Connect with us

International

ഹിസ്ബുല്ലയുടെ സര്‍വാധിപത്യം: ലബനീസ് നീതി മന്ത്രി രാജിവെച്ചു

Published

|

Last Updated

ബെയ്‌റൂത്ത്: രാജ്യത്തെ സര്‍ക്കാറില്‍ ഹിസ്ബുല്ല നടത്തുന്ന സര്‍വാധിപത്യത്തില്‍ പ്രതിഷേധിച്ച് ലബനീസ് നീതി മന്ത്രി അശ്‌റഫ് റിഫി രാജിവെച്ചു. ലബനീസ് സൈന്യത്തിന് നല്‍കാമെന്ന് വാഗ്ദാനം ചെയ്തിരുന്ന മൂന്ന് മില്യന്‍ ഡോളര്‍ സഊദി നല്‍കുന്നില്ലെന്ന പ്രഖ്യാപനത്തിന് രണ്ട് ദിവസത്തിന് ശേഷമാണ് രാജിയെന്നത് ശ്രദ്ധേയമാണ്. സര്‍ക്കാറിന്റെ നയപരിപാടികളില്‍ ശിയാ സായുധ പാര്‍ട്ടിയായ ഹിസ്ബുല്ലയുടെ സര്‍വാധിപത്യമാണെന്ന് ഹിസ്ബുല്ലയുടെ മുഖ്യശത്രുവായ റിഫി തന്റെ രാജി പ്രസ്താവനയില്‍ പറയുന്നു. രാജ്യത്തിന്റെ പാര്‍ലിമെന്റില്‍ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിയാണ് ഹിസ്ബുല്ല. അതേസമയം തങ്ങളുടെ സായുധസേനയെ ഇവര്‍ ശക്തരാക്കുകയും ചെയ്യുന്നുവെന്ന് പ്രസ്താവനയില്‍ പറഞ്ഞു. ശിയാ ആശയമുള്ള ഒരു ചെറുരാജ്യമായി വാര്‍ത്തെടുക്കാന്‍ സര്‍ക്കാറിന്റെ തീരുമാനങ്ങള്‍ ഏകീകരിക്കുകയാണ്. ഇതിനായി സര്‍ക്കാറിന്റെ നയപരിപാടികളിലും മറ്റും ഇടപെട്ട് സര്‍ക്കാറിനെ ഒരു ചാലകവസ്തുവാക്കി മാറ്റുകയാണ്. ഭാവിയില്‍ നടക്കുന്ന തെറ്റുകള്‍ക്ക് സാക്ഷിയാകാന്‍ താനില്ല. അതിനാല്‍ രാജിവെക്കുകയാണെന്ന് പ്രസ്താവനിയില്‍ പറയുന്നു. അശ്‌റഫ് റിഫിക്ക് പകരം ആക്ടിംഗ് ജസ്റ്റിസ് മന്ത്രിയായി ജൂഡ് ആലീസിനെ നിയമിച്ചതായി ഹിസ്ബുല്ല ചാനലായ അല്‍മനാര്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ 21 മാസമായി രാജ്യത്തിന് പ്രസിഡന്റില്ലെന്നും രാഷ്ട്രീയ അസ്ഥിരതക്ക് കാരണം ഹിസ്ബുല്ലയാണെന്നും റിഫി കുറ്റപ്പെടുത്തി. മന്ത്രിയുടെ രാജിയുടെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 14ന് രൂപപ്പെട്ട സഖ്യകക്ഷികളുടെ യോഗം ചേര്‍ന്നു. ഹിസ്ബുല്ലയുടെ നടപടി അറബ് ഗള്‍ഫ് രാജ്യങ്ങളില്‍ ജോലിയെടുക്കുന്ന പതിനായിരക്കണക്കിന് ലബനീസ് കുടുംബങ്ങളെ ബാധിക്കുമെന്ന് ഇവര്‍ മുന്നറിയിപ്പ് നല്‍കി. ഇസില്‍ ഭീകരാവദികള്‍ക്കെതിരെ പോരാട്ടം ശക്തമാക്കുന്നതിനായി സിറിയയിലേക്ക് അയച്ച ഹിസ്ബുല്ല സേനയെ പിന്‍വലിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

Latest