Connect with us

Gulf

ഒരു വര്‍ഷത്തെ ഭക്ഷ്യ ഇറക്കുമതി 2.6 ബില്യന്‍ കിലോ

Published

|

Last Updated

ദോഹ: ഉപയോഗയോഗ്യമല്ലെന്നു കണ്ടെത്തിയതിനെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം രാജ്യത്ത് ഇറക്കുമതി ചെയ്യാതെ തിരിച്ചയച്ചത് അഞ്ചു ദശലക്ഷം കിലോ ഭക്ഷ്യവസ്തുക്കള്‍. ഇത് ആകെ ഇറക്കുമതി ചെയ്തതിന്റെ രണ്ടു ശതമാനം വരും. രാജ്യത്ത് പോയ വര്‍ഷം 2.6 ബില്യന്‍ ഭക്ഷ്യവസ്തുക്കളാണ് വിദേശ രാജ്യങ്ങളില്‍നിന്നും ഇറക്കുമതി ചെയ്തത്. ജനസംഖ്യയുമായി താരതമ്യം ചെയ്യുമ്പോള്‍ ഒരാള്‍ക്ക് ഒരു ദിവസം മൂന്നു കിലോ തോതിലാണ് ഭക്ഷ്യോത്പന്നങ്ങളുടെ ഇറക്കുമതിയെന്ന് ഔദ്യോഗിക രേഖകള്‍ വ്യക്തമാക്കുന്നു.
പരിശോധനയില്‍ ആരോഗ്യത്തിനു ഹാനികരാമാണെന്നു കണ്ടെത്തിയിനെത്തുടര്‍ന്ന് വിപണിയില്‍നിന്നും പിടിച്ചെടുത്ത് നശിപ്പിച്ചത് 30 ലക്ഷം കിലോ വസ്തുക്കള്‍. 2.15 ദശലക്ഷം കിലോ ഉത്പന്നങ്ങള്‍ കയറ്റി അയച്ച രാജ്യത്തേക്കു തന്നെ തിരികെ അയക്കുകയായിരുന്നു. കപ്പല്‍ മാര്‍ഗവും വ്യോമ മാര്‍ഗവും കൊണ്ടു വന്ന ഭക്ഷ്യോത്പന്നങ്ങള്‍ ഇതില്‍പ്പെടും. വ്യോമ മാര്‍ഗം കൊണ്ടുവരുന്നവയാണ് പെട്ടെന്നു കേടു വരുന്നത്. ചേരുവകള്‍ രേഖപ്പെടുത്തിയ സ്‌ലിപ്പ് പതിക്കാത്ത 149 കാര്‍ട്ടണ്‍ വിനാഗിരി, 1392 കാര്‍ട്ടണ്‍ ഫ്രോസണ്‍ ബ്രഡ്, 1224 പെട്ടി ടൊമോട്ടോ പേസ്റ്റ് എന്നിവയും നിര്‍മാണപ്പിശകു കണ്ടെത്തിയതിനെത്തുടര്‍ന്ന് പിടിച്ചെടുക്കുകയോ തിരിച്ചയക്കുകയോചെയ്തു. 149 പെട്ടി അച്ചാറുകള്‍, 1872 കാര്‍ട്ടണ്‍ ജ്യൂസ്, 151 പായ്ക്കറ്റ് തേന്‍ എന്നിവയും വിവിധ കാരണങ്ങളാല്‍ പിടികൂടി.
ഹലാല്‍ ഉത്പന്നങ്ങളും പാനീയങ്ങളും മാത്രമേ രാജ്യത്ത് ഇറക്കുമതിക്ക് അനുമതിയുള്ളൂ. ഹലാല്‍ ഉറപ്പു വരുത്താന്‍ കഴിയാത്തതിനെത്തുടര്‍ന്ന് ഏതാനും പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് രാജ്യത്തു ഇറക്കുമതി വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. മാംസ്യം ഇറക്കുമതി ചെയ്യുന്നതിന് ജി സി സി രാജ്യങ്ങള്‍ 2011ല്‍ നിബന്ധനകള്‍ കൊണ്ടു വന്നിരുന്നു. ഇസ്‌ലാമിക ശരീഅ നിയമപ്രകാരം അറുത്ത് സംസ്‌കരിച്ചവയാണ് മാംസ്യം എന്ന് ഉറപ്പു വരുത്തുന്ന സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍ബന്ധമാക്കിയതുള്‍പ്പെടെയുള്ള നിബന്ധനകളാണ് ഏര്‍പ്പെടുത്തിയത്.
4,700 പെട്ടി ധാന്യങ്ങള്‍, കേക്കുകള്‍, ചിക്കന്‍, കുടിവെള്ളം, പാചക എണ്ണ എന്നിവയും കഴിഞ്ഞ വര്‍ഷങ്ങളില്‍ പിടിച്ചെടുത്ത് നശിപ്പിച്ചിട്ടുണ്ട്. പാനീയങ്ങളില്‍ ആല്‍ക്കഹോള്‍ അംശം കണ്ടെത്തിയതിനെത്തുടര്‍ന്നും മതസ്യങ്ങളില്‍ സ്വാഭാവികവിരുദ്ധത കണ്ടെത്തിയതിനെത്തുടര്‍ന്നും തിരിച്ചയച്ചു. ഭക്ഷ്യ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി നിരന്തരമായി പരിശോധനയും ജാഗ്രതയുമാണ് രാജ്യത്ത് പുലര്‍ത്തുന്നത്. കഴിഞ്ഞ വര്‍ഷം 7,162 സാമ്പിളുകളാണ് മന്ത്രാലയം ശേഖരിച്ച് സെന്‍ട്രല്‍ ഫുഡ് ലാബറട്ടറിയില്‍ പരിശോധിച്ചത്. ഇതില്‍ ഒമ്പതു ശതമാനനത്തിലും ഏതെങ്കിലും രീതിയിലുള്ള പ്രശ്‌നം കണ്ടെത്തി.
ദോഹ പോര്‍ട്ടിലാണ് രാജ്യത്തേക്കുള്ള ഭൂരിഭാഗം ഭക്ഷ്യോത്പന്നങ്ങളും എത്തുന്നത്. 901.5 ദശലക്ഷം കിലോ ഭക്ഷ്യോത്പന്നങ്ങളാണ് കഴിഞ്ഞ വര്‍ഷം രാജ്യത്തെത്തിയത്. ഇപ്പോള്‍ ഭക്ഷ്യോത്പന്നങ്ങള്‍ കൂടുതലായി ഇറക്കുമതി ചെയ്യുന്നതിന് പുതിയ ഹമദ് പോര്‍ട്ടില്‍ സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. ഈ വര്‍ഷം അവസാനത്തോടെയാണ് പോര്‍ട്ട് പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാകുമെന്നു പ്രതീക്ഷിക്കുന്നത്. പ്രതിവര്‍ഷം 20 ലക്ഷം കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്യാനുള്ള ശേഷിയാണ് പോര്‍ട്ടിനുണ്ടാകുക. കരമാര്‍ഗം 898.3 ദശലക്ഷം കിലോ രാജ്യത്തേക്കു വന്നത്. 738.3 കിലോ വസ്തുക്കള്‍ വ്യോമമാര്‍ഗവും വന്നു. അടുത്തിടെ തുറന്ന റുവൈസ് പോര്‍ട്ടില്‍ ആദ്യ രണ്ടു മാസം 216,850 കിലോ ഇറക്കുമതി നടന്നു.