Connect with us

National

രോഹിത് വെമുല, ജെഎന്‍യു വിഷയത്തില്‍ പാര്‍ലമെന്റ് സ്തഭിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: രോഹിത് വെമുലയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട പ്രതിപക്ഷ ബഹളത്തില്‍ പാര്‍ലമെന്റ് പ്രക്ഷുബ്ധമായി. ആത്മഹത്യക്ക് വഴിയൊരുക്കിയ മന്ത്രിമാര്‍ രാജി വെയ്ക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തില്‍ രാജ്യസഭ നിരവധി തവണ നിര്‍ത്തി വെച്ചു. ചര്‍ച്ചക്ക് തയ്യാറാണെങ്കില്‍ എല്ലാ വസ്തുതകളും പുറത്ത് വരുമെന്ന് കേന്ദ്രമാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനി പറഞ്ഞു. പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് രാജ്യസഭ മൂന്നുതവണ നിര്‍ത്തിവെച്ചു. ഇരുസഭകളിലും ഇന്ന് ഉച്ചകഴിഞ്ഞ വിഷയം വിശദമായ ചര്‍ച്ച നടത്താമെന്ന് പ്രതിപക്ഷ പ്രതിഷേധത്തിന് വഴങ്ങി കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

ലോക്‌സഭയില്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് മല്ലികാര്‍ജ്ജുന ഖാര്‍ഗെയും കെസി വേണുഗോപാല്‍, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരുമാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

ജെഎന്‍യു, രോഹിത് വെമുല വിഷയങ്ങളില്‍ രാജ്യസഭയില്‍ ഇന്ന് ചര്‍ച്ച നിശ്ചയിച്ചിരുന്നു. സഭാ നടപടികള്‍ ആരംഭിച്ചപ്പോള്‍ തന്നെ രോഹിത് വിഷയത്തില്‍ ബിഎസ്പി നേതാവ് മായാവതി രംഗത്തെത്തി. മന്ത്രി സ്മൃതി ഇറാനിയുടെയും മന്ത്രി ദത്താത്രേയ ബന്ദാരുവിന്റെയു പങ്ക് സംബന്ധിച്ച് അന്വേഷണം വേണമെന്നും കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്നുമായിരുന്നു മായാവതിയുടെ ആവശ്യം
എന്നാല്‍ വിഷയം ആദ്യം ചര്‍ച്ച ചെയ്യട്ടെയെന്നും പിന്നീട് എല്ലാ കാര്യങ്ങള്‍ക്കും മറുപടി നല്‍കാമെന്നുമായിരുന്നു കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മറുപടി. മായാവതിയെ പിന്തുണച്ച് സിപിഎം കോണ്‍ഗ്രസ് അംഗങ്ങള്‍ രംഗത്തെത്തിയതോടെ സര്‍ക്കാരിനെതിരെ മുദ്രാവാക്യം മുഴക്കി ബിഎസ്പി സഭയുടെ നടുത്തളത്തിലിറങ്ങി. വിഷയം ചര്‍ച്ചക്കെടുക്കാമെന്ന് രാജ്യസഭാ അധ്യക്ഷനും ഉപാദ്ധ്യക്ഷനും അറിയിച്ചെങ്കിലും പ്രതിപക്ഷം വഴങ്ങാത്തതിനെ തുടര്‍ന്ന് സഭാനടപടികള്‍ നിരവധി തവണ നിര്‍ത്തിവെച്ചു.