Connect with us

Sports

ബഗാന്‍ തകര്‍ത്തു; ബെംഗളുരു തോറ്റു

Published

|

Last Updated

ബെംഗളുരു എഫ് സിയും ലാവോയും തമ്മിലുള്ള മത്സരത്തില്‍ നിന്ന്‌

വിയന്റെയിന്‍: എ എഫ് സി കപ്പ് ഫുട്‌ബോളില്‍ മോഹന്‍ബഗാന്‍ ഗംഭീര വിജയത്തോടെ തുടങ്ങിയപ്പോള്‍ ബെംഗളുരു എഫ് സിക്ക് തോല്‍വിത്തുടക്കം. ഗ്രൂപ്പിലെ ആദ്യ കളിയില്‍ ബഗാന്‍ 5-2ന് മാലദ്വീപ് ക്ലബ്ബ് മര്‍സിയ സ്‌പോര്‍ട്‌സ് ആന്‍ഡ് റിക്രിയേഷന്‍ ക്ലബ്ബിനെ തകര്‍ത്തു. കോര്‍നെല്‍ ഗ്ലെന്‍, ജെജെ ലാല്‍പെഖുല എന്നിവര്‍ ബഗാന് വേണ്ടി ഇരട്ട ഗോളുകള്‍ നേടി. സോണി നോര്‍ദെയാണ് മറ്റൊരു സ്‌കോറര്‍. മാലദ്വീപ് ടീമിനായി അഹമ്മദ് ഇമാസ് ഗോള്‍ നേടി. സന്ദര്‍ശകരുടെ രണ്ടാം ഗോള്‍ സെല്‍ഫ് ആയിരുന്നു. രാജു ഗെയ്ക്‌വാദാണ് സെല്‍ഫ് ഗോളടിച്ചത്.
ഗ്രൂപ്പ് റൗണ്ടിലെ ആദ്യ കളിയില്‍ ലാവോ ടൊയോട്ട എഫ് സിയോട് 2-1നാണ് ബെംഗളുരു എഫ് സിയുടെ പരാജയം. സ്വന്തം തട്ടകത്തില്‍ ടൊയോട്ട എഫ് സി മൂന്നാം മിനുട്ടില്‍ ലീഡെടുത്തു. രണ്ടാം ഗോള്‍ മുപ്പത്തഞ്ചാം മിനുട്ടിലും. ജാപനീസ് സ്‌ട്രൈക്കര്‍ കസുവോ ഹോമയാണ് ആദ്യ ഗോളടിച്ചത്.
മിഡ്ഫീല്‍ഡര്‍ ഫത്താന സിവിലെയാണ് ലീഡ് ഇരട്ടിയാക്കിയത്. മലയാളി താരം സി കെ വിനീതാണ് തൊണ്ണൂറാം മിനുട്ടില്‍ ബെംഗളുരു എഫ് സിയുടെ ആശ്വാസ ഗോളടിച്ചത്.
ആഷ്‌ലി ജാക്‌സന്റെ തന്ത്രങ്ങളില്‍ ഇറങ്ങിയ ബെംഗളുരു എഫ് സിയുടെ പ്രധാന ദൗര്‍ബല്യം സൂപ്പര്‍ സ്‌ട്രൈക്കറും ക്യാപ്റ്റനുമായ സുനില്‍ ഛേത്രിയും മിഡ്ഫീല്‍ഡിലെ പോരാളിയായ യുഗെന്‍സന്‍ ലിംഗ്‌ദോയും പരുക്കേറ്റ് ടീമിന് പുറത്തായതാണ്. ഇവരുടെ അഭാവത്തില്‍ ബെംഗളുരുവിന്റെ ആക്രമണത്തിന് മൂര്‍ച്ച നഷ്ടമായി.
രണ്ടാം തവണ എ എഫ് സി കപ്പ് കളിക്കുന്ന ലാവോ ആദ്യമായാണ് ഒരു ജയം സ്വന്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം മൂന്ന് സമനിലകളുമായി ഗ്രൂപ്പ് റൗണ്ടില്‍ പുറത്തായി. പക്ഷേ, ഹോംഗ്രൗണ്ടില്‍ തോറ്റിട്ടില്ലെന്ന റെക്കോര്‍ഡ് നിലനിര്‍ത്തുന്നു.
ബെംഗളുരു എഫ് സിയും ലാവോ ടൊയോട്ട എഫ് സിയും തമ്മില്‍ ചില സമാനതകളുണ്ട്. രണ്ട് ക്ലബ്ബുകളും രൂപവത്കരിക്കപ്പെട്ടത് 2013 ല്‍.
മൂന്ന് വര്‍ഷത്തിനിടെ ലാവോസ് പ്രീമിയര്‍ ലീഗില്‍ ലാവോ മുത്തമിട്ടു. ഏഷ്യന്‍ ക്ലബ്ബ് ചാമ്പ്യന്‍ഷിപ്പില്‍ രാജ്യത്തെ പ്രതിനിധാനം ചെയ്യുന്നത് രണ്ടാം തവണ.

Latest