Connect with us

Kasargod

സംസ്ഥാനത്തെ രണ്ട് ലക്ഷം ഭൂരഹിതര്‍ക്ക് ഉടന്‍ പട്ടയം: മന്ത്രി

Published

|

Last Updated

കാസര്‍കോട്: മാര്‍ച്ച് 31 നകം സംസ്ഥാനത്തെ രണ്ട് ലക്ഷം ഭൂരഹിതര്‍ക്ക് പട്ടയം നല്‍കുമെന്നും എണ്ണൂറോളം വില്ലേജുകളില്‍ ഓണ്‍ലൈന്‍ പോക്കുവരവ് പദ്ധതി ആരംഭിക്കുമെന്നും റവന്യൂ, സര്‍വ്വെ മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു.
ഓണ്‍ലൈനായി വസ്തുവിന്റെ കരം അടക്കുന്നതിനും സംവിധാനം ഏര്‍പ്പെടുത്തും. കാസര്‍കോട് സിവില്‍സ്റ്റേഷനില്‍ ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയുടെ ഭാഗമായി നടത്തിയ ഭൂവിതരണമേളയും ഓണ്‍ലൈന്‍പോക്കുവരവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് 2,43,928 ഭൂരഹിതരാണുള്ളത്. ഇതില്‍ 1,56,794 ഭൂരഹിതര്‍ക്ക് പട്ടയം നല്‍കിയതായി മന്ത്രി പറഞ്ഞു. മാര്‍ച്ച് 31നകം ഇത് രണ്ട് ലക്ഷത്തോളമാകും. റവന്യുവകുപ്പില്‍ നടപ്പാക്കിയ കമ്പ്യൂട്ടര്‍വത്കരണത്തിന്റെ ഭാഗമായി ഇതുവരെ 1,87,62,201 സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനായി നല്‍കി.
ഓണ്‍ലൈന്‍ പോക്കുവരവ് പദ്ധതി എല്ലാ വില്ലേജുകളിലും നടപ്പില്‍ വരുത്തുകയാണ് ലക്ഷ്യം. ഇതോടെ വില്ലേജുകളിലെ എല്ലാ ഭൂവുടമകളുടെയും വിവരങ്ങള്‍ സര്‍വ്വറില്‍ ലഭ്യമാകും. അടുത്ത ഘട്ടത്തില്‍ ഈ വിവരങ്ങള്‍ ഉപയോഗിച്ച് എല്ലാ വില്ലേജുകളിലും ഓണ്‍ലൈന്‍ ടാക്‌സ് പദ്ധതി നടപ്പില്‍ വരുത്തും. ഇതിനാവശ്യമായ സോഫ്റ്റ് വെയര്‍ തയ്യാറാക്കി.
ലോകത്തിന്റെ ഏത് കോണിലിരുന്നും തന്റെ വസ്തുവിന്റെ കരം അടയ്ക്കാനുളള സംവിധാനം നിലവില്‍ വരും. വില്ലേജ് ഓഫീസില്‍ നേരിട്ട് കരം സ്വീകരിക്കുവാനും അവ ഓണ്‍ലൈന്‍ സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് രസീത് ഗ്രാന്റ് ചെയ്ത് നല്‍കുന്ന നാള്‍വഴി സോഫ്റ്റ് വെയറും ഉടന്‍ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ അധ്യക്ഷത വഹിച്ചു.
എം എല്‍ എ മാരായ പി ബി അബ്ദുറസാഖ്, കെ കുഞ്ഞിരാമന്‍(ഉദുമ), ഇ ചന്ദ്രശേഖരന്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, കാസര്‍കോട് മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം, ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാഹിന സലീം, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ പാദൂര്‍ കുഞ്ഞാമു, ജില്ലാ പഞ്ചായത്തംഗം മുംതാസ് സമീറ, ചെങ്കള പഞ്ചായത്ത് മെമ്പര്‍ ബി സദാനന്ദ, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ കെ പി കുഞ്ഞിക്കണ്ണന്‍, ബി കെ ഫൈസല്‍, ഗോവിന്ദന്‍ പളളിക്കാപ്പില്‍, അഡ്വ. കെ ശ്രീകാന്ത്, എ കുഞ്ഞിരാമന്‍ നായര്‍, എ വി രാമകൃഷ്ണന്‍ പ്രസംഗിച്ചു. ജില്ലാകളക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ സ്വാഗതവും സബ്കളക്ടര്‍ മൃണ്‍മയി ജോഷി ശശാങ്ക് നന്ദിയും പറഞ്ഞു.

Latest