Connect with us

Qatar

രാജ്യത്ത് വീണ്ടും മഴ വരുന്നു; കാറ്റിനും ഇടിക്കും സാധ്യത

Published

|

Last Updated

ദോഹ: അന്തരീക്ഷത്തില്‍ ചൂടു കൂടുമ്പോള്‍ തണുപ്പു തരാന്‍ വീണ്ടും മഴ വരുന്നു. ഇന്ന് രാത്രി പലയിടത്തായി പെയ്തു തുടങ്ങുന്ന ചാറ്റല്‍ മഴ നാളെ ഇടിയോട് കൂടിയ ശക്തി പ്രാപിക്കുമെന്ന് അല്‍ ജസീറ ഇംഗ്ലീഷിലെ മുതിര്‍ന്ന കാലാവസ്ഥാ വിദഗ്ധ സ്‌റ്റെഫ് ഗോള്‍ട്ടര്‍ പറയുന്നു. ബുധനാഴ്ച രാവിലെ രാജ്യത്തിന്റെ പല ഭാഗത്തും മഴ പ്രതീക്ഷിക്കാം. സ്‌കൂളിലേക്കും ജോലിക്കും മറ്റും പുറപ്പെടുന്നവര്‍ കാലതാമസം ഒഴിവാക്കാന്‍ നേരത്തേ ഇറങ്ങണമെന്ന് ഖത്വര്‍ കാലാവസ്ഥാ വകുപ്പ് പ്രവചന-വിശകലന വിഭാഗം മേധാവി അബ്്ദുല്ല അല്‍മന്നായി പറഞ്ഞു.
ഇന്ന് വൈകുന്നേരം മുതല്‍ തന്നെ ചെറിയ ഇടിയോട് കൂടിയ മഴ തുടങ്ങും. നാളെയും തുടരുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അന്തരീക്ഷത്തിന്റെ മേല്‍പ്പരപ്പില്‍ അനുഭവപ്പെടുന്ന മാറ്റമാണ് ഈ അസ്ഥിര കാലാവസ്ഥയ്ക്ക് കാരണം.
നാളെ ഉച്ച മുതല്‍ വെള്ളിയാഴ്ച വൈകുന്നേരം വരെ മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് അനുഭവപ്പെടും. കാഴ്ചാ പരിധി ഉയരാനും കടലില്‍ തിരമാലകള്‍ ശക്തമാകാനും ഇടയുണ്ട്. കാറ്റിന്റെ ഫലമായി അന്തരീക്ഷ താപനില രാത്രിയില്‍ 14 ഡിഗ്രിവരെ താഴും. പകല്‍ പരമാവധി താപനില 26 ഡിഗ്രിയായിരിക്കും. ഈ സമയത്ത് രാജ്യത്ത് മഴ അസാധാരണമല്ല. മുന്‍വര്‍ഷങ്ങളിലെ മഴ ശക്തമായ വെള്ളക്കെട്ടിനിടയാക്കിയിരുന്നു.
എന്നാല്‍, ഇത്തവണ അത്ര വലിയ മഴ പ്രതീക്ഷിക്കുന്നില്ലെന്നാണ് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നത്.