച്ച് പോകേണ്ട ഒരു സാഹചര്യവുമില്ല.
പാര്‍ട്ടി തന്നെ ഒരു മണ്ഡലം ഏല്‍പ്പിച്ചു. അത് ഭംഗിയായി നടത്തിക്കൊണ്ടുപോകേണ്ട ചുമതല തനിക്കുണ്ട്. ഇവിടെ സുരക്ഷിതമല്ലെന്ന് തോന്നിയാല്‍ മറ്റൊരിടത്തേക്ക് പോകുക, അവിടെ സുരക്ഷതമല്ലെന്ന് തോന്നുമ്പോള്‍ ഇങ്ങോട്ട് വരിക എന്നതൊന്നും ശരിയായ നടപടിയല്ല മുരളീധരന്‍ പറഞ്ഞു. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നയിക്കുക മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എന്നിവര്‍ ചേര്‍ന്നായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.