Connect with us

National

ജാട്ട് പ്രക്ഷോഭം തുടരുന്നു; കനാലിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു

Published

|

Last Updated

ന്യൂഡല്‍ഹി: ജാട്ട് സമരം തുടരുന്നു. സമരത്തെ തുടര്‍ന്ന് ജാട്ട് സമുദായത്തിന് ഒ.ബി.സി സംവരണം നല്‍കാമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയെങ്കിലും സമരം അവസാനിപ്പിക്കാന്‍ നേതാക്കള്‍ തയാറായിട്ടില്ല. രേഖാമൂലമുള്ള ഉറപ്പ് നല്‍കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് പ്രക്ഷോഭകര്‍. അതേ സമയം ഡല്‍ഹിയിലേക്ക് വെള്ളമെത്തിക്കുന്ന മുനക് കനാലിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു. ഹരിയാനയിലെ ജാട്ട് സംവരണ പ്രക്ഷോഭകര്‍ കനാലിലിലൂടെയുള്ള ജലവിതരണം തടസപ്പെടുത്തിയിരുന്നു. ഇതു മൂലം തലസ്ഥാനത്ത് കടുത്ത കുടിവെളള ക്ഷാമമാണ് അനുഭവപ്പെടുന്നത്. യമുനാ നദിയില്‍ നിന്നുള്ള വെള്ളം മുനക് കനാലിലൂടെ എത്തിച്ചാണ് ഡല്‍ഹി നിവാസികള്‍ക്ക് കുടിവെള്ളം നല്‍കുന്നത്.

അതേ സമയം, ഹരിയാനയില്‍ പലയിടത്തും അക്രമം തുടരുകയാണ്. റോത്തക്കില്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന്റെ കാര്‍ സമരക്കാര്‍ കത്തിച്ചതായി റിപ്പോര്‍ട്ടുണ്ട്. സംസ്ഥാനത്തെ പല റോഡുകളും പ്രക്ഷോഭകര്‍ തടസ്സപ്പെടുത്തിയിരിക്കുകയാണ്.

സമരം മൂലം ഡല്‍ഹിയില്‍ നിന്നും തിരിച്ചുമുള്ള ഗതാഗത മാര്‍ഗങ്ങളെല്ലാം അടഞ്ഞിരിക്കുകയാണ്. ഇവിടെ നിന്നുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ന്നു. 3000 രൂപ മുതല്‍ 4000 രൂപ വരെ നല്‍കേണ്ട ടിക്കറ്റുകള്‍ക്ക് നല്‍കേണ്ടി വരന്നത് 10,000ത്തിനും 20,000ത്തിനും ഇടയിലാണ്. എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, ജറ്റ് എയര്‍വേസ്, സ്‌പൈസ് ജെറ്റ് എന്നീ എയര്‍ലൈന്‍ കമ്പനികള്‍ വ്യോമയാന മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരം കലാപബാധിത റൂട്ടുകളില്‍ അധിക സര്‍വീസ് നടത്തുന്നുണ്ട്.