Connect with us

Gulf

ആവാസ് ജിദ്ദ സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പ് വെള്ളിയാഴ്ച

Published

|

Last Updated

ജിദ്ദ: ആം ആദ്മി വെല്‍ഫയര്‍ അസോസിയേഷന്‍ സൗദി അറേബ്യ (ആവാസ്) ജിദ്ദ ഷറഫിയ അല്‍നൂര്‍ മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് ഈ മാസം 26 ന് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. അല്‍നൂര്‍ മെഡിക്കല്‍ സെന്ററില്‍ രാവിലെ ഒമ്പത് മണിക്ക് ആരംഭിക്കുന്ന ക്യാമ്പ് വൈകുന്നേരം അഞ്ച് മണിവരെ നീളുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ആം ആദ്മി പ്രവാസി കൂട്ടായ്മ ജിദ്ദയില്‍ രൂപീകൃതമായതിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.

ഷുഗര്‍, പ്രഷര്‍, കൊളസ്‌ട്രോള്‍ പരിശോധനയടക്കം എല്ലാവിധ ചെക്കപ്പും ക്യാമ്പില്‍ തികച്ചും സൗജന്യമായിരിക്കും. വിദഗ്ധ ഡോക്ടര്‍മാര്‍ ക്യാമ്പിലെത്തുന്നവരെ പരിശോധിച്ച് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കും. അത്യാധുനിക മെഡിക്കല്‍ ഉപകരണങ്ങള്‍ പ്രയോജനപ്പെടുത്തിയായിരിക്കും രോഗ നിര്‍ണയം. സൗദിയിലെ വിവിധ സന്നദ്ധ സംഘടനകളുടെ സഹായത്തോട്കൂടി പാവപ്പെട്ട രോഗികള്‍ക്ക് സൗജന്യമായി മരുന്നുകളും വിതരണം ചെയ്യും. കൂടാതെ, ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് 15 ദിവസത്തേക്ക് അല്‍നൂര്‍ മെഡിക്കല്‍ സെന്ററില്‍ പരിശോധന സൗജന്യമായിരിക്കുമെന്ന് ആശുപത്രി മാനേജ്‌മെന്റ് അറിയിച്ചതായും ഭാരവാഹികള്‍ പറഞ്ഞു.

ഇന്ത്യയിലെ വര്‍ത്തമാന രാഷ്ട്രീയ സാഹചര്യം ഭീതിദമാണെന്നും ഫാഷിസം ഭരണകൂടത്തിന്റെ ഒത്താശയില്‍ അഴിഞ്ഞാടുകയാണെന്നും ആവാസ് ജിദ്ദ ഭാരവാഹികള്‍ കുറ്റപ്പെടുത്തി. ജനങ്ങളിലേക്ക് പരിപൂര്‍ണമായും അധികാരം ലഭിക്കുന്നതിലൂടെ മാത്രമേ ഇതിന് മാറ്റം വരികയുള്ളൂവെന്നതിനാല്‍ ആംആദ്മി പാര്‍ട്ടിക്ക് പിന്തുണ നല്‍കുന്നതിന്റെ പ്രാധാന്യം പ്രവാസികളും മനസ്സിലാക്കുന്നുണ്ട്. നിലവില്‍ ആവാസ് കൂട്ടായ്മയോട് പലവിധ കാരണങ്ങളുടെ പേരില്‍ അകന്നുനില്‍ക്കുന്നവരെ അടുപ്പിക്കുന്നതിന് ക്യാമ്പ് സഹായിക്കും.

അഴിമതിയിലും സ്വജനപക്ഷപാതത്തിലും മുങ്ങി മലീമസമായ രാഷ്ട്രീയത്തെ സംശുദ്ധമാക്കാനും ആംആദ്മിക്ക് മാത്രമേ സാധിക്കൂവെന്ന ചിന്ത പാര്‍ട്ടിയുടെ എതിരാളികള്‍ക്ക് പോലുമുണ്ടെന്ന് അവര്‍ പറഞ്ഞു. മെഡിക്കല്‍ ക്യാമ്പിന് ശേഷം പ്രവാസികളുടെ പ്രശ്‌നങ്ങളില്‍ സജീവമായും സക്രിയമായും ഇടപെടുന്നതില്‍ ആവാസ് ജിദ്ദ ശ്രദ്ധ കേന്ദ്രീകരിക്കും. ഇതോടൊപ്പം നിര്‍ധന പ്രവാസികളുടെ ഇടയില്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിനും പദ്ധതികള്‍ ആവിഷ്‌ക്കരിച്ചതായി ഭാരവാഹികള്‍ വ്യക്തമാക്കി.

മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിനും വിശദവിവരത്തിനുമായി 0506674043, 0553717768, 0559535560 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.