Connect with us

Health

സംസ്ഥാനത്ത് ക്യാന്‍സര്‍ രോഗികള്‍ പെരുകുന്നു

Published

|

Last Updated

കൊച്ചി: അര്‍ബുദ ബാധിതരുടെ എണ്ണം സംസ്ഥാനത്ത് ക്രമാതീതമായി ഉയരുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ തിരുവനന്തപുരം റീജ്യണല്‍ ക്യാന്‍സര്‍ സെന്ററില്‍ മാത്രം 43,630 പേര്‍ ചികില്‍സ തേടിയെന്നാണ് വിവരാവകാശ നിയമ പ്രകാരം ലഭിച്ച രേഖകളില്‍ പറയുന്നത്. തിരുവനന്തപുരം ജില്ലയിലാണ് രോഗികള്‍ അധികവുമുളളത്.

ഇതില്‍ തന്നെ സ്തനാര്‍ബുദമാണ് ഏറ്റവുമധികമെന്നാണ് ആര്‍ സി സിയുടെ കണക്കുകള്‍ പറയുന്നത്. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഇരുപതിനും നാല്‍പതിനും ഇടക്ക് പ്രായമുള്ള 422 പേരാണ് ക്യാന്‍സര്‍ ബാധിച്ച് ആര്‍ സി സിയില്‍ മരിച്ചത്.
2013 ല്‍ 12,999 പേരാണ് തിരുവനന്തപുരം റീജ്യണല്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സ തേടിയത്. 2014 ആയപ്പോഴേക്കുമത് 13,805 ആയി. വിവരാവകാശ രേഖകള്‍ പ്രകാരം 2015 ലെ ആദ്യ മൂന്ന് മാസങ്ങളില്‍ 3465 പേരാണ് ആര്‍ സി സിയില്‍ ചികിത്സക്കായി എത്തിയത്. അധികവും തൈറോയിഡ്, സ്തനം, ശ്വാസകോശം, ഉദരം എന്നിവടങ്ങളില്‍ അര്‍ബുദം ബാധിച്ചവര്‍. യുവാക്കള്‍ക്കിടയില്‍ കാന്‍സര്‍ രോഗം വര്‍ധിക്കുന്നതായും വിവാരവകാശനിയമ പ്രകാരം ലഭിച്ച കണക്കുകളില്‍ വ്യക്തമാകുന്നു.

2012 മുതല്‍ 6260 സ്തനാര്‍ബുദ രോഗികളാണ് ആര്‍ സി സിയില്‍ ചികിത്സ തേടിയെത്തിയത്. തൈറോയിഡ് ഗ്രന്ഥികള്‍ക്കും ശ്വാസകോശത്തിനും അര്‍ബുദം ബാധിക്കുന്നവരുടെ എണ്ണവും കൂടുന്നുണ്ട്. ചികിത്സ തേടിയെത്തിയ 43,630 രോഗികളില്‍ 9331 പേരും തിരുവന്തപുരം സ്വദേശികളാണ്. 60 മുതല്‍ 69 വരെ പ്രായമുള്ളവര്‍ക്കിടയിലാണ് രോഗം കൂടുതലായി കാണുന്നത്. ശ്വാസകോശ ക്യാന്‍സര്‍ ബാധിച്ചു മരിച്ചത് 452 പേരാണ്. രക്താര്‍ബുദം ബാധിച്ചു മരിച്ചത് 372 രോഗികള്‍.
കൊല്ലത്താണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. പുകയില ഉത്പന്നങ്ങള്‍ നിരോധിച്ചെങ്കിലും ഇവയുടെ ഉപയോഗം മൂലമുള്ള ക്യാന്‍സറിന് തിരുവനന്തപുരത്തു മാത്രം 2371 പേരാണ് ചികിത്സ തേടിയത്.
ചികിത്സക്കായി സംസ്ഥാനത്തിന് പുറത്ത് നിന്ന് ആര്‍ സി സിയില്‍ എത്തുന്നവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ മലബാര്‍ മേഖലയില്‍ നിന്ന് ചികിത്സക്കായി ആര്‍ സി സിയില്‍ എത്തുന്നവരുടെ എണ്ണത്തില്‍ നേരിയ കുറവുണ്ടായിട്ടുണ്ട്.
ആരോഗ്യത്തിന് ഹാനികരവും ക്യാന്‍സര്‍, ഹൃദയാഘാതം, പ്രമേഹം തുടങ്ങി വിവിധ രോഗങ്ങള്‍ക്ക് കാരണമാവുന്ന വെറ്റിലമുറുക്ക്, പുകയില, മയക്കുമരുന്ന് തുടങ്ങിയവയുടെ ഉപയോഗം ഇല്ലാതാക്കി മാരക രോഗമായ ക്യാന്‍സറിനെ സമൂഹത്തില്‍ നിന്ന് ഇല്ലായ്മ ചെയ്യാന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കപ്പെടുന്നുണ്ടെങ്കിലും ക്യാന്‍സറിന്റെ വളര്‍ച്ചക്ക് ഒന്നും ഒരു വിഘാതമാകുന്നില്ല. ജീവിത ശൈലിയിലെ മാറ്റങ്ങള്‍ രോഗം ക്ഷണിച്ചുവരുത്തുമ്പോള്‍ പ്രതിരോധിക്കാന്‍ നമ്മളൊരുക്കുന്ന സന്നാഹങ്ങള്‍ പോരെന്നാണ് ഈ കണക്കുകള്‍ കാണിക്കുന്നത്.

---- facebook comment plugin here -----

Latest