Connect with us

National

പേടി ആള്‍ക്കൂട്ടത്തെ; ജെഎന്‍യു വിദ്യാര്‍ഥികള്‍

Published

|

Last Updated

 

ന്യൂഡല്‍ഹി: ജനക്കൂട്ടം തങ്ങളെ തല്ലിക്കൊല്ലുമെന്ന ഭീതിയിലാണ് ഇത്രയും ദിനം കഴിഞ്ഞതെന്ന് രാജ്യദ്രോഹ കുറ്റത്തിന് കേസ് എടുത്തതോടെ ഒളിവില്‍പോയ ജെഎന്‍യു വിദ്യാര്‍ഥികള്‍. തങ്ങള്‍ക്കെതിരേ വ്യാപകമായി ആരോപണങ്ങളും വീഡിയോ സന്ദേശങ്ങളും സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ടായിരുന്നു. പുറത്തിറങ്ങിയാല്‍ ജനക്കൂട്ടം തല്ലിക്കൊല്ലുമെന്ന ഭീതിയിലാണ് കഴിഞ്ഞതെന്നും ഒളിവില്‍പോയ ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ മുന്‍ നേതാവ് അശുതോഷ് കുമാര്‍ പറഞ്ഞു.

ഒളിവില്‍പോയ അഞ്ച് വിദ്യാര്‍ഥികളും ഞായറാഴ്ച രാത്രി കാമ്പസില്‍ തിരിച്ചെത്തി. തങ്ങള്‍ക്കെതിരേ മനപൂര്‍വം രാജ്യദ്രോഹ കുറ്റത്തിന് കേസ് എടുക്കുകയായിരുന്നെന്ന് ഇവര്‍ പറഞ്ഞു. ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ, രാമ നാഗ, അശുതോഷ് കുമാര്‍, ആനന്ദ് പ്രകാശ് എന്നിവരാണ് ഫെബ്രുവരി 12 മുതല്‍ ഒളിവില്‍ പോയത്.

അന്വേഷണത്തോട് സഹകരിക്കാനാണ് തിരിച്ചെത്തിയതെന്നും തങ്ങള്‍ക്ക് ലഭിച്ച പിന്തുണയാണ് ഇതിനു പ്രചോദനമായതെന്നും ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ മുന്‍ നേതാവായ അശുതോഷ് പറഞ്ഞു. രാമ, അനിര്‍ബന്‍, ആനന്ത് എന്നിവര്‍ക്കൊപ്പമാണ് ഇത്രയും നാള്‍ ഒളിവില്‍ കഴിഞ്ഞത്. ഫെബ്രുവരി ഒമ്പതിനുശേഷം തങ്ങള്‍ നാലു പേരും ഉമര്‍ ഖാലിദുമായി ആശയവിനിമയം നടത്തിയിട്ടില്ലെന്നും അശുതോഷ് പറഞ്ഞു.