Connect with us

Gulf

ലിംഗ സമത്വം; യു എ ഇ ഏറെ മുന്നിലെന്ന് അമല്‍ അല്‍ ഖുബൈസി

Published

|

Last Updated

ദുബൈ: ലിംഗ സമത്വം ഉറപ്പാക്കുന്ന കാര്യത്തില്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ ഉയര്‍ന്ന സ്ഥാനമാണ് യു എ ഇക്കുള്ളതെന്ന് എഫ് എന്‍ സി സ്പീക്കര്‍ അമല്‍ അല്‍ ഖുബൈസി. മദീനത്ത് ജുമൈറയില്‍ ഇന്നലെ ആരംഭിച്ച ഗ്ലോബല്‍ വിമണ്‍സ് ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ രംഗത്തെ സീറ്റുകളില്‍ 70 ശതമാനത്തിലും സ്ത്രീകളാണ് പഠനം നടത്തുന്നത്. രാജ്യത്തെ സ്ത്രീകളുടെ പുരോഗതിക്കും സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിലും ഫാമിലി ഡെവലപ്‌മെന്റ് ഫൗണ്ടേഷന്‍ ചെയര്‍വിമണും സുപ്രീം കൗണ്‍സില്‍ ഫോര്‍ മദര്‍ഹുഡ് ആന്റ് ചൈല്‍ഡ് ഹുഡ് പ്രസിഡന്റുമായ ശൈഖ ഫാത്വിമ ബിന്‍ത് മുബാറക് നല്‍കുന്ന സേവനങ്ങള്‍ വിലമതിക്കാനാകാത്തതാണെന്നും എഫ് എന്‍ സിയുടെ ആദ്യ വനിതാ സ്പീക്കറായ അല്‍ ഖുബൈസി വ്യക്തമാക്കി. നിലവില്‍ യു എ ഇ സര്‍ക്കാരില്‍ ഏഴു മന്ത്രിമാര്‍ സ്ത്രീകളാണ്. വിവിധ സര്‍ക്കാരുകളിലെ മൊത്തം മന്ത്രിമാരിലെ സ്ത്രീ പ്രാതിനിധ്യം പരിഗണിച്ചാല്‍ ഇത് ലോകത്തിലെ ഉയര്‍ന്ന നിരക്കാണ്. നിലവിലെ യു എ ഇയുടെ വികസനപാത പരിശോധിച്ചാല്‍ അത് ശരിയായ ദിശയിലുള്ളതും ശോഭനമായ ഭാവി ഉറപ്പാക്കുന്നതുമാണെന്നും ബോധ്യപ്പെടും.
യു എ ഇ സ്വപ്‌നങ്ങളുടെ ഭൂമിയാണ്. തിരഞ്ഞെടുപ്പില്‍ ഉള്‍പെടെ രാജ്യത്ത് എല്ലാ രംഗത്തും ലിംഗനീതി ഉറപ്പാക്കിയാണ് ഭരണാധികാരികള്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. അമ്മയെന്ന മഹത്തായ ഉത്തരവാദിത്വം നിറവേറ്റുന്നതിനൊപ്പം തന്നെ സ്വദേശി വനിതകള്‍ സ്വദേശി യുവാക്കള്‍ക്കൊപ്പം എല്ലാ രംഗത്തും തോളോടു തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചുവരികയാണ്. രാജ്യത്തെ ആദ്യ വനിതാ പൈലറ്റായ മറിയം അല്‍ മന്‍സൂരിയെ പരാമര്‍ശിച്ചു, രാജ്യത്തെ മുഴുവന്‍ സ്വദേശി വനിതകളും രാജ്യത്തിനായി പോരാടുന്നവരാണെന്നും അല്‍ ഖുബൈസി ഓര്‍മിപ്പിച്ചു.

Latest