Connect with us

Articles

മദ്യവര്‍ജനം എങ്ങനെയാണ് ഒരു സര്‍ക്കാറിന്റെ നയമാകുന്നത് ?

Published

|

Last Updated

സര്‍ക്കാര്‍ രൂപം നല്‍കിയ മദ്യനയം തുടരുമോ എന്ന് രാഷ്ട്രീയ പാര്‍ട്ടികളും മുന്നണികളും വ്യക്തമാക്കണമെന്ന കെ സി ബി സി മദ്യവിരുദ്ധ സമിതി നിലപാട് ജനദ്രോഹപരവും കാര്യങ്ങള്‍ ഗ്രഹിക്കാതെയുമുള്ളതുമാന്ന് കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഒരു വിഭാഗത്തിന്റെ നേതാവ് ഈയിടെ പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പിനു മുന്നോടിയായി നടത്തിയ പ്രചാരണ യാത്രയുടെ കലാശക്കൊട്ടു വേളയിലാണ് നിലവിലുള്ള മദ്യനയത്തിന് വര്‍ഗീയമായ ഒരു വ്യഖ്യാനം സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നല്‍കിയത്. കേരളത്തെക്കാള്‍ കൂടുതല്‍ കത്തോലിക്കരുള്ള ഗോവയില്‍ മദ്യനിരോധം കൊണ്ടുവരണമെന്നാവശ്യപ്പെടാന്‍ കത്തോലിക്കാസഭക്ക് ധൈര്യമുണ്ടോ എന്ന് അദ്ദേഹം വെല്ലുവിളിക്കുകുയും ചെയ്തു. അങ്ങനെ അദ്ദേഹം”മദ്യ(നിയന്ത്രണ)നയം കത്തോലിക്കാസഭയുടെയും ക്രിസ്ത്യാനികളുടെയും മത അജന്‍ഡയുടെ ഭാഗമാണെന്ന ഒരു പ്രതീതി സൃഷ്ടിച്ചു.
ഇന്ത്യയുടെ ഭരണഘടനയനുസരിച്ച് മദ്യത്തിന്റെ ഉത്പാദനം, സൂക്ഷിപ്പ്, വിതരണം എന്നിവ സംബന്ധിച്ച് നിയമനിര്‍മാണം നടത്താനും നിലവിലുള്ള നിയമങ്ങളുടെയും ചട്ടങ്ങളുടെയും വെളിച്ചത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുമുള്ള അധികാരവും ഉത്തരവാദിത്വവും കടമയുമുള്ളത് ഏതെങ്കിലും സംഘടനക്കല്ല, ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന ജനപ്രതിനിധികള്‍ക്കും അവര്‍ രൂപം നല്‍കുന്ന സര്‍ക്കാറിനുമാണ്. ഭരണഘടനാപരമായി ജനപ്രതിനിധികളില്‍ നിക്ഷിപ്തമായിരിക്കുന്ന അധികാരാവകാശങ്ങളില്‍ മുഖ്യ ഇനം നിയമ നിര്‍മാണ അധികാരവും അതു നടപ്പാക്കാനുള്ള ചുമതലയുമാണെന്നറിയാനുള്ള ഭരണഘടനാപരിചയമൊക്കെ കേരളത്തിലെ സാമാന്യ ജനത്തിനുണ്ട്.
മദ്യത്തിന്റെ ഉത്്പാദനവും സൂക്ഷിപ്പും വിതരണവും നിയന്ത്രിക്കുന്നതിനുള്ള ഭരണഘടനാപരമായ അധികാരവും ചുമതലയും ആര്‍ക്കാണെന്ന് അറിയാത്തവരാണോ കേരളത്തിലെ രാഷ്ട്രീയ നേതാക്കള്‍? നിയന്ത്രണവും നിരോധവുമല്ല, വര്‍ജനം മാത്രമാണ് നയമെന്നു പറയുന്നവര്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയാണ്. വര്‍ജനനയം പ്രസംഗിക്കുന്നവരുടെ ഇരട്ടത്താപ്പ് പകല്‍ പോലെ വ്യക്തമാണ്: അധികാരം ഉപയോഗിച്ച് മദ്യ മുതലാളിമാരില്‍ നിന്ന് വേണ്ടതെല്ലാം നേടുക; ജനങ്ങള്‍ മദ്യം വര്‍ജിച്ചാല്‍ മതി, നിയന്ത്രണവും നിരോധവും അപ്രായോഗികമാണെന്ന വഞ്ചനാപരമായ നില പാട് ജനങ്ങള്‍ക്കു മുമ്പില്‍ അവതരിപ്പിക്കുക.”മദ്യനിയന്ത്രണം മോശം; മദ്യവര്‍ജനം കേമം. (നമുക്കും കിട്ടണം പണം!).
മദ്യം വര്‍ജിക്കാന്‍ ഓരോ വ്യക്തിയുമല്ലേ തീരുമാനിക്കേണ്ടത്. അതെങ്ങനെയാണ് ഒരു സര്‍ക്കാര്‍ നയമാകുന്നത് എന്നു ചോദിക്കരുത്. സര്‍ക്കാര്‍ ഉപദേശിച്ചാല്‍ മതിയത്രേ. പൊതുജനത്തിന്റെ പുകവലിശീലം മാറ്റാന്‍ പണ്ട് ഇത്തരം ഉപദേശമാണത്രേ ഫലപ്രദമായത്. അപ്പോള്‍ പൊതുസ്ഥലങ്ങളില്‍ പുകവലി നിരോധിച്ചുകൊണ്ടു നിയമം പാസാക്കിയതും പരസ്യമായി പുകവലിക്കുന്നവരുടെമേല്‍ കേസെടുത്തതുമെല്ലാം നമ്മുടെ നേതാക്കന്മാര്‍ മറന്നോ? ഒരു കാര്യം പറയാതിരിക്കാന്‍ വയ്യ. പാവങ്ങളുടെ പാര്‍ട്ടിയെന്നു പേരുണ്ടായിരുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിക്കാര്‍ ഇപ്പോള്‍ മദ്യമുതലാളിമാരുടെ അവകാശങ്ങളെപ്പറ്റി വല്ലാതെ ബോധവാന്മാരായിരിക്കുന്നു. അതിനു പിന്നില്‍ മദ്യ രംഗത്ത് പണിയെടുക്കുന്ന തൊഴിലാളികളോടുള്ള സ്‌നേഹം മാത്രമാണോ എന്നത് സംബന്ധിച്ചു മാത്രമേ സംശയമുള്ളൂ. മദ്യനയം അട്ടിമറിക്കാന്‍ ശതകോടികളിറക്കി പയറ്റിയിട്ടും വിജയം കാണാത്ത വെളിപ്പെടുത്തലുകളുടെ വരാനിരിക്കുന്ന നാളുകള്‍ കഴിഞ്ഞുപോയവയെക്കാള്‍ എത്രയോ ഉദ്വേഗജനകമായിരിക്കും!
കേരളത്തെ അട്ടപ്പാടിയാക്കരുതെന്നാണ് കാനം പറയുന്നത്. അതിനര്‍ഥമെന്താണ്? അട്ടപ്പാടിയിലെ മുഴുവന്‍ പ്രശ്‌നങ്ങള്‍ക്കും കാരണം അവിടത്തെ പാവങ്ങള്‍ക്ക് വേണ്ടത്ര മദ്യം കിട്ടാതെ വന്നതാണെന്നോ? ഈ കണ്ടെത്തല്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചുകളഞ്ഞു. 1996ല്‍ അട്ടപ്പാടിയില്‍ നടപ്പാക്കിയ മദ്യനിരോധമാണത്രേ അവിടത്തെ ആദിവാസികളെ നിത്യരോഗികളും ദരിദ്രരുമാക്കിയത്! അവിടത്തെ മദ്യനിരോധം പരാജയപ്പെടുത്തിയതിന്റെ ഉത്തരവാദികള്‍ മറുനാട്ടുകാരോ വിദേശീയരോ മറ്റോ ആണോ? ഉചിതമായ നടപടികളെടുക്കാന്‍ ഇവിടെയാരുമുണ്ടായിരുന്നില്ലേ?
മദ്യനിയന്ത്രണം സാധ്യമല്ല എന്നു വാദിക്കുന്നത് എല്ലാ രോഗത്തിനുമുള്ള പരിഹാരം രോഗിയെ സ്ഥിരമായി മയക്കിക്കിടത്തുകയാണ് എന്നു പറയുന്നതിനു തുല്യമാണ്. സമൂഹത്തിന്റെ പുരോഗതിയെ മദ്യലഭ്യതയുടെ അളവുകോല്‍കൊണ്ടളക്കാന്‍ ശ്രമിക്കുന്നത് വിഢിത്തമാണ്. ജനങ്ങള്‍ ആഗ്രഹിക്കുന്നിടത്തോളം മദ്യം ലഭ്യമാക്കുക എന്നത് മദ്യരാജാക്കന്മാരുടെ താത്പര്യമാണ്. ഒരിക്കലും ഉത്തരവാദിത്വമുള്ള ഒരു സര്‍ക്കാറിന്റെ മാനദണ്ഡമായി അതിനെ മാറ്റരുത്. സി പി എം ഇപ്പോഴും മദ്യനയം സംബന്ധിച്ച നിലപാട് വ്യക്തമാക്കിയിട്ടില്ല. വെള്ളം അല്‍പ്പം കൂടി കലങ്ങിയിട്ടു മതി എന്നു കരുതിയിട്ടോ അതോ.
കേരളം തിരഞ്ഞെടുപ്പിലേക്കു നീങ്ങുമ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികളും മുന്നണികളും കേരളത്തിന്റെ പൊതു ജീവിതത്തെയും സമൂഹത്തിന്റെ സാംസ്‌കാരികവും ധാര്‍മികവുമായ നിലവാരത്തെയും സംബന്ധിച്ച നിലപാടുകള്‍ വ്യക്തമാക്കണമെന്നു പറയുന്നത് ഒരു തെറ്റല്ല. മദ്യമൊഴുക്കി പണം വാരാന്‍ മദ്യമുതലാളിമാരെ സഹായിക്കുമോ അതോ മദ്യത്തിന്റെ ലഭ്യത നിയന്ത്രിക്കുമോ എന്ന ചോദ്യം തികച്ചും പ്രസക്തമാണ്.