Connect with us

Eranakulam

കാശ്മീരി കുട്ടികളെ ദേശീയധാരയിലേക്ക് എത്തിച്ചത് മര്‍കസ് -കാന്തപുരം

Published

|

Last Updated

കൊച്ചി: പാക്കിസ്ഥാന്‍ സിന്ദാബാദ് എന്ന് വിളിച്ചിരുന്ന കാശ്മീരി സമൂഹത്തെ ഇന്ത്യ ഹമാരാഹെ എന്ന് വിളിപ്പിക്കാന്‍ മര്‍കസുസ്സഖാഫത്തി സുന്നിയ്യയുടെ പ്രവര്‍ത്തനംക്കൊണ്ട് കഴിഞ്ഞെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. എറണാകുളം ചേരാനെല്ലൂരില്‍ മര്‍കസിനു കീഴിലുള്ള അല്‍ ഫാറൂഖിയ സ്‌കൂളിലെ ഹയര്‍ സെക്കന്‍ഡറി ബ്ലോക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാക്കിസ്ഥാനെ അനുകൂലിക്കുകയും അവര്‍ക്ക് വേണ്ടി ജയ് വിളിക്കുകയും ചെയ്തിരുന്നവരാണ് കാശ്മീരിലെ വലിയ വിഭാഗം സമൂഹമെന്നത് കൊണ്ടാണ് അവിടെ പലപ്പോഴും ഏറ്റുമുട്ടലുകള്‍ നടന്നിരുന്നത്. കാശ്മീരില്‍ മര്‍കസിന്റെ കീഴില്‍ സ്‌കൂളുകള്‍ സ്ഥാപിക്കുകയും അവര്‍ക്ക് ഭൗതികവും മതപരവുമായ വിദ്യാഭ്യാസം നല്‍കിയതോടെ പാക്കിസ്ഥാന് വേണ്ടി ജയ് വിളിച്ചിരുന്ന പലരെയും ജയ് ഹിന്ദ് എന്നും, ഇന്ത്യ ഹമാരാഹെ(ഇന്ത്യ നമ്മളുടേതാണ്) എന്നും പറയിക്കാന്‍ കഴിഞ്ഞെന്ന് ധൈര്യപൂര്‍വം പറയാനാകും.
കാശ്മീരില്‍ 18 സ്‌കൂളുകളാണ് ഇപ്പോള്‍ മര്‍കസിനു കീഴില്‍ പ്രവര്‍ത്തിക്കുന്നത്.പത്ത് വര്‍ഷം മുമ്പ് അനാഥരുള്‍പ്പെടെയുള്ള കാശ്മീരി വിദ്യാര്‍ഥികളെ കോഴിക്കോട് മര്‍കസില്‍ കൊണ്ട് വന്ന് വിദ്യാഭ്യാസം നല്‍കുമ്പോഴും അവരില്‍ പലരും പാക്കിസ്ഥാന് വേണ്ടി ശബ്ദിച്ചിരുന്നു. എന്നാല്‍ പഠനം പൂര്‍ത്തിയാക്കിപോകുമ്പോള്‍ രാജ്യസ്‌നേഹവും രാജ്യത്തോട് കൂറും ഭക്തിയുമുള്ളവരാക്കി മാറ്റി. മത-ഭൗതിക സമന്യയത്തോടെ മാത്രമേ ഒരു വ്യക്തിയെ മനുഷ്യത്വവും മൂല്യബോധമുള്ളവരുമാക്കാനാകൂ. അതിന്റെ ഭാഗമായാണ് ലക്ഷങ്ങള്‍ നഷ്ടത്തിലാക്കിയും സ്‌കൂളുകളുള്‍പ്പെടെയുള്ളവ മര്‍കസ് നടത്തുന്നത്. അതിനര്‍ഥം സ്‌കൂളുകളെ മതസ്ഥാപനങ്ങളാക്കി മാറ്റലല്ല.
മറ്റുസ്ഥാപനങ്ങളില്‍ നിന്നും പഠിക്കാനെത്തുന്ന വിദ്യാര്‍ഥികളെ മനുഷ്യക്കടത്തായി ചിത്രീകരിക്കുന്നത് ശരിയല്ലെന്നും അങ്ങനെയൊരു നിയമം എടുത്തു കളയണമെന്നും കാന്തപുരം പറഞ്ഞു.ഒന്നും അറിയാത്ത ഒരു കൂട്ടം ഉദ്യോഗസ്ഥരാണ് ഇത്തരത്തില്‍ മനുഷ്യക്കടത്തെന്ന് പറഞ്ഞ് വിദ്യാര്‍ഥികളെ തടയുകയും ആക്ഷേപിക്കുകയും ചെയ്യുന്നത്.
നേരത്തെ പാലക്കാട് നിന്നും മലപ്പുറത്തേക്ക് അരി കൊണ്ട് പോകുന്നതിനും, കേരളത്തില്‍ നിന്നും കശുവണ്ടി കര്‍ണാടകയില്‍ കൊണ്ട് പോകുന്നതിനും വിലക്കുണ്ടായിരുന്നു. അത്തരം നിയമങ്ങള്‍ നടപ്പാക്കിയവര്‍ക്ക് ഭ്രാന്തും വിവരക്കേടുമെന്നേ പറയാനാകൂ. ഈ നിയമങ്ങള്‍ പിന്നീട് പിന്‍വലിച്ചു. ഇത്തരത്തിലാണിപ്പോള്‍ ഒരു സംസ്ഥാനത്തെ വിദ്യാര്‍ഥികള്‍ക്ക് മറ്റൊരു സംസ്ഥാനത്ത് പോയി പഠിക്കാന്‍ കഴിയില്ലന്ന് പറയുന്നത്. അങ്ങനെ ഒരു നിയമമുണ്ടെങ്കില്‍ മറ്റു സംസ്ഥാനങ്ങളില്‍ പോയി പഠിക്കുന്ന കേരളത്തിലെ വിദ്യാര്‍ഥികള്‍ക്കും ഈ നിയമം ബാധകമാക്കേണ്ടതല്ലേയെന്നും കാന്തപുരം ചോദിച്ചു.
എസ് വൈ എസും കേരള മുസ്‌ലിം ജമാഅത്തുമെല്ലാം ഭീകരവാദത്തിനും തീവ്രവാദത്തിനും എതിരാണെന്നും ഒരുതരത്തിലുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങളും തങ്ങള്‍ അനുവദിക്കില്ലെന്നും കാന്തപുരം പറഞ്ഞു.