Connect with us

Articles

എല്ലാം അഭിനയമല്ല സാര്‍

Published

|

Last Updated

മംഗലശ്ശേരി നീലകണ്ഠന്‍ രാജി വെക്കണം
എന്‍ എസ് മാധവന്‍ ട്വിറ്ററില്‍
മലയാളസിനിമയിലെ പ്രിയതാരം മോഹന്‍ലാല്‍, അനുഗൃഹീത നടനാണെന്നാണ് ഇത്തരമൊരു ലേഖനം ആരംഭിക്കുമ്പോള്‍ എഴുതേണ്ട ആദ്യത്തെ വാചകം. അനുഗൃഹീത അഥവാ അനുഗ്രഹിക്കപ്പെട്ട എന്ന മലയാള പദത്തിന്റെ അര്‍ഥം തേടി ശബ്ദതാരാവലിയോ ശബ്ദസാഗരമോ മറിച്ച് സമയം കളയാനില്ലാത്തതിനാല്‍, അത് സമയമുള്ളവര്‍ക്കായി വിട്ടുകൊടുക്കുന്നു. ഒന്നോ ഒന്നരയോ സിനിമയില്‍, പട്ടാളവേഷമണിഞ്ഞതിന്റെ പേരില്‍ ലഭിച്ച ടെറിറ്റോറിയല്‍ ആര്‍മിയിലെ കേണല്‍ പദവി ഉള്ള ആളാണെന്നതുകൊണ്ട്, ലാലിസവും ചാനല്‍ ഫിലിം അവാര്‍ഡും കാണുന്നവരെപ്പോലെ ലാലേട്ടന്‍ എന്നൊന്നും വിളിക്കാതെ സാര്‍ എന്നു തന്നെ വിളിച്ച് ആദരവ് പ്രകടിപ്പിക്കുന്നു. കൈ കൊണ്ടെഴുതി അതിന്റെ ഫോട്ടോയെടുത്തും, പിന്നെ റെക്കോഡിംഗ് സ്റ്റുഡിയോവില്‍ ശബ്ദ നിയന്ത്രണത്തിന്റെയും പശ്ചാത്തലസംഗീതത്തിന്റെയും അകമ്പടിയോടെ രേഖപ്പെടുത്തിയും നവ മാധ്യമങ്ങളിലൂടെയും അച്ചടി/ദൃശ്യമാധ്യമങ്ങളിലൂടെയും സാര്‍ എല്ലാ മലയാളികളെയും രാജ്യസ്‌നേഹം പഠിപ്പിക്കാന്‍ ഇറങ്ങി വൈറലായിരിക്കുകയാണ്. ഇന്ത്യ മരിച്ചിട്ട് നാം ജീവിച്ചിട്ടെന്തു കാര്യം എന്നാരോ പറഞ്ഞിട്ടുണ്ടെന്നാണ് മോഹന്‍ ലാല്‍ പറയുന്നത്. ആരോ അല്ല, ആധുനിക ഇന്ത്യയുടെ സ്രഷ്ടാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന പ്രഥമ ഇന്ത്യന്‍ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവാണ് “ഇന്ത്യ മരിക്കുമ്പോള്‍ ആരാണ് ജീവിക്കുന്നത്” എന്നും “ഇന്ത്യ ജീവിക്കുമ്പോള്‍ ആരാണ് മരിക്കുന്നത്” എന്നും ചോദിച്ചത്.
മോഹന്‍ലാലിന് ആരോ ആയ നെഹ്‌റു, ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ സമുന്നത നേതാവും സ്വതന്ത്ര ഇന്ത്യ എന്ന റിപ്പബ്ലിക്കിന്റെ ആദ്യ പ്രധാനമന്ത്രിയും ആയിരുന്നു. ആധുനിക ഇന്ത്യയെ സംബന്ധിച്ച് ധിഷണാപരവും ആത്മാര്‍ഥവും ഭാവനാത്മകവുമായ അനേകം ധാരണകളും പദ്ധതികളും അദ്ദേഹത്തിനുണ്ടായിരുന്നു. ലോകത്തെ ചേരിചേരാ രാഷ്ട്രങ്ങളെ സംഘടിപ്പിച്ച് അതിന്റെ നേതൃപദവിയിലിരുന്നതിലൂടെ ഇന്ത്യയുടെ യശസ്സ് ലോകത്തിനു മുമ്പില്‍ എത്രയോ മടങ്ങ് ഉയര്‍ത്താന്‍ അദ്ദേഹത്തിന് സാധിക്കുകയുണ്ടായി. ആര് ആര്‍ക്കെഴുതി എന്ന് വ്യക്തമാക്കാതെ ലാല്‍ സാര്‍ പറയുന്ന ഒരച്ഛന്‍ മകള്‍ക്കയച്ച കത്തുകള്‍, നെഹ്‌റു തന്റെ മകള്‍ ഇന്ദിരക്കയച്ച കത്തുകളുടെ സമാഹാരമാണ്. സ്വാതന്ത്ര്യത്തെ സംബന്ധിച്ചും ജനാധിപത്യത്തെ സംബന്ധിച്ചും ദേശീയതയെ സംബന്ധിച്ചും ജീവിതത്തെ സംബന്ധിച്ചും മാനവികതയെ സംബന്ധിച്ചും രാഷ്ട്രത്തെ സംബന്ധിച്ചും ലോകത്തെ സംബന്ധിച്ചും എല്ലാം ആഴത്തിലുള്ള ഉള്‍ക്കാഴ്ചകള്‍ നിറഞ്ഞ ഈ കത്തുകള്‍ ലാല്‍ സാര്‍ ഹൃദിസ്ഥമാക്കിയിട്ടുണ്ടാകുമല്ലോ. ഇനി സമയം കിട്ടുമ്പോള്‍, നെഹ്‌റു തന്നെ എഴുതിയ ലോകചരിത്രസംഗ്രഹവും “ഇന്ത്യയെ കണ്ടെത്തല”ും കൂടി ഒന്നു വായിക്കുന്നത് നല്ലതാണ്. അപ്പോള്‍, നെഹ്‌റുവിന്റെ ദര്‍ശനങ്ങളും ലോകവീക്ഷണവും അനുസരിച്ച് പഠനങ്ങളും ഗവേഷണങ്ങളും നടത്തുന്നതിന് എന്ന് രേഖാമൂലം നിയമമുണ്ടാക്കിയിട്ട് സ്ഥാപിക്കപ്പെട്ട ഡല്‍ഹിയിലെ ജവഹര്‍ ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ ചേരുന്നവരും പഠിക്കുന്നവരും പഠിപ്പിക്കുന്നവരും പഠിച്ച് കഴിഞ്ഞ് പുറത്തിറങ്ങുന്നവരും പ്രകടിപ്പിക്കുന്ന സ്വതന്ത്ര-ജനാധിപത്യ-മാനവിക ബോധത്തിന്റെ അടിസ്ഥാനം എന്തെന്ന് മനസ്സിലാകും. ഫയര്‍സൈഡില്‍ അലസമായി കിടന്ന് വിസ്‌കി നുണഞ്ഞ് സര്‍വകലാശാലയിലേക്ക് കാറോടിച്ചെത്തുന്നവരല്ല അവരില്‍ ബഹുഭൂരിപക്ഷവുമെന്നും അവര്‍ രാത്രികളില്‍ ഉറങ്ങാറു തന്നെയില്ല എന്നും ഒരിക്കലെങ്കിലും ജെ എന്‍ യു സന്ദര്‍ശിച്ചാല്‍ താങ്കള്‍ക്ക് ബോധ്യമാകും.
താങ്കള്‍ നുണഞ്ഞ് പരിചയമുള്ള കോണിയാക്ക് വിസ്‌കി ഒരു ലാര്‍ജ് കുടിക്കണമെങ്കില്‍, പഞ്ചനക്ഷത്ര ഹോട്ടലില്‍ കൊടുക്കേണ്ട വിലയുടെ അത്രയും സംഖ്യ മാസശമ്പളമായി ലഭിക്കുന്ന ഒരങ്കണ്‍വാടി അധ്യാപിക, ബീഹാറിലെ ബെഗുസരായ് ജില്ലയിലെ ചെറ്റക്കുടിലില്‍ ജീവിച്ചിരിക്കുന്നുണ്ട്. കൂലിപ്പണിക്കാരനായിരുന്ന ഭര്‍ത്താവ് ശരീരം തളര്‍ന്ന് കിടപ്പാണ്. തണുപ്പകറ്റാന്‍ അവിടെ ഫയര്‍സൈഡൊന്നും ഇല്ല. പക്ഷേ, ആ അമ്മയുടെ കനലില്‍ കത്തുന്ന തീ ഉണ്ട്. കാരണം അവരുടെ മകന്റെ പേരാണ് കന്‍ഹയ്യകുമാര്‍. എ ഐ എസ് എഫുകാരനായതിനാല്‍ സഖാവ് എന്നും സംബോധന ചെയ്യാം. തീപ്പെട്ടിയുണ്ടോ സഖാവേ ഒരു ബീഡിയെടുക്കാന്‍ എന്നായിരിക്കും സഖാവിനോട് ചോദിക്കേണ്ടത് എന്നായിരിക്കും ലാല്‍സലാമില്‍ നിന്ന് താങ്കളോര്‍മ്മിച്ചെടുക്കുക. ആയിരിക്കട്ടെ. ജെ എന്‍ യു വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റായ സഖാവ് കന്‍ഹയ്യ കുമാറിനെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരിക്കുകയാണ്. ദേശദ്രോഹത്തിന്മേലുള്ള കുറ്റങ്ങളാണ് ചാര്‍ത്തിയിരിക്കുന്നത്. സീന്യൂസിലുള്ള വിദ്വാന്മാര്‍, എഡിറ്റു ചെയ്ത് കൃത്രിമമായുണ്ടാക്കിയ ഒരു വീഡിയോ ക്ലിപ്പാണ് തെളിവായുള്ളത് എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു. ഇതില്‍ മനം മടുത്ത് സീന്യൂസിലെ ലേഖകന്‍ വിശ്വദീപക് ഒരു ലക്ഷത്തോളം വരുന്ന മാസശമ്പളം നഷ്ടപ്പെടുത്തി ജോലി രാജി വെച്ചിരിക്കുകയാണ്. സഖാവ് കന്‍ഹയ്യ കുമാര്‍ നടത്തിയ പ്രസംഗത്തിന്റെ ക്ലിപ്പും അതിന്റെ ഇംഗ്ലീഷ്, മലയാളം ഭാഷ്യങ്ങളും എല്ലായിടത്തും ലഭ്യമാണ്. സമയമുണ്ടെങ്കില്‍ കേള്‍ക്കുകയോ വായിക്കുകയോ ചെയ്യാം.
സിയാച്ചിനിലെ തണുപ്പിനെക്കുറിച്ചും അവിടെ മരിച്ചുവീഴുന്ന പട്ടാളക്കാരെക്കുറിച്ചുമുള്ള താങ്കളുടെ ഉത്ക്കണ്ഠ എല്ലാ ഇന്ത്യന്‍ പൗരന്മാരും പങ്കു വെക്കുന്നു. യുദ്ധം പൊട്ടിപ്പുറപ്പെട്ടാല്‍, ലഫ്റ്റനന്റ് കേണലായ താങ്കള്‍ക്കും സിയാച്ചിനില്‍ പോയി നിന്ന് യുദ്ധം നയിക്കാം. (ഹെയര്‍ ഡ്രസ്സറെ കൂടെ കൂട്ടാന്‍ മറക്കരുതെന്നു മാത്രം). പക്ഷേ, തണുപ്പും ചൂടും താങ്ങാനാകാതെ മരിച്ചു വീഴുന്നവര്‍ വേറെയുമുണ്ട് ആയിരങ്ങള്‍ സാര്‍, ഇന്ത്യയില്‍. ഭോപ്പാലിലോ അല്ല ഡല്‍ഹിയില്‍ തന്നെ തെരുവോരങ്ങളില്‍ ഒരു കീറത്തുണി പോലും പുതക്കാനില്ലാത്തതിനാല്‍ തണുപ്പ് താങ്ങാനാകാതെ മരിക്കുന്നവരൊക്കെയും ഫയര്‍ സൈഡും വിസ്‌കിയുമില്ലാത്തതിനാല്‍ ദേശദ്രോഹികളാകില്ല എന്നു വിശ്വസിക്കട്ടെ. കൊല്‍ക്കത്തയിലെ റെയില്‍വേ, പ്ലാറ്റു ഫോമില്‍ വണ്ടി വന്നു നില്‍ക്കുന്നതിന് തൊട്ടടുത്ത് പ്ലാറ്റു ഫോമിന്റെ അടിഭാഗത്തുള്ള ഇത്തിരി സ്ഥലത്ത് നൂറുകണക്കിന് ദരിദ്ര കുടുംബങ്ങള്‍ ജീവിക്കുന്നുണ്ട്. ഇന്ത്യയുടെ പ്രതിരോധ ബജറ്റിന്റെ അത്രയും വരുന്ന സംഖ്യ ഈയിടെ പൊതുമേഖലാ ബേങ്കുകള്‍ കിട്ടാക്കടമെന്ന പേരില്‍ എഴുതിത്തള്ളുകയുണ്ടായി. ആ വായ്പയെടുത്ത് തിരിച്ചടക്കാതെ വിലസുന്നവര്‍, ഏതോ ബംഗ്ലാവുകളില്‍ ഫയര്‍സൈഡും വിസ്‌കിയും നുണഞ്ഞ്, മുറിയിലെ ഇരുട്ടിനിടയിലും തെളിയുന്ന ടെലിവിഷന്‍ സ്‌ക്രീനില്‍ ചാനല്‍ പരിപാടികളും കണ്ട് മയക്കം പിടിച്ചിട്ടുണ്ടാകും. അത് എഴുതിത്തള്ളിയിട്ടില്ലായിരുന്നെങ്കില്‍ ലാഭമായി കേന്ദ്ര സര്‍ക്കാരിന് ലഭിക്കേണ്ട പണമാണത്. കൃത്യമായി പ്രതിഫലക്കണക്കു കാണിച്ച് താങ്കളെപ്പോലുള്ളവര്‍ നികുതിയൊടുക്കുന്നതിനാലാണ്; മുവായിരം രൂപ സഖാവ് കന്‍ഹയ്യകുമാറിന്റെ അമ്മക്ക് ശമ്പളവും വിരമിച്ച പട്ടാളക്കാര്‍ക്ക് മുഴുവനും വണ്‍ റാങ്ക് വണ്‍ പെന്‍ഷനും കൊടുക്കാന്‍ കേന്ദ്ര സര്‍ക്കാറിന് സാധിക്കുന്നത്.
ഇന്ത്യ എന്താണെന്ന് മനസിലാകാന്‍ മേജര്‍ രവിയുടെ സിനിമ മാത്രമല്ല സാര്‍, താങ്കള്‍ തന്നെ അഭിനയിച്ച പരദേശി എന്ന സിനിമയും ഒന്ന് കണ്ടു നോക്കുന്നത് നല്ലതാണ്. അല്ലെങ്കില്‍ വേണ്ട; ഇന്ത്യയിലും പാക്കിസ്ഥാനിലും കുടുങ്ങിപ്പോയ പാക്കിസ്ഥാന്‍ പൗരന്മാരായ കേരളീയന്റെ വേഷം താങ്കളാണ് അഭിനയിച്ചത് എന്നോ മറ്റോ ആരെങ്കിലും അറിഞ്ഞാല്‍ പിന്നെ അവര്‍ അനന്തമൂര്‍ത്തിക്കെന്നതു പോലെ വിമാന ടിക്കറ്റുമെടുത്ത് താങ്കളെ പാക്കിസ്ഥാനിലേക്കയക്കണം എന്നോ മറ്റോ ആക്രോശിച്ചാലോ. സര്‍വകലാശാലകളില്‍ പഠിക്കുന്നവരും സംവാദങ്ങളിലേര്‍പ്പെടുന്നവരും തിരഞ്ഞെടുപ്പുകളില്‍ നയങ്ങള്‍ രൂപവത്കരിച്ച് മത്സരിക്കുന്നവരും അവര്‍ക്ക് വോട്ട് ചെയ്യുന്നവരും, പരിഹാസ്യരായ പകിടകളിക്കാരാണെന്നാണ് ലാല്‍ സാര്‍ വ്യാഖ്യാനിക്കുന്നത്. ദേവാസുരത്തിലെയും ആറാം തമ്പുരാനിലെയും നരസിംഹത്തിലെയും ഉസ്താദിലെയും അധോലോകത്തു നിന്ന് മടങ്ങിവന്ന് നാട്ടുത്സവങ്ങള്‍ നടത്തുന്ന നാടുവാഴിപ്രമാണിമാര്‍ പകിട കളിക്കുന്നുണ്ടാകും. നാടുവാഴിയായി ജനിക്കാത്തതിന്റെ പേരിലും ദളിതനായി ജനിച്ചതിന്റെ പേരിലും, ഹോസ്റ്റലില്‍ നിന്ന് പുറത്താക്കപ്പെട്ട രോഹിത് വെമുല പകിട കളിക്കുന്നതിനു പകരം, ആത്മഹത്യാക്കുറിപ്പെഴുതുകയായിരുന്നു. മുസ്‌ലിമായതിന്റെ പേരില്‍, പാസ്‌പോര്‍ട്ട് എടുത്തിട്ടില്ലെങ്കിലും പാക്കിസ്ഥാനില്‍ രണ്ട് തവണ പോയി വന്നു എന്ന ദുരാരോപണത്തിന് വിധേയനായ ഉമര്‍ ഖാലിദ് അത്യുജ്വലമായ ഒരു പ്രസംഗം, അതും ദേശീയതയെ സംബന്ധിച്ച് നടത്തുകയായിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളായ ഡി രാജയുടെയും ആനി രാജയുടെയും മകള്‍ അപരാജിത; ഭരണകക്ഷി നേതാവിന്റെ ശാസന പ്രകാരം അച്ഛനാല്‍ തന്നെ വെടി വെക്കപ്പെടണമെന്ന് നിര്‍ദേശിക്കപ്പെടുകയായിരുന്നു. രാജ്യം കാക്കുന്ന ഒരു സൈനികന്റെ പിതാവ് ഫ്രിഡ്ജില്‍ ബീഫ് സൂക്ഷിച്ചു എന്നാരോപിക്കപ്പെട്ട് തല്ലിക്കൊല്ലപ്പെടുകയായിരുന്നു. നാണക്കേട് എന്ന് ഏതിനെയാണ് വിളിക്കേണ്ടത് എന്നു തീരുമാനിക്കാന്‍ ശബ്ദതാരാവലിയും ശബ്ദസാഗരവും ആവശ്യമില്ല എന്ന് പറയുമ്പോള്‍, ആവിഷ്‌ക്കാര സ്വാതന്ത്ര്യം എന്ന ദുഷിച്ച വാക്കു കേട്ട് ബോധം കെടുന്ന സൂപ്പര്‍ സ്റ്റാര്‍ ലാലിസം പാടി ഉറക്കിത്തരുമോ എന്നറിയില്ല.
ഇന്ത്യ എന്നത് സമുദ്രങ്ങളും വന്‍ പര്‍വതങ്ങളും ആകാശവും അതിരിടുന്ന കുറെ ഭൂപ്രദേശങ്ങള്‍ മാത്രമല്ല. അത് നൂറ്റിയിരുപത്തഞ്ച് കോടി എണ്ണം വരുന്ന പച്ച മനുഷ്യരാണ്. അവരെ ഒരുമിപ്പിച്ച് നിര്‍ത്തുകയും അവരെ ജീവിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന ആശയങ്ങളും ചരിത്രവും ഭാവിയും അതിലുപരി മഹത്തായ ഭരണഘടനയുമാണ്. പുതിയ നിയമത്തില്‍ ലൂയിസ് പോത്തന്‍(മമ്മൂട്ടി അഭിനയിക്കുന്നു) എന്ന വക്കീല്‍ പറയുന്നതു പോലെ, തന്റെ കുടുംബമാണ് ഇന്ത്യന്‍ ഭരണഘടനയേക്കാളും മേലെ എന്നൊന്നും അഹങ്കരിക്കാത്ത കോടിക്കണക്കിന് രാജ്യസ്‌നേഹികള്‍ ഈ റിപ്പബ്ലിക്കില്‍ തന്നെ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാതെ ജീവിക്കുന്നുണ്ട് സാര്‍. ആ ഭരണഘടന കീറിപ്പറിച്ച് ദേശസ്‌നേഹികള്‍ എന്ന് സ്വയം വീറോടെ അട്ടഹസിക്കുന്ന വക്കീല്‍ വേഷമണിഞ്ഞ ഗുണ്ടകളാണോ സാര്‍ ഇന്ത്യാരാജ്യത്തെ മുന്നോട്ടു നയിക്കാന്‍ പോകുന്നത്? പതിനായിരക്കണക്കിന് കര്‍ഷകര്‍ ആത്മഹത്യ ചെയ്തപ്പോള്‍ അതില്‍ വേദനിക്കുന്നതായി താങ്കളുടെ ഒരു വാക്ക് പോലും എവിടെയും കാണുകയോ കേള്‍ക്കുകയോ ചെയ്തില്ല. ഫയര്‍സൈഡും വിസ്‌കിയും ഗീസറും കാരവനും പഞ്ചനക്ഷത്ര സൗകര്യങ്ങളും ഇല്ലാത്ത; ചേറിലും വെള്ളത്തിലും വെള്ളമില്ലായ്മയിലും വിളനാശത്തിലും വിലയില്ലായ്മയിലും കടക്കെണിയിലും കുടുങ്ങി നിവര്‍ന്ന് നില്‍ക്കാന്‍ കഴിയാതെ വരുമ്പോഴാണ് അവര്‍ സ്വയം ജീവനൊടുക്കുന്നത്. അത് ഫാഷനാണെന്ന് ഒരു മന്ത്രി പറഞ്ഞത് സല്യൂട്ടടിക്കുന്നതിനിടയില്‍ ഒരു പക്ഷേ താങ്കള്‍ കേട്ടിട്ടുണ്ടാകില്ല.
അഭിപ്രായ വ്യത്യാസം എന്നത് രാജ്യദ്രോഹമാണ് എന്നു കരുതുന്നുണ്ടെങ്കില്‍; അത്തരം ആലോചനകളാണ് സാര്‍ ഇന്ത്യന്‍ ദേശീയത എന്ന, സംവാദാത്മകമായ രാഷ്ട്ര നിര്‍മാണത്തെ ശിഥിലീകരിക്കുന്നത്.