Connect with us

Gulf

268 കിലോമീറ്റര്‍ വേഗത്തില്‍ വാഹനം ഓടിച്ച ആള്‍ പിടിയില്‍

Published

|

Last Updated

ഷാര്‍ജ: മണിക്കൂറില്‍ 268 കിലോമീറ്റര്‍ വേഗത്തില്‍ വാഹനം ഓടിച്ചതുമായി ബന്ധപ്പെട്ട് ഡ്രൈവറെ അറസ്റ്റ് ചെയ്തതായി ഷാര്‍ജ പോലീസ് വ്യക്തമാക്കി. വേഗപരിധി ലംഘിച്ചതുമായി ബന്ധപ്പെട്ട് 3,560 പേരാണ് കഴിഞ്ഞ വര്‍ഷം പിടിയിലായത്. അമിത വേഗവുമായി ബന്ധപ്പെട്ട് പിടികൂടുന്ന വാഹനങ്ങള്‍ കണ്ടുകെട്ടും. ഇത്തരം വാഹനങ്ങള്‍ ഒരു മാസത്തിന് ശേഷമേ ഉടമകള്‍ക്ക് വിട്ടുനല്‍കൂ.
അമിതവേഗവുമായി ബന്ധപ്പെട്ട് 2,000 ദിര്‍ഹം വരെയാണ് പിഴ ചുമത്തിയിരിക്കുന്നത്. മണിക്കൂറില്‍ 180 കിലോമീറ്ററിന് മുകളില്‍ വാഹനം ഓടിക്കുന്ന കേസിലാണ് ഇത്രയും തുക ഓരോ ഡ്രൈവര്‍മാര്‍ക്കും പിഴയായി ചുമത്തുന്നത്. മണിക്കൂറില്‍ 200 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയില്‍ വാഹനം ഓടിച്ചതുമായി ബന്ധപ്പെട്ട് 658 പേര്‍ക്കാണ് പിഴയിട്ടത്.
ഏറ്റവും കൂടുതല്‍ വേഗത്തില്‍ വാഹനം മണിക്കൂറില്‍ 268 കിലോമീറ്ററായിരുന്നു. പിഴക്കൊപ്പം ഡ്രൈവര്‍മാര്‍ക്ക് 12 ബ്ലാക്ക് പോയിന്റും ചുമത്തും.
കാറിന്റെ യന്ത്രത്തില്‍ രൂപമാറ്റം വരുത്തുന്നതുമായി ബന്ധപ്പെട്ട് 8,104 കാറുകള്‍ പോലീസ് പിടിച്ചെടുത്തു. ഇത്തരം കാറുകള്‍ അപകടത്തിനും താമസ മേഖലയിലെ സ്വസ്ഥത നശിപ്പിക്കുന്നതിനും ഇടയാക്കുന്നത് പരിഗണിച്ചാണ് നടപടി.
2015ല്‍ നിരവധി മാരകമായ അപകടങ്ങളും ഷാര്‍ജ റോഡുകളില്‍ സംഭവിച്ചതായി ഷാര്‍ജ പോലീസ് ട്രാഫിക് ആന്റ് പട്രോള്‍സ് വിഭാഗം ഡയറക്ടര്‍ ജനറല്‍ കേണല്‍ ഷഫാസ് മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ വ്യക്തമാക്കി. അമിത വേഗതയാണ് അപകടങ്ങള്‍ക്ക് മുഖ്യമായും കാരണമാകുന്നത്. പോലീസ് നിരന്തരം അമിത വേഗത്തിന്റെ അപകടങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തുമ്പോഴും ഇത്തരം നിയമലംഘനങ്ങള്‍ തുടരുകയാണ്.
അമിതവേഗം മറ്റുള്ളവര്‍ക്ക് മാത്രമല്ല സ്വന്തം ജീവനും ആപത്താണെന്ന് ഇത്തരം നിയമലംഘകര്‍ ഓര്‍ക്കാറില്ല. അമിതവേഗം ഉള്‍പെടെയുള്ള നിയമലംഘനങ്ങള്‍ പിടികൂടാന്‍ അത്യാധുനികമായ ക്യാമറകളാണ് ഷാര്‍ജയിലെ റോഡുകളില്‍ സ്ഥാപിച്ചിരിക്കുന്നത്.
60 കിലോമീറ്ററില്‍ വേഗപരിധി നിശ്ചയിച്ച റോഡില്‍ ഇത് ലംഘിക്കുന്നവര്‍ക്ക് 1,000 ദിര്‍ഹമാണ് പിഴ ചുമത്തുക. ഇത്തരക്കാര്‍ക്ക് 12 ബ്ലാക്ക് പോയിന്റും ചുമത്തും. വാഹനം 30 ദിവസത്തേക്ക് കണ്ടുകെട്ടുമെന്നും കേണല്‍ അബ്ദുര്‍റഹ്മാന്‍ വിശദീകരിച്ചു.