Connect with us

Kannur

പാര്‍ട്ടി ബന്ധം ശക്തിപ്പെടുത്താന്‍ പ്രമുഖരുടെ മണ്ഡലം യോഗങ്ങള്‍; സി പി എം തിരഞ്ഞെടുപ്പ് ഒരുക്കം തുടങ്ങി

Published

|

Last Updated

കണ്ണൂര്‍: നിയമ സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിനും നയരൂപവത്കരണത്തിനുമായി സി പി എം ഒരുക്കം തുടങ്ങി. സംസ്ഥാനത്തെ എല്ലാ നിയോജക മണ്ഡലങ്ങളിലും വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖരെ ഉള്‍പ്പെടുത്തിയുള്ള മണ്ഡലം യോഗങ്ങള്‍ തുടങ്ങി. രണ്ടാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാകും വിധത്തില്‍ അടിയന്തര പ്രാധാന്യത്തോടെയാണ് മണ്ഡല തല യോഗങ്ങള്‍ നടത്താന്‍ പാര്‍ട്ടി നേതൃത്വം നിര്‍ദേശിച്ചിട്ടുള്ളത്. തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് എല്‍ ഡി എഫ് നടത്തിയ വികസനാഭിപ്രായ സെമിനാറുകളും മറ്റും നടത്തുന്നതിന് മുന്നോടിയാണ് പ്രമുഖരുടെ മണ്ഡലം യോഗങ്ങള്‍ തുടങ്ങിയത്. പാര്‍ട്ടിയുമായി അകന്ന ബന്ധമുള്ളവരെപ്പോലും മണ്ഡലം യോഗങ്ങളില്‍ ക്ഷണിക്കുന്നുണ്ടെന്നതാണ് ഇത്തവണത്തെ പ്രത്യേകത.
തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് എല്ലാ കാലത്തും പാര്‍ട്ടി പ്രത്യേക യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കാറുണ്ടെങ്കിലും ആദ്യമായാണ് പ്രമുഖരുടെയെന്ന പേരില്‍ പ്രത്യേക യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കുന്നത്. വ്യവസായികള്‍, ഡോക്ടര്‍മാര്‍, അഭിഭാഷകര്‍, സമൂഹത്തില്‍ പ്രധാന പദവിയിലിരിക്കുന്ന മറ്റു വ്യക്തിത്വങ്ങള്‍ തുടങ്ങി എല്ലാ മേഖലകളിലുള്ളവരെയും യോഗത്തില്‍ ക്ഷണിക്കുന്നുണ്ട്. അതാത് മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്ന എം എല്‍ എ, മണ്ഡലം പരിധിയിലെ ഏരിയാ സെക്രട്ടറിമാര്‍ എന്നിയവര്‍ പങ്കെടുക്കുന്ന യോഗങ്ങളില്‍ പാര്‍ട്ടിയുടെ ഒരു സംസ്ഥാന കമ്മിറ്റിയംഗവും പങ്കെടുക്കും.
പാര്‍ട്ടി നിലപാട് വിശദീകരിക്കുക മാത്രമാണ് ഇതില്‍ പാര്‍ട്ടി ഭാരവാഹികളുടെ കടമ. മണ്ഡലത്തില്‍ ഏതൊക്കെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നതിനെക്കുറിച്ചും സ്ഥാനാര്‍ഥി ആരാകണമെന്നതിനെക്കുറിച്ചുമെല്ലാം യോഗങ്ങളില്‍ പങ്കെടുക്കുന്നവരില്‍ നിന്ന് അഭിപ്രായം തേടുന്നുണ്ട്. ഈ അഭിപ്രപായങ്ങള്‍ കൂടി പരിഗണിച്ചായിരിക്കും മണ്ഡലത്തിലെ സ്ഥാനാര്‍ഥി നിര്‍ണയം നടത്തുക. ഉറച്ച കോട്ടകളില്‍ നടക്കുന്ന യോഗങ്ങളിലേതിനേക്കാള്‍ സി പി എമ്മിന് സ്വാധീനം കുറഞ്ഞയിടങ്ങളിലെ പ്രമുഖരുടെ യോഗങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യം കല്‍പ്പിക്കുന്നുണ്ട്. ഇവിടങ്ങളില്‍ പാര്‍ട്ടി എരിയാ സെക്രട്ടറിമാര്‍തന്നെ മണ്ഡലങ്ങളിലെ പ്രമുഖരെ ക്ഷണിക്കണമെന്നാണ് നിര്‍ദേശം.
പാര്‍ട്ടിയുമായി ബന്ധം കാത്തു സൂക്ഷിക്കുന്ന വിവിധ മത വിഭാഗങ്ങളിലെ പ്രമുഖരും ഇത്തരം ഇടങ്ങളിലെ യോഗങ്ങളില്‍ പ്രത്യേക ക്ഷണിതാക്കളായിരിക്കും. കതിരൂര്‍ മനോജ് വധക്കേസുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ജില്ലയിലെ സി പി എമ്മിന്റെ ശക്തികേന്ദ്രത്തിനു നേരെയുള്ള ഭരണകൂടത്തിന്റെ ഇടപെടലിനെക്കുറിച്ച് വിശദീകരിക്കാനും നേതൃത്വം പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. കണ്ണൂര്‍ ജില്ലയിലാണ് ഇത്തരം യോഗങ്ങള്‍ക്ക് ആദ്യം തുടക്കമിട്ടത്. സി പി എമ്മിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരായിരിക്കണമെന്നതിനെക്കുറിച്ചു പോലും ചില മണ്ഡലങ്ങളിലെ ചര്‍ച്ചകളില്‍ നിന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.
കണ്ണൂരിലെ യോഗങ്ങളില്‍ പിണറായി വിജയന്‍ തന്നെ മുഖ്യ മന്ത്രിസ്ഥാനത്തെത്തണമെന്ന ആവശ്യമാണ് കൂടുതല്‍ ഉയര്‍ന്നത്. വടക്കന്‍ ജില്ലകളില്‍ നിന്ന് വ്യത്യസ്തമായി മധ്യതിരുവിതാംകൂറിലും തെക്കന്‍ ജില്ലകളിലും ഇത്തരം യോഗങ്ങള്‍ പാര്‍ട്ടിക്ക് കൂടുതല്‍ ഗുണകരമാകുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

---- facebook comment plugin here -----

Latest