Connect with us

Articles

പരമോന്നത കോടതിയും പരുങ്ങുന്നുവോ?

Published

|

Last Updated

ജാമ്യമാണ് ചട്ടം, ജയില്‍ അപവാദമാണ് എന്നത് ഇന്ത്യന്‍ നീതിന്യായ സംവിധാനത്തിന്റെ അടിസ്ഥാനതത്വങ്ങളിലൊന്നാണ്. ആരോപണവിധേയനായ വ്യക്തി, കുറ്റവാളിയാണോ അല്ലയോ എന്ന് വിചാരണ ചെയ്ത് തീരുമാനിക്കും മുമ്പ് ശിക്ഷ അനുഭവിക്കേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കുക എന്ന ഉദ്ദേശ്യത്തിലാണ് നീതിന്യായ സംവിധാനം ഈ മാനദണ്ഡം പിന്തുടരുന്നത്. ടെലികോം സ്‌പെക്ട്രം അനുവദിച്ചതില്‍ അഴിമതിയുണ്ടെന്ന് ആരോപിച്ച് രജിസ്റ്റര്‍ ചെയ്ത കേസില്‍ യുണിടെക്ക് വയര്‍ലെസ് എം ഡി സഞ്ജയ് ചന്ദ്ര, സ്വാന്‍ ടെലികോം ഡയറക്ടര്‍ വിനോദ് ഗോയങ്ക, റിലയന്‍സ് ഉദ്യോഗസ്ഥരായ ഹരി നായര്‍, ഗൗതം ദോഷി, സുരേന്ദ്ര പിപാര എന്നിവര്‍ക്ക് ജാമ്യം അനുവദിച്ച് ജസ്റ്റിസുമാരായ ജി എസ് സിംഗ്‌വി, എച്ച് എല്‍ ദത്തു എന്നിവരടങ്ങിയ ബഞ്ച് ഈ തത്വം ആവര്‍ത്തിക്കുകയും ചെയ്തിരുന്നു ഏതാനും വര്‍ഷം മുമ്പ്.
ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട വിദ്യാര്‍ഥി നേതാവ് കനയ്യ കുമാറിന് മേല്‍ ചുമത്തപ്പെട്ടിരിക്കുന്നത് രാജ്യദ്രോഹക്കുറ്റമാണ്. പതിവനുസരിച്ചാണെങ്കില്‍ ജാമ്യം നല്‍കാനാകാത്ത കുറ്റം. പക്ഷേ, രാജ്യദ്രോഹം ചുമത്താവുന്ന കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നുമാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും കനയ്യ കുമാറിനുണ്ട്. ആ അവകാശം പ്രയോജനപ്പെടുത്താന്‍ ഡല്‍ഹിയിലെ പട്യാല ഹൗസ് കോടതിയെ സമിപീച്ചപ്പോള്‍ രാജ്യസ്‌നേഹികളെന്ന് സ്വയം അവകാശപ്പെടുന്ന ഒരു കൂട്ടം അഭിഭാഷകരും ബി ജെ പിയുടെ എം എല്‍ എയും സംഘ്പരിവാര്‍ പ്രവര്‍ത്തകരും ചേര്‍ന്ന് നീതിന്യായ സംവിധാനത്തെ കൈയേറുന്ന കാഴ്ചയാണ് കണ്ടത്. ഹരജി പരിഗണിക്കുന്നത് പോലും തടസ്സപ്പെടുത്തുകയും കനയ്യ കുമാറിനെയും അദ്ദേഹത്തെ പിന്തുണക്കുന്നവരെയും കൈയേറ്റം ചെയ്യുകയുമുണ്ടായി. കോടതിക്കുള്ളിലും പുറത്തുമുണ്ടായ അസാധാരണ സംഭവങ്ങളെ ഗൗരവത്തിലെടുക്കുന്നുവെന്ന പ്രതീതി ജനിപ്പിച്ചുകൊണ്ട് ആദ്യം കോടതിക്കുള്ളില്‍ പ്രവേശിക്കാവുന്നവരുടെ എണ്ണം നിയന്ത്രിച്ചു സുപ്രീം കോടതി. പിന്നീട് പട്യാല കോടതിയുടെ പ്രവര്‍ത്തനം തത്കാലത്തേക്ക് നിര്‍ത്തിവെക്കാനും കോടതി ഒഴിപ്പിക്കാനും നിര്‍ദേശിച്ചു. സുപ്രീം കോടതി ജഡ്ജി, ജസ്റ്റിസ് ജെ ചെലമേശ്വര്‍, ഡല്‍ഹി പോലീസ് കമ്മീഷണറെ നേരിട്ട് വിളിച്ച് സ്ഥിതിഗതി ആരാഞ്ഞുവെന്നും ക്രമസമാധാനനിലയില്‍ ആശങ്ക പ്രകടിപ്പിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ടായി. അവിടെ തീര്‍ന്നു ഉയര്‍ന്ന ന്യായാസനത്തിന്റെ ഇടപെടല്‍.
ഇതിന് ശേഷമാണ് ജാമ്യഹരജിയുമായി കനയ്യ കുമാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഹരജി പരിഗണിക്കാന്‍ വിസമ്മതിച്ച ജസ്റ്റിസുമാരായ ജെ ചെലമേശ്വര്‍, എ എം സപ്രെ എന്നിവരടങ്ങിയ ബഞ്ച് കീഴ്‌ക്കോടതികളെ മറികടന്ന് നേരിട്ട് സുപ്രീം കോടതിയില്‍ ജാമ്യ ഹരജി സമര്‍പ്പിക്കുന്നതും അത് പരിഗണിക്കപ്പെടുന്നതും അപകടകരമായ കീഴ്‌വഴക്കമാണെന്ന് അഭിപ്രായപ്പെട്ടു. അത്തരമൊരു കീഴ്‌വഴക്കം സൃഷ്ടിക്കരുതെന്ന ഉയര്‍ന്ന നീതിന്യായബോധം നമ്മുടെ ന്യായാധിപന്‍മാര്‍ പ്രകടിപ്പിച്ചു. ഇത്രത്തോളം ഉയര്‍ന്ന ബോധം പട്യാല ഹൗസ് കോടതിയില്‍ അരങ്ങേറിയ അക്രമങ്ങളുടെ കാര്യത്തിലുണ്ടായോ എന്നതില്‍ സംശയമുണ്ട്.
കീഴ്‌ക്കോടതികളെ മറികടന്ന് ജാമ്യഹരജി പരിഗണിക്കുന്നത് അപകടകരമായ കീഴ്‌വഴക്കം സൃഷ്ടിക്കലാണെങ്കില്‍ കനയ്യ കുമാറിന്റെ ജാമ്യ ഹരജി ആദ്യം പരിഗണിക്കേണ്ടത് പട്യാല ഹൗസിലെ ജില്ലാ കോടതിയിലാണ്. അവിടെ ഹരജി പരിഗണിക്കാവുന്ന സാഹചര്യം ആദ്യം സൃഷ്ടിക്കണം. അതിന് പാകത്തില്‍ പരമോന്നത കോടതി എന്തെങ്കിലും ചെയ്‌തോ? സംഘ്പരിവാര്‍ അനുകൂലികളായ അഭിഭാഷകരും അവര്‍ക്കൊപ്പം ചേര്‍ന്ന പരിവാര്‍ പ്രവര്‍ത്തകരും ചേര്‍ന്ന് കോടതി കൈയേറുക മാത്രമല്ല ചെയ്തത്, ജാമ്യഹരജി നിഷ്പക്ഷമായി പരിഗണിക്കുന്ന സാഹചര്യം ഇല്ലാതാക്കാന്‍ ശ്രമിക്കുക കൂടിയാണ്. പാര്‍ലിമെന്റ് ആക്രമണക്കേസിലെ പ്രതിക്ക് പരമാവധി ശിക്ഷ നല്‍കേണ്ടത്, രാജ്യത്തിന്റെ പൊതുബോധത്തെ തൃപ്തിപ്പെടുത്താന്‍ അനിവാര്യമാണെന്ന് നിരീക്ഷിച്ച നീതിന്യായ സംവിധാനത്തെ, ആ പ്രതിയെ അനുസ്മരിക്കാന്‍ ചടങ്ങ് സംഘടിപ്പിച്ചുവെന്ന ആരോപിക്കപ്പെടുന്നവര്‍ക്ക് ജാമ്യം നല്‍കരുതെന്ന് ഓര്‍മിപ്പിക്കുക കൂടിയാണ് “രാജ്യ സ്‌നേഹി”കളുടെ സംഘം ചെയ്തത്. കോടതി നടപടി നിര്‍ത്തിവെച്ചതുകൊണ്ടോ വളപ്പില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കാന്‍ നിര്‍ദേശിച്ചതുകൊണ്ടോ ഇല്ലാതാക്കാവുന്നതല്ല ഈ സാഹചര്യം.
ഡല്‍ഹി പോലീസ് കമ്മീഷണറെ വിളിച്ച് ക്രമസമാധാന നിലയില്‍ ഉത്കണ്ഠ പ്രകടിപ്പിച്ച സുപ്രീം കോടതി, അക്രമത്തിന് നേതൃത്വം നല്‍കിയവരെ എന്തുകൊണ്ടാണ് അറസ്റ്റ് ചെയ്യാത്തത് എന്ന് ചോദിച്ചതായി വിവരമില്ല. അക്രമാസക്തമായ പ്രകടനം രണ്ട് കുറി അരങ്ങേറിയപ്പോഴും ഡല്‍ഹി പോലീസ് കൈയുംകെട്ടി നോക്കി നിന്നത് എന്തുകൊണ്ടാണെന്നും ചോദിച്ചതായി വിവരമില്ല. ഭരണകൂടത്തിന്റെ ഇംഗിതമറിഞ്ഞ് അക്രമികള്‍ക്ക് അവസരം നല്‍കാന്‍ പാകത്തില്‍ പോലീസ് നോക്കിനില്‍ക്കുമ്പോള്‍ കോടതി നിര്‍ത്തിവെക്കാന്‍ നിര്‍ദേശിക്കുന്നതിനേക്കാള്‍ പ്രധാനം ക്രമസമാധാനം ഉറപ്പാക്കാന്‍ പാകത്തില്‍ പ്രവര്‍ത്തിക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കുകയാണ്. നീതിന്യായ നിര്‍വഹണം നിഷ്പക്ഷമായി നിര്‍വഹിക്കാന്‍ പാകത്തില്‍ കോടതിക്ക് പ്രവര്‍ത്തിക്കാനുള്ള അന്തരീക്ഷം സൃഷ്ടിക്കണമെന്ന് അവരോട് ആവശ്യപ്പെടലാണ്. അതിന് പകരം കോടതി നടപടികള്‍ തത്കാലത്തേക്ക് നിര്‍ത്തിവെക്കാന്‍ പറയുമ്പോള്‍ യഥാസമയം ജാമ്യഹരജി പരിഗണിക്കപ്പെടുക എന്ന ആരോപണവിധേയന്റെ അവകാശം ഇല്ലാതാക്കപ്പെടും. കീഴ്‌ക്കോടതികളെ മറികടക്കുന്നത് അപകടകരമായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്ന് ഓര്‍മിപ്പിക്കുന്നവര്‍ക്ക് കീഴ്‌ക്കോടതികളില്‍ നിയമമനുശാസിക്കും വിധത്തിലുള്ള നടപടിക്രമങ്ങള്‍ നടക്കുന്നുവെന്ന് ഉറപ്പാക്കേണ്ട ബാധ്യത കൂടിയുണ്ട്.
മാധ്യമ പ്രവര്‍ത്തകരെയും ജെ എന്‍ യു വിലെ വിദ്യാര്‍ഥികളെയും അധ്യാപകരെയും മര്‍ദിക്കുന്നതിന് നേതൃത്വം നല്‍കിയവരില്‍ ബി ജെ പിയുടെ എം എല്‍ എ ഒ പി ശര്‍മ കൂടിയുണ്ടായിരുന്നു. പാക്കിസ്ഥാന് മുദ്രാവാക്യം വിളിക്കുന്നവരെ തല്ലുന്നതിലോ കൊല്ലുന്നതിലോ തെറ്റൊന്നുമില്ലെന്ന് ശര്‍മ പിന്നീട് പറയുകയും ചെയ്തു. നിയമ നിര്‍മാണത്തിന് ചുമതലപ്പെട്ട, ആ നിയമം പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്തമുള്ള വ്യക്തി നിയമവാഴ്ചയെ വെല്ലുവിളിക്കുകയും അതിനെ മറികടക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തത് തുടക്കത്തില്‍ കണ്ടില്ലെന്ന് നടിക്കുകയാണ് ഡല്‍ഹി പോലീസ് ചെയ്തത്. പിന്നീട് പേരിനൊരു കേസെടുത്തു, അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഭക്ഷണം വാങ്ങിക്കൊടുത്ത് പറഞ്ഞയക്കുകയും ചെയ്തു. സംഗതികള്‍ ഇവ്വിധം പുരോഗമിച്ചപ്പോഴും നിയമപരിപാലനം ഇങ്ങനെയല്ല വേണ്ടത് എന്ന് പോലീസിനോട് പറയാന്‍ പരമോന്നത കോടതിക്ക് തോന്നിയില്ല. പട്യാല കോടതിയിലെ സ്ഥിതി അറിയാന്‍ മുതിര്‍ന്ന അഭിഭാഷകരടങ്ങുന്ന സംഘത്തെ സുപ്രീം കോടതി തന്നെ നിയോഗിച്ചിരുന്നു. അവര്‍ കോടതിക്ക് റിപ്പോര്‍ട്ടും നല്‍കി. എന്നിട്ടും കോടതി നടപടികളെ തടയുകയും അവിടെ ഹാജരാക്കിയ ആരോപണവിധേയനെ അടക്കം കൈയേറ്റം ചെയ്യുകയും ചെയ്ത സംഭവങ്ങളില്‍ ശക്തമായെന്തെങ്കിലും പറയാന്‍ സുപ്രീം കോടതി തയ്യാറായില്ല. നിയമം അനുശാസിക്കുന്ന മാര്‍ഗത്തില്‍ ചരിക്കാന്‍ ചുമതലപ്പെട്ടവരാണ് അഭിഭാഷകരെന്നും അതിനെ മറികടന്ന് നിയമം കൈയിലെടുക്കാന്‍ അവര്‍ ശ്രമിക്കുന്നത് അനുവദിക്കാനാകില്ലെന്നെങ്കിലും പറയാന്‍ പരമോന്നത നീതിപീഠം മടിച്ചു.
ജാമ്യമാണ് ചട്ടമെങ്കില്‍ അതിന് ശ്രമിക്കാനുള്ള സ്വാതന്ത്ര്യം ഏത് കൊടിയ കുറ്റം ആരോപിക്കപ്പെടുന്നവര്‍ക്കുമുണ്ട്. അതിനുള്ള അവസരം ഉറപ്പാക്കാന്‍ സാധിക്കുന്നില്ലെങ്കില്‍, അത് ചെറിയ കാലയളവിലേക്കാണെങ്കില്‍ കൂടി, ആപ്തവാക്യങ്ങളുടെ പ്രഘോഷണം വിശ്വാസ്യത ജനിപ്പിക്കില്ല തന്നെ. സി പി ഐ (മാവോയിസ്റ്റ്) നേതാവ് ആസാദിനെ (ചേറുകുരി രാജ്കുമാര്‍) വെടിവെച്ച് കൊന്ന് ഏറ്റുമുട്ടലായി ചിത്രീകരിച്ചതാണെന്ന് ആരോപിച്ച് സമര്‍പ്പിക്കപ്പെട്ട ഹരജി പരിഗണിക്കവെ, സ്വന്തം മക്കളുടെ ചോര കൈകളില്‍ പറ്റിയിട്ടില്ലെന്ന് ഉറപ്പാക്കേണ്ട ബാധ്യത ഭരണകൂടത്തിനുണ്ടെന്ന് ഇതേ സുപ്രീം കോടതി തന്നെ നിരീക്ഷിച്ചിരുന്നു. ഏറ്റുമുട്ടല്‍ കൊലകള്‍ ആസാദില്‍ തുടങ്ങിയതല്ല, ആസാദില്‍ അവസാനിച്ചിട്ടുമില്ല. ഏതെങ്കിലുമൊരു കേസില്‍ നിജസ്ഥിതി പുറത്തുവരുന്ന സാഹചര്യം ഇന്നോളമുണ്ടായിട്ടില്ല. ഏറ്റുമുട്ടല്‍ കൊലകളില്‍ ആരോപണവിധേയരായ ഉന്നത രാഷ്ട്രീയ നേതാക്കളും പോലീസ് ഉദ്യോഗസ്ഥരും അന്വേഷണ ഏജന്‍സി ഒത്താശ ചെയ്തതുകൊണ്ടോ പ്രോസിക്യൂഷന്‍ അയഞ്ഞ നിലപാട് സ്വീകരിച്ചതുകൊണ്ടോ കുറ്റവിമുക്തരായി വിലസുകയും ചെയ്യുന്നു. 2002 മുതല്‍ 2006 വരെ ഗുജറാത്തില്‍ അരങ്ങേറിയ ഏറ്റുമുട്ടലുകളെക്കുറിച്ച് (ഏതാണ്ടെല്ലാറ്റിനെക്കുറിച്ചും വ്യാജ ഏറ്റുമുട്ടലെന്ന ആരോപണമുണ്ട്) അന്വേഷണം നടത്താന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് സുപ്രീം കോടതി തന്നെ ഒരു കമ്മിറ്റിയെ നിയോഗിച്ചിരുന്നു. അതിന്റെ അന്വേഷണം ഏതു ഘട്ടത്തിലായെന്ന് ആര്‍ക്കും തിട്ടമില്ല. കമ്മിറ്റിയെ നിയോഗിച്ച സുപ്രീം കോടതി പോലും അതിന്റെ പ്രവര്‍ത്തന പുരോഗതി പിന്നീട് ആരാഞ്ഞതായി വിവരമില്ല.
നിലനില്‍ക്കുന്ന സംവിധാനം ജനനന്മയും സാമൂഹിക പുരോഗതിയും ലാക്കാക്കി പ്രവര്‍ത്തിക്കുന്നുവെന്ന തോന്നല്‍ സൃഷ്ടിക്കുന്നതില്‍ വിജയിക്കാനാണ് ഭരണകൂടങ്ങള്‍ ശ്രമിക്കുന്നത്. അതിലൂടെ ജനതക്ക് സംവിധാനത്തിലുള്ള വിശ്വാസം നിലനിര്‍ത്തുകയും. ഏതാണ്ട് അതേ രീതിയിലാണ് നീതിന്യായ സംവിധാനങ്ങളും പ്രവര്‍ത്തിക്കുന്നത് എന്ന് കരുതേണ്ടിവരും. അഴിമതി, വ്യാജ ഏറ്റുമുട്ടല്‍, ഭരണകൂടം പ്രതിസ്ഥാനത്തു നില്‍ക്കുന്ന അതിക്രമങ്ങള്‍ എന്നിവയൊക്കെ പരിശോധിച്ചാല്‍ ന്യായാസനങ്ങളില്‍ നിന്നുയരുന്ന അഭിപ്രായ പ്രകടനങ്ങള്‍ നിലനില്‍ക്കുന്ന സംവിധാനത്തില്‍ വിശ്വാസം ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെ മാത്രമുള്ളതാണ്. കേസുകളിലെ തീര്‍പ്പുകള്‍ പലപ്പോഴും ഈ അഭിപ്രായ പ്രകടനങ്ങള്‍ക്ക് വിരുദ്ധമായിരിക്കും. ലഭ്യമാകുന്ന തെളുകളെ അടിസ്ഥാനമാക്കിയേ കോടതികള്‍ക്ക് തീരുമാനമെടുക്കാനാകൂ എന്ന ന്യായം ഇത്തരം ഘട്ടങ്ങളില്‍ ന്യായാസനങ്ങള്‍ക്ക് പറയാനുമുണ്ടാകും. ഒരു സംഗതിയുണ്ടാകുമ്പോഴുണ്ടാകുന്ന ജനരോഷത്തിന് തടയിടാന്‍ അഭിപ്രായ പ്രകടനങ്ങള്‍ സഹായിക്കുകയും ചെയ്യും. ജെ എന്‍ യുവില്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടന്നുവെന്ന് ആരോപിക്കപ്പെടുന്ന കേസിന്റെ മറപിടിച്ച് അരങ്ങേറിയ അതിക്രമങ്ങളുടെ കാര്യത്തിലും ഇതേ നിലപാടാണ് പരമോന്നത നീതിപീഠം സ്വീകരിച്ചത് എന്ന് തോന്നുന്നു.
നീതി നടപ്പാക്കിയാല്‍ മാത്രം പോര നടപ്പായെന്ന ബോധ്യം സൃഷ്ടിക്കുകയും വേണമെന്ന് കൂടിയുണ്ട് ആപ്തവാക്യമായി. അതുണ്ടായില്ലെന്ന ബോധ്യവും നടപ്പായത് അനീതിയാണെന്ന തോന്നലുമാണ് ഇപ്പോഴത്തെ രാജ്യദ്രോഹ ആരോപണത്തിന് ഇടയാക്കിയ രണ്ട് പ്രശ്‌നങ്ങളിലുമുള്ളത്. അതിനെ അഭിമുഖീകരിക്കാന്‍ മടിക്കുന്ന ഭരണകൂടം, പതിവ് പോലെ അടിച്ചമര്‍ത്തിന് യുക്തമായ വഴികള്‍ സ്വീകരിക്കുന്നു. അതിനോടുള്ള രോഷത്തെ നിയന്ത്രിച്ചുനിര്‍ത്തുക എന്ന കര്‍ത്തവ്യം നീതിന്യായ സംവിധാനവും നിര്‍വഹിക്കുന്നു. ഹിന്ദുത്വ ഫാസിസത്തോടുള്ള സന്ധി ഏതൊക്കെ തലങ്ങളിലാണാവോ? അവിടെ ചട്ടങ്ങളും ആപ്തവാക്യങ്ങളുമൊക്കെ ഏട്ടിലെ പശു മാത്രമാവും.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest