Connect with us

International

ഉത്തര കൊറിയയും അമേരിക്കയും രഹസ്യ ചര്‍ച്ചക്ക് പദ്ധതിയിട്ടെന്ന്

Published

|

Last Updated

വാഷിംഗ്ടണ്‍: ഉത്തര കൊറിയ ആണവ പരീക്ഷണം നടത്തുന്നതിന് മുമ്പായി അമേരിക്ക ആ രാജ്യവുമായി രഹസ്യ ചര്‍ച്ചക്ക് കരാറിലെത്തിയിരുന്നതായി റിപ്പോര്‍ട്ട്. ആണവ പരീക്ഷണം നടത്തുന്നതിന്റെ തൊട്ടുമുമ്പുള്ള ദിവസങ്ങളിലാണ് ഇത്തരമൊരു ധാരണയിലെത്തിയതെന്നും വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ചര്‍ച്ചയുടെ ലക്ഷ്യം അമേരിക്കന്‍ താത്പര്യങ്ങളും ലക്ഷ്യങ്ങളും നേടിയെടുക്കലായിരുന്നുവെന്നാണ് അമേരിക്കയുടെ പ്രതികരണം.
സമാധാന നീക്കങ്ങള്‍ ലക്ഷ്യമിട്ട് ഉത്തര കൊറിയയാണ് ചര്‍ച്ചക്ക് ആദ്യം മുന്നോട്ടുവന്നതെന്ന് യു എസ് വിദേശകാര്യ വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു. ഉത്തര കൊറിയയുടെ ആവശ്യം വളരെ ശ്രദ്ധാപൂര്‍വമാണ് പരിഗണിച്ചത്. ഏത് ചര്‍ച്ചയുടെയും ഭാഗമായി ആണവനിരായൂധീകരണം വരണമെന്നും ആവശ്യം മുന്നോട്ടുവെച്ചെങ്കിലും ഇത് ഉത്തര കൊറിയ നിരാകരിക്കുകയായിരുന്നു. ദീര്‍ഘകാലമായി അമേരിക്ക മുന്നോട്ടുവെക്കുന്ന ആണവനിരായൂധീകരണമായിരുന്നു ഇത്തരമൊരു ചര്‍ച്ചയിലൂടെ ലക്ഷ്യമാക്കിയതെന്നും കിര്‍ബി കൂട്ടിച്ചേര്‍ത്തു.
അമേരിക്കന്‍ പ്രസിഡന്റായി ബരാക് ഒബാമ രണ്ടാമതും അധികാരത്തിലേറിയ ശേഷം ഉത്തര കൊറിയയെ നിരായൂധീകരിക്കുക എന്ന ലക്ഷ്യത്തോടെ പല ശ്രമങ്ങളും നടത്തിയിരുന്നു. ഇതിലെ അവസാനത്തെ ശ്രമമായിരുന്നു ആണവ പരീക്ഷണത്തിന് മുമ്പ് നടന്ന നീക്കം. എന്നാല്‍ ഇതിന് തൊട്ടടുത്ത ദിവസം തന്നെ ഹൈഡ്രജന്‍ ബോംബ് പരീക്ഷണം നടത്തി ഉത്തര കൊറിയ ലോക രാജ്യങ്ങളെ മുഴുവന്‍ ഞെട്ടിച്ചു. എന്നാല്‍ ഉത്തര കൊറിയ നടത്തിയ ഹൈഡ്രജന്‍ ബോംബ് പരീക്ഷണത്തിന്റെ യാഥാര്‍ഥ്യം ചോദ്യം ചെയ്ത് നിരവധി വിദഗ്ധര്‍ രംഗത്തെത്തിയിരുന്നു. ഇതിന് പുറമെ യു എന്‍ സുരക്ഷാ കൗണ്‍സിലിന്റെ പ്രമേയത്തിന് വിരുദ്ധമായി ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണവും ഉത്തര കൊറിയ അടുത്തിടെ നടത്തി. ഇതിന്റെ പേരില്‍ കടുത്ത ഉപരോധ ഭീഷണിയിലാണ് ആ രാജ്യം. ഈ മാസം 18ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ഉത്തര കൊറിയക്കെതിരെ നടപ്പാക്കുന്ന പുതിയ ഉപരോധ നീക്കത്തിന് അനുമതി നല്‍കുകയും ചെയ്തിട്ടുണ്ട്.

---- facebook comment plugin here -----

Latest