Connect with us

Kerala

നടപടികള്‍ ഫലം കാണുന്നില്ല; ഓണ്‍ലൈന്‍ പെണ്‍വാണിഭ മാഫിയ പ്രവര്‍ത്തനം തുടരുന്നു

Published

|

Last Updated

ചാവക്കാട്: വ്യാപകമായ നടപടികളുണ്ടായിട്ടും ഓണ്‍ലൈന്‍ പെണ്‍വാണിഭ മാഫിയ സംസ്ഥാനത്ത് പ്രവര്‍ത്തനം തുടരുന്നു. സൗജന്യ വെബ്‌സൈറ്റുകള്‍ക്ക് പുറമെ വാട്‌സ് ആപ്പ്, സ്‌കൈപ്പ്, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയകള്‍ വഴിയും പെണ്‍വാണിഭ മാഫിയകളുടെ പ്രവര്‍ത്തനം സജീവമാണ്.
എന്ത് നിയമ നടപടിയുണ്ടായാലും ആവശ്യക്കാരുണ്ടെന്ന് തിരിച്ചറിവാണ് ഓണ്‍ലൈന്‍ പെണ്‍വാണിഭം സജീവമാകാന്‍ പ്രധാന കാരണം. സൗജന്യ ക്ലാസിഫൈഡ് വെബ്‌പോര്‍ട്ടലായ ലൊക്കാന്റോ പോലുള്ള സൈറ്റുകളാണ് പെണ്‍വാണിഭ മാഫിയാ സംഘത്തിന്റെ കേന്ദ്രം. ലൊക്കാന്റോ വെബ്‌സൈറ്റില്‍ പങ്കാളിയെ ആവശ്യമുണ്ടെന്നറിയിച്ച് അക്കൗണ്ട് ആരംഭിച്ചാല്‍ ദിനംപ്രതി സംസ്ഥാനത്തിനകത്തും പുറത്തു നിന്നുമായി നൂറ് കണക്കിന് പേരാണ് ഇവരുമായി ബന്ധപ്പെടുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നായിരിക്കും കൂടുതല്‍ ഫോണ്‍ കോളുകളും എത്തുക.
വെബ്‌സൈറ്റുകളിലെ ചര്‍ച്ചകളില്‍ അശ്ലീല കമന്റുകള്‍ ഇടുന്നവരും ആളെ ആവശ്യപ്പെട്ട് സമീപിക്കുന്നവരും ഇപ്പോഴും ഏറെയാണ്. ഇത് മുന്‍കൂട്ടി കണ്ടാണ് ഓണ്‍ലൈന്‍ പെണ്‍വാണിഭ മാഫിയ പ്രവര്‍ത്തനം ശക്തിപ്പെടുന്നതും. ഇതിന് പുറമെയാണ് സോഷ്യല്‍ മീഡിയ വഴിയുള്ള പെണ്‍വാണിഭം പിടിമുറുക്കിയത്.
വാട്‌സ്ആപ്പില്‍ ഒരാഴ്ചത്തേക്ക് യുവതികളുമായി ചാറ്റ് ചെയ്യാന്‍ 2000 രൂപയാണ് ചാര്‍ജ്്. ഒരു ദിവസം രണ്ട് മണിക്കൂര്‍ നേരമാണ് ചാറ്റിംഗ് സമയം. സ്‌കൈപ്പ് വഴിയുള്ള വീഡിയോ ചാറ്റിംഗിനാണെങ്കില്‍ ഒരു ദിവസം രണ്ട് മണിക്കൂര്‍ നേരം ഒരാഴ്ചത്തേക്ക് 4000 രൂപ വരും. സ്ത്രീകളടക്കമുള്ളവരാണ് ഇതിന് ഏജന്റുമാരായി പ്രവര്‍ത്തിക്കുന്നത്.
ഏജന്റുമാരുമായി ബന്ധപ്പെടുന്നതിനായി പൊഗളുവിലെ മൊബൈല്‍ നമ്പറും ലൊക്കാന്റോയില്‍ പരസ്യപ്പെടുത്തിയിട്ടുണ്ട്. നമ്പറില്‍ ബന്ധപ്പെട്ടാല്‍ ആവശ്യമായ പ്ലാനിലെ തുക മുന്‍കൂട്ടി ബേങ്ക് അക്കൗണ്ട് വഴി അയച്ച് നല്‍കണം. ഏത് ബേങ്ക് ആയാലും കുഴപ്പമില്ലെന്ന് അറിയിക്കുന്ന സംഘം ആവശ്യക്കാര്‍ പറയുന്ന ബേങ്കുകളിലെ തങ്ങളുടെ അക്കൗണ്ട് നമ്പര്‍ മൊബൈലിലേക്ക് മെസേജായി അയച്ചു നല്‍കും. തുക അയച്ചാല്‍ ഉടന്‍ തന്നെ ആവശ്യക്കാരന്റെ വാട്‌സ് ആപ്പ് നമ്പറില്‍ മെസേജ് ലഭിക്കുകയും ചാറ്റിംഗ് ആരംഭിക്കും.
ഇത്തരത്തില്‍ നിരവധി ഏജന്‍സികള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഓണ്‍ലൈന്‍ പെണ്‍വാണിഭവുമായി ബന്ധപ്പെട്ട് രാഹുല്‍ പശുപാലനും ഭാര്യയും മോഡലുമായ രേഷ്മി ആര്‍ നായരും അടക്കം നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടും പെണ്‍ വാണിഭം നടത്തുന്ന വന്‍ ശൃംഖലയാണ് കൊച്ചി, ഗുരുവായൂര്‍, തിരുവനന്തപുരം, കോഴിക്കോട്് കേന്ദ്രമാക്കി ലൊക്കാന്റോയില്‍ പ്രവര്‍ത്തിക്കുന്നത്.—

---- facebook comment plugin here -----

Latest