Connect with us

National

അഭിഭാഷകരുടെ അഴിഞ്ഞാട്ടം സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് സുപ്രീംകോടതി

Published

|

Last Updated

ന്യൂഡല്‍ഹി: പട്യാല ഹൗസ് കോടതി വളപ്പില്‍ അഭിഭാഷകര്‍ നടത്തിയ ആക്രമണത്തെ കുറിച്ചുള്ള റിപ്പോര്‍ട്ട് പരസ്യമാക്കരുതെന്ന കേന്ദ്ര സര്‍ക്കാറിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. രാജ്യദ്രോഹക്കുറ്റം ചുമത്തി ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്ത ജെ എന്‍ യു യൂനിയന്‍ പ്രസിഡന്റ് കന്‍ഹയ്യ കുമാറിനെ ഹാജരാക്കവേ സംഘ്പരിവാര്‍ അനുകൂല അഭിഭാഷകര്‍ അക്രമമഴിച്ചുവിട്ട സംഭവത്തില്‍ സുപ്രീം കോടതി നിയോഗിച്ച അഭിഭാഷക സംഘത്തിന്റെ റിപ്പോര്‍ട്ട് പരസ്യമാക്കരുതെന്ന ആവശ്യമാണ് സുപ്രീം കോടതി നിരാകരിച്ചത്. അഭിഭാഷക കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു.
കന്‍ഹയ്യ കുമാറിന്റെ ജാമ്യാപേക്ഷ നിലവില്‍ സുപ്രീം കോടതിയുടെ പരിഗണനയിലുള്ളതിനാല്‍ റിപ്പോര്‍ട്ടിലെ ഉള്ളടക്കങ്ങള്‍ പുറത്തുവരുന്നത് കേസിനെ സ്വാധീനിക്കാനിടയുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാറിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ രഞ്ജിത്കുമാര്‍ വാദിച്ചത്. ഒപ്പം ഡല്‍ഹി പോലീസിന് വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും ഇതേ വാദം ആവര്‍ത്തിച്ചു. ഈ വാദങ്ങളോട് വിയോജിച്ച കോടതി, കേസില്‍ ബന്ധമുള്ള എല്ലാ കക്ഷികള്‍ക്കും റിപ്പോര്‍ട്ട് കൈമാറാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. കേസിന്റെ വസ്തുതകളിലേക്ക് ഇപ്പോള്‍ പോകുന്നില്ലെന്നും പട്യാല ഹൗസ് കോടതിയിലുണ്ടായ അക്രമസംഭവങ്ങള്‍ മാത്രമേ പരിശോധിക്കുന്നുള്ളൂവെന്നും സുപ്രീം കോടതി പറഞ്ഞു. ഇതോടൊപ്പം അഭിഭാഷകരെ ഗുണ്ടകളും ക്രിമിനലുകളുമായി മുദ്രകുത്തുന്നതിനെതിരെ ഒരുസംഘം അഭിഭാഷകര്‍ സമര്‍പ്പിച്ച ഹരജിയും കോടതി പരിഗണിച്ചില്ല.
പട്യാല ഹൗസ് കോടതിയില്‍ നടന്ന സംഭവം മാത്രമാണ് പരിഗണിക്കുന്നതെന്നും അതിന്റെ അനന്തരഫലങ്ങളിലേക്ക് കടക്കുന്നില്ലെന്നും പറഞ്ഞാണ് ഹരജി തള്ളിയത്.
ജസ്റ്റിസ് ജെ ചെലമേശ്വര്‍ അധ്യക്ഷനായ ബഞ്ചാണ് നടപടി സ്വീകരിച്ചത്. കേസ് അടുത്തമാസം പത്തിന് വീണ്ടും പരിഗണിക്കും. ആക്രമണവുമായി ബന്ധപ്പെട്ട് ഡല്‍ഹി ഹൈക്കോടതി രജിസ്ട്രാര്‍, സുപ്രീം കോടതി നിയമിച്ച അഭിഭാഷക കമ്മീഷന്‍, ഡല്‍ഹി പോലീസ്, ബാര്‍ കൗണ്‍സില്‍, ഡല്‍ഹി ഹൈക്കോടതി അഡ്മിനിസ്‌ട്രേറ്റിവ് കമ്മിറ്റി, കന്‍ഹയ്യ കുമാറിന്റെ അഭിഭാഷകന്‍ എന്നിവരില്‍ നിന്ന് സുപ്രീം കോടതി റിപ്പോര്‍ട്ടുകള്‍ തേടിയിരുന്നു. അഭിഭാഷക കമ്മീഷന്റെ റിപ്പോര്‍ട്ട് നേരത്തെ സുപ്രീം കോടതി പരിഗണിച്ചിരുന്നുവെങ്കിലും റിപ്പോര്‍ട്ട് സംബന്ധിച്ച് ഡല്‍ഹി പോലീസും കേന്ദ്ര സര്‍ക്കാറും വിയോജിപ്പ് പ്രകടിപ്പിച്ചതിനാല്‍ വിശദപരിശോധനക്കായി ഇന്നലത്തേക്ക് മാറ്റുകയായിരുന്നു.
ആക്രമണങ്ങള്‍ തടയാന്‍ പോലീസ് ഇടപെട്ടില്ലെന്നും തങ്ങള്‍ക്കെതിരെ നിന്ദ്യമായ പദങ്ങളുപയോഗിച്ചതായും കമ്മീഷന്‍ കുറ്റപ്പെടുത്തിയിരുന്നു. റിപ്പോര്‍ട്ടിന്റെ കൂടെ അവര്‍ സന്ദര്‍ശിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളടങ്ങുന്ന പെന്‍ഡ്രൈവും സമര്‍പ്പിച്ചിരുന്നു. കപില്‍ സിബലിന്റെ നേതൃത്വത്തിലുള്ള സംഘത്തെയാണ് കോടതി നിയോഗിച്ചത്. പട്യാല കോടതിയിലെത്തിയ കമ്മീഷനെതിരെയും അഭിഭാഷകര്‍ അക്രമണമഴിച്ചുവിട്ടിരുന്നു.

ബ്യൂറോ ചീഫ്, തിരുവനന്തപുരം