Connect with us

National

ദാരിദ്ര്യ നിര്‍മാര്‍ജ്ജനമാണ് സര്‍ക്കാരിന്റെ മുഖ്യ അജണ്ട

Published

|

Last Updated

ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി. ദാരിദ്ര്യ നിര്‍മാര്‍ജ്ജനമാണ് സര്‍ക്കാരിന്റെ മുഖ്യ അജണ്ടയെന്ന് പ്രസംഗത്തില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി പറഞ്ഞു.പറഞ്ഞു. ഭക്ഷ്യസുരക്ഷക്കും ഭവന നിര്‍മാണത്തിനും മുന്‍ഗണന നല്‍കും. ദരിദ്രര്‍ക്കായി മൂന്ന് ക്ഷേമപദ്ധതികള്‍ ആവിഷ്‌കരിക്കും. എല്ലാവര്‍ക്കും വീട് നല്‍കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. 2022ല്‍ എല്ലാവര്‍ക്കും വീട് എന്നതാണ് ലക്ഷ്യമെന്നും രാഷ്ട്രപതി പറഞ്ഞു.

എല്ലാവര്‍ക്കും ഒപ്പം എല്ലാവര്‍ക്കും വികസനം എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നെന്നും ഭാവി തലമുറയെ നിര്‍മ്മിക്കുന്നത് ഇന്നത്തെ യുവാക്കളാണ്. തൊഴിലില്ലായ്മ ഇല്ലാതാക്കാനും അഭ്യസ്ത വിദ്യരായ യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുക എന്നതുമാണ് സര്‍ക്കാരിന്റെ സുപ്രധാന പ്രവര്‍ത്തനങ്ങളില്‍ ഒന്ന് എന്ന് അദ്ദേഹം പറഞ്ഞു.

പാവങ്ങളുടെയും കൃഷിക്കാരുടെയും വികസനമാണ് സര്‍ക്കാരിന്റെ മറ്റൊരു അജണ്ട. എല്ലാവര്‍ക്കും ബാങ്ക് അക്കൗണ്ട് തുടങ്ങുക എന്ന പദ്ധതി വിജയകരമായെന്നും പ്രണബ് മുഖര്‍ജി നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു. വികസനവും ദാരിദ്ര്യ നിര്‍മാര്‍ജനവും പ്രധാന അജണ്ടയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. സാമൂഹ്യ സുരക്ഷ പ്രധാന പരിഗണന നല്‍കും. അംബേദ്ക്കറുടെ പാരമ്പര്യമാണ് സര്‍ക്കാര്‍ പിന്തുടരുന്നതെന്നും അദ്ദേഹം നയപ്രഖ്യാപനത്തില്‍ വ്യക്തമാക്കി. അഴിമതി തുടച്ചു നീക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ ശക്തമായ നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കുകയെന്നും രാഷ്ട്രപതി പറഞ്ഞു.

ഈ മാസം 25ന് റെയില്‍വെ ബജറ്റും 29ന് പൊതുബജറ്റും അവതരിപ്പിക്കും. ചരക്കു സേവന നികുതി ബില്‍ അടക്കമുള്ള സുപ്രധാന ബില്ലുകള്‍ ഈ സമ്മേളനത്തില്‍ പാസ്സാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ജെ.എന്‍.യു പ്രശ്‌നം, രോഹിത് വെമുലയുടെ ആത്മഹത്യ തുടങ്ങി എല്ലാ വിഷയങ്ങളും പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട പ്രതിപക്ഷം സര്‍ക്കാറിനെതിരെ ആഞ്ഞടിക്കാനുള്ള ഒരുക്കത്തിലാണ്.

Latest