Connect with us

Gulf

'ആ ഗാനത്തെ സ്വന്തമാക്കിടല്ലേ...'

Published

|

Last Updated

ദുബൈ: മാപ്പിളപ്പാട്ട് ആരാധകരുടെ മനസില്‍ ഇന്നും എന്നും ഇമ്പത്തോടെ ഊറിവരുന്ന ഒന്നാണ് “മാണിക്യ മലരായ പൂവി, മഹതിയാം ഖദീജ ബീവി”… എന്ന വരികള്‍. പ്രവാചക തിരുമേനിയുടെ സഹധര്‍മിണി ഖദീജ ബീവിയുമായുള്ള വിവാഹത്തെക്കുറിച്ച് വിവരിക്കുന്നതാണ് ഈ മനോഹര ഗാനം.
1978ല്‍ ആകാശവാണിയില്‍ പാടുന്നതിനായി കൊടുങ്ങല്ലൂര്‍ കരൂപ്പടന്ന സ്വദേശി പി എം എ ജബ്ബാര്‍ എഴുതിയ വരികള്‍ താന്‍ സംഗീത സംവിധാനം ചെയ്തു ഈണം പകരുകയായിരുന്നെന്ന് കേരള മാപ്പിളകലാ അക്കാദമി സംസ്ഥാന പ്രസിഡന്റ് തലശ്ശേരി റഫീഖ് ദുബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മാപ്പിളപ്പാട്ട് രംഗത്ത് പ്രചുര പ്രചാരം നേടിയ ഈ പാട്ട് 1989ല്‍ ചെറിയ പെരുന്നാള്‍ ദിനത്തില്‍ ദൂരദര്‍ശനില്‍ പാടിയിരുന്നു. 92ല്‍ “ഏഴാം ബഹര്‍” എന്ന ഓഡിയോ കാസറ്റ് ആല്‍ബത്തിലും ഈ ഗാനം താന്‍ പാടി പുറത്തിറക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
95ല്‍ തലശ്ശേരി മാളിയേക്കല്‍ തറവാട്ടിലെ ഒരു വിവാഹ സദസ്സില്‍ വെച്ച് ഇന്നത്തെ പ്രമുഖ മാപ്പിളപ്പാട്ട് ഗായകന്‍, ഈ ഗാനം താന്‍ ആലപിക്കുന്നത് കേട്ടതനുസരിച്ച് അദ്ദേഹത്തിന് പാടുവാന്‍ അനുവാദം ചോദിക്കുകയും താന്‍ ഈ വരികള്‍ അദ്ദേഹത്തിന് കൈമാറിയെന്നും പിന്നീട് അവരുടെ സ്വന്തം പേരില്‍ ഓഡിയോ ആല്‍ബം പുറത്തിറക്കുകയായിരുന്നുവെന്നും റഫീഖ് ആരോപിച്ചു. അടുത്ത കാലത്ത് വിവിധ സ്വകാര്യ ടി വി ചാനലുകളിലും താന്‍ പാടിയിരുന്നതായി അദ്ദേഹം ഓര്‍മിപ്പിച്ചു. ജനപ്രിയ ഗായകനായി മാറിയതില്‍ “മാണിക്യ മലര്‍ പുരസ്‌കാരം” എന്ന പേരില്‍ നാടിന്റെ ആദരം തലശ്ശേരി പൗരാവലി കഴിഞ്ഞ ബലിപെരുന്നാള്‍ ദിനത്തില്‍ തലശ്ശേരി ബ്രണ്ണന്‍ ഹൈസ്‌കൂളില്‍വെച്ച് നല്‍കിയിരുന്നു.
മലബാറിലെ മാപ്പിളപ്പാട്ടു ഗായകരില്‍ താന്‍ മാത്രമാണ് പി എം എ ജബ്ബാറിന്റെ പാട്ടുകള്‍ പാടിയിട്ടുള്ളതെന്നും ഇതിനോടകം തന്നെ അദ്ദേഹം രചിച്ച 40ല്‍ പരം പാട്ടുകള്‍ പാടിയ തനിക്ക് മറ്റൊരാളുടെ പാട്ടും കടമെടുത്ത് പാടേണ്ടുന്ന അവസ്ഥ ഇല്ലെന്നും റഫീഖ് പറഞ്ഞു. നുണക്കഥകള്‍ക്ക് അധികം ആയുസുണ്ടാകില്ലെന്നും നുണ പ്രചരിപ്പിക്കുന്നവര്‍ അത്തരം പ്രചാരണങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും ഈയൊരു ഗാനത്തിലൂടെ തന്നെ ലോകം അറിയണമെന്നും മറിച്ചുള്ള പ്രചാരണത്തില്‍ താന്‍ ദുഖിഃതനാണെന്നും റഫീഖ് ഹൃദയം തുറന്നു.

Latest