Connect with us

Articles

സീറ്റിനായി നെട്ടോട്ടം

Published

|

Last Updated

തിരഞ്ഞെടുപ്പ് അടുത്തതോടെ സീറ്റ് മോഹികളുടെ തിക്കിലും തിരക്കിലും പെട്ട് ശ്വാസംമുട്ടുന്ന അവസ്ഥയിലാണ് കേരളം. രാഷ്ട്രീയത്തിലേക്ക് പിച്ചവെച്ചവര്‍ മുതല്‍ വിരമിക്കല്‍ പ്രായം കഴിഞ്ഞിട്ടും കളംവിടാന്‍ മനസ്സില്ലാത്തവര്‍ വരെ കൂട്ടത്തിലുണ്ട്. രാഷ്ട്രീയത്തെ ദൂരെ നിന്ന് മാത്രം കണ്ടവര്‍, സിനിമയിലും ബിസിനസിലും ജീവിത വഴി കണ്ടെത്തിയവര്‍ തുടങ്ങി മാധ്യമപ്രവര്‍ത്തകര്‍ പോലും ജയിക്കാവുന്ന ഒരു സീറ്റ് കിട്ടിയാല്‍ ഒരു കൈനോക്കാന്‍ സമ്മതം നെറ്റിയിലൊട്ടിച്ച് കാത്തിരിക്കുന്നു. പലരും സ്വയംപ്രഖ്യാപിത സ്ഥാനാര്‍ഥികളായി രംഗത്ത് വന്നുകഴിഞ്ഞു. തിരഞ്ഞെടുപ്പ് കാലത്ത് നിറം മാറുന്നവര്‍ക്കും കുറവില്ല. ഇന്നലെ വരെ പറഞ്ഞതും ചെയ്തതുമെല്ലാം വിഴുങ്ങും. ഒരു സീറ്റില്‍ മത്സരിക്കുക, അല്ലെങ്കില്‍ മത്സരിക്കുന്ന സീറ്റില്‍ ജയിക്കുകയെന്ന ആഗ്രഹത്തിലേക്ക് ചുരുങ്ങുമ്പോള്‍ അതുവരെ പറഞ്ഞ ആദര്‍ശം കാറ്റില്‍ പറക്കുന്നു. കോവൂര്‍കുഞ്ഞുമോന്റെ ആര്‍ എസ് പി കോകു (എ എ അസീസ് നല്‍കിയ വിശേഷണം) മുതല്‍ ജെ എസ് എസ് ഷാജുവരെയുള്ളവര്‍ ഈ ഗണത്തിലുണ്ട്.

നിലപാടുകളുടെ പേരില്‍ പക്ഷം മാറുന്നവര്‍ ഏറെയുണ്ട്. അതിന് കാരണങ്ങള്‍ പലതുമാകാം. പക്ഷേ, തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരു സീറ്റ് എന്ന ലക്ഷ്യം മാത്രം മുന്‍നിര്‍ത്തിയുള്ള കൂടുമാറ്റം കേരള രാഷ്ട്രീയം നിരുത്സാഹപ്പെടുത്തരുത്. ഭരണഘടന നല്‍കിയ അവകാശം പോലെയാണ് ചിലര്‍ മണ്ഡലങ്ങള്‍ കൈയടക്കി വെച്ചിരിക്കുന്നത്. പലതവണ മത്സരിച്ചവര്‍ മാറണമെന്ന് മുറവിളി കൂട്ടി മുന്‍കാലത്ത് സീറ്റ് സംഘടിപ്പിച്ചവരും സ്വന്തം കാര്യം വന്നപ്പോള്‍ മാറി നില്‍ക്കാന്‍ മടി കാണിക്കുന്നു.
പതിവ് പോലെ യു ഡി എഫിലും കോണ്‍ഗ്രസിലും തന്നെയാണ് സ്ഥാനാര്‍ഥികളാകാനുള്ള ഇടി കൂടുതല്‍. യുവപ്രാതിനിധ്യത്തിന് മുറവിളികൂട്ടുന്ന കെ എസ് യുവും യൂത്ത് കോണ്‍ഗ്രസും. സാമുദായിക പ്രാതിനിധ്യത്തിനായി വാളോങ്ങുന്ന കത്തോലിക്ക കോണ്‍ഗ്രസും എന്‍ എസ് എസും. ഈ ഏറ്റുമുട്ടലുകള്‍ക്കിടയില്‍ ആരെല്ലാം വീഴുമെന്നാണ് ഇനി അറിയേണ്ടത്. സ്വയംപ്രഖ്യാപിത സ്ഥാനാര്‍ഥികള്‍ ആയി ആരും രംഗത്ത് വരേണ്ടെന്ന് എ ഐ സി സി തന്നെ ആവശ്യപ്പെട്ടിരിക്കുകയാണ്. സ്ഥാനാര്‍ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കും മുമ്പ് ചുവരെഴുത്ത് നടത്തരുതെന്നും മറ്റു പ്രചാരണങ്ങള്‍ തുടങ്ങരുതെന്നും എ ഐ സി സി നിര്‍ദേശിച്ചിരിക്കുകയാണ്.
കോണ്‍ഗ്രസ് ജീവവായു തേടുന്ന ജില്ലയാണ് കോഴിക്കോട്. കാസര്‍കോടിനെ പോലെ തന്നെ നിയമസഭയില്‍ പ്രതിനിധീകരിക്കാന്‍ ഈ ജില്ലയില്‍ നിന്ന് ആരുമില്ല. കെ സി അബുമുതല്‍ ടി സിദ്ദീഖ് അഡ്വ. പി ശങ്കരനും കെ പി അനില്‍കുമാറും അടക്കം ഇവിടെ നിന്ന് മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക തയ്യാറാക്കി വെച്ചിരിക്കുന്നവരുടെ പട്ടികക്ക് നീളം ഏറെയുണ്ട്. ആദ്യം ജയിക്കാവുന്ന മണ്ഡലം നോക്കും. കിട്ടില്ലെന്ന് കണ്ടാല്‍ ജയസാധ്യതയെതങ്കിലും. അതുമില്ലെങ്കില്‍ കിട്ടുന്ന മണ്ഡലം. ഈ നിലയിലാണ് സ്ഥാനമോഹികളുടെ പോക്ക്. ഇതിനിടയില്‍ കെ മുരളീധരനെ പോലെ ചിലര്‍ പറയാനുള്ളത് തുറന്ന് പറയും. അത് കൊണ്ടാണ് വട്ടിയൂര്‍ക്കാവില്ലെങ്കില്‍ മത്സരിക്കില്ലെന്ന് കട്ടായം പറഞ്ഞത്.
2011ലെ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിയുടെ പുതുപ്പള്ളിയേക്കാള്‍ കോണ്‍ഗ്രസിന് സുരക്ഷിതമായിരുന്നു വട്ടിയൂര്‍ക്കാവ്. ചെന്നിത്തല അന്നേ കണ്ണുവെച്ച മണ്ഡലം. തട്ടകം ആലപ്പുഴ ആയതിനാല്‍ ഹരിപ്പാട് തേടി പോയി അന്ന് ചെന്നിത്തല. ഇക്കുറി ഹരിപ്പാട് കാര്യങ്ങള്‍ ഭദ്രമല്ലെന്ന് കണ്ടതോടെ വട്ടിയൂര്‍ക്കാവില്‍ രമേശ് കണ്ണെറിഞ്ഞു. ഇത് മനസ്സിലാക്കി ഒരു മുഴം മുമ്പെറിഞ്ഞിരിക്കുകയാണ് മുരളി. വട്ടിയൂര്‍ക്കാവ് ലക്ഷ്യമിട്ട് ആരും വരേണ്ടെന്നാണ് അദ്ദേഹം പറയാതെ പറയുന്നവര്‍. കോണ്‍ഗ്രസില്‍ നാല് ടേം എം എല്‍ എ ആയവര്‍ മാറി നില്‍ക്കണമെന്ന ആവശ്യം ഉയര്‍ന്നത് മുതിര്‍ന്ന നേതാക്കളെ അസ്വസ്ഥരാക്കുന്നു. ഉമ്മന്‍ചാണ്ടിയും ഈ ഗണത്തില്‍ വരുന്നയാളെങ്കിലും മുഖ്യമന്ത്രിയെന്ന നിലയില്‍ ഇളവ് നല്‍കാം. മറ്റുള്ളവരുടെ കാര്യത്തിലെന്തെങ്കിലും ചെയ്യണമെന്നാണ് ആവശ്യം. മന്ത്രിമാരായ കെ സി ജോസഫ്, ആര്യാടന്‍ മുഹമ്മദ്, അടൂര്‍പ്രകാശ്, കെ ബാബു, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തുടങ്ങിയവരാണ് ഈ ഗണത്തില്‍വരുന്നവര്‍. ആര്യാടന്‍ ഒഴികെ മറ്റൊരാളും മാറി നില്‍ക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുപോലുമില്ല.
പതിവ് പോലെ കോണ്‍ഗ്രസില്‍ തര്‍ക്കം മൂക്കുന്നത് തൃശൂരിലാണ്. കെ പി ധനപാലനെയും പി ടി തോമസിനെയും തൃശൂര്‍ ജില്ലയില്‍ പരീക്ഷിക്കാനുള്ള നീക്കത്തിനെതിരെ അവിടെ നിന്നുള്ള നേതാക്കള്‍ പ്രതികരിച്ച് തുടങ്ങി. നൂലില്‍ കെട്ടിയിറക്കുന്ന സ്ഥാനാര്‍ഥികളെയൊന്നും ജനം അംഗീകരിക്കില്ലെന്ന് പറഞ്ഞിരിക്കുകയാണ് മന്ത്രി സി എന്‍ ബാലകൃഷ്ണന്‍. തൃശൂര്‍ സീറ്റില്‍ പതിവായി മത്സരിക്കുന്ന തേറമ്പില്‍ രാമകൃഷ്ണനെ ഇക്കുറിയെങ്കിലും മാറ്റണമെന്ന ആവശ്യം ഉയര്‍ത്തിയിരിക്കുന്നത് കത്തോലിക്ക കോണ്‍ഗ്രസാണ്.
യു ഡി എഫ് ഘടകകക്ഷികളുടെ കാര്യമെടുത്താന്‍ സീറ്റ് പ്രശ്‌നം കൂടുതല്‍ കേരളാ കോണ്‍ഗ്രസിലാണ്. രണ്ടില രണ്ട് ഭാഗത്തേക്ക് പോകുന്ന മട്ടാണ്. ഡല്‍ഹിയിലെ ധര്‍ണ ജോസഫ് ഗ്രൂപ്പ് ബഹിഷ്‌കരിച്ചു. പ്രത്യേക ഘടകക്ഷിയാക്കണെന്ന് വരെ അവര്‍ മുഖ്യമന്ത്രിയെക്കണ്ട് ആവശ്യപ്പെട്ടു കഴിഞ്ഞു. ആറ് സീറ്റെങ്കിലും വേണമെന്നാണ് ഗ്രൂപ്പിന്റെ ആവശ്യം. കെ എം മാണി മത്സരിക്കരുതെന്ന ആവശ്യം ഗ്രൂപ്പില്‍ നിന്ന് നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. അത് തിരിച്ചറിഞ്ഞാണ് പാലയിലെ ജനങ്ങളുടെ ആഗ്രഹത്തിനൊപ്പം നില്‍ക്കുമെന്നും പിന്മാറുന്ന പ്രശ്‌നമില്ലെന്നും മാണി തുറന്നുപറഞ്ഞിരിക്കുന്നത്. ചങ്ങനാശ്ശേരിയില്‍ സി എഫ് തോമസിനെ ലക്ഷ്യമിട്ടാണ് പാര്‍ട്ടി ജനറല്‍സെക്രട്ടറി ജോബ് മൈക്കിളിന്റെ നീക്കം. ഫേസ് ബുക്ക് വഴി അദ്ദേഹം സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചുകഴിഞ്ഞു.
യു ഡി എഫില്‍ നില്‍ക്കുന്ന ജെ എസ് എസ് രാജന്‍ബാബു പക്ഷത്തിന്റെ പ്രസിഡന്റ് കെ കെ ഷാജു കോണ്‍ഗ്രസില്‍ ചേക്കേറാന്‍ അപേക്ഷ നല്‍കി കാത്തിരിക്കുകയാണ്. കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കാന്‍ ഒരുക്കമാണെന്നാണ് ഷാജുവിന്റെ പക്ഷം. ലീഗില്‍ ഭിന്നസ്വരങ്ങളൊന്നും പുറത്തേക്ക് വന്നിട്ടില്ല. സിറ്റിംഗ് എം എല്‍ എമാരില്‍ ചിലര്‍ക്ക് സീറ്റ് നഷ്ടപ്പെടുമെന്ന സൂചനകള്‍ വന്നതോടെ പലരുടെയും ഉള്ളകം നീറുകയാണ്.
എല്‍ ഡി എഫില്‍ സ്വയം പ്രഖ്യാപിത സ്ഥാനാര്‍ഥിത്വം ഇതുവരെ പ്രഖ്യാപിച്ചത് എന്‍ സി പിയിലെ തോമസ് ചാണ്ടിയാണ്. ഒരുപടി കൂടി കടന്ന് മന്ത്രിപദവും വകുപ്പുമെല്ലാം അദ്ദേഹം പ്രഖ്യാപിച്ചുകഴിഞ്ഞു. കുട്ടനാട് തന്നെ മത്സരിക്കുമെന്നും മന്ത്രിയാകുമെന്നും ജലസേചന വകുപ്പ് ഭരിക്കുമെന്നും.
ആര്‍ ബാലകൃഷ്ണപിള്ളയും സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചുകഴിഞ്ഞു. ചവറയിലാണെങ്കിലും മത്സരിക്കാന്‍ സന്നദ്ധനാണ് അദ്ദേഹം. കേരളാ കോണ്‍ഗ്രസില്‍ രൂപം കൊണ്ടിരിക്കുന്ന പുകപടലങ്ങള്‍ എല്‍ ഡി എഫിനെ ലക്ഷ്യമിടുന്നതും എല്‍ ഡി എഫിനെയാണ്. കുറച്ചു പേരെങ്കിലും അവിടെ നിന്ന് എല്‍ ഡി എഫിലെത്തി സീറ്റ് ഒപ്പിച്ച് മത്സരിക്കാനും ഇറങ്ങും. ഏറ്റവും ഒടുവില്‍ കൂടുമാറ്റം നടത്തിയത് കോവൂര്‍കുഞ്ഞിമോനാണ്. എല്‍ ഡി എഫില്‍ നിന്ന് മത്സരിച്ചാല്‍ മാത്രമേ കുന്നത്തൂരില്‍ ജയിക്കാന്‍ കഴിയൂവെന്ന് കണ്ടതോടെയാണ് കൂറുമാറ്റം. എല്‍ ഡി എഫില്‍ ഘടകകക്ഷിയാകാന്‍ അദ്ദേഹം അപേക്ഷ നല്‍കി കഴിഞ്ഞു. ബി ജെ പിയില്‍ വരെ പോയി മടങ്ങിയെത്തിയ എ വി താമരാക്ഷന്‍ നയിക്കുന്ന മറ്റൊരു ആര്‍ എസ് പി ഇപ്പോള്‍ തന്നെ എല്‍ ഡി എഫുമായി സഹകരിക്കുന്നുണ്ട്. കുഞ്ഞിമോന്‍ പോയ ഒഴിവിലേക്ക് ജനതാദള്‍ എസില്‍ നിന്നൊരാള്‍ യു ഡി എഫിലേക്ക് ലൈന്‍വലിക്കുന്നുണ്ട്. സംസ്ഥാനസെക്രട്ടറി ഗോപി. മാത്യു ടി തോമസിന്റെ “ഏകാധിപത്യം” ബോധ്യപ്പെടാന്‍ വൈകിയതിനാല്‍ തിരഞ്ഞെടുപ്പ് അടുത്തപ്പോഴാണ് അദ്ദേഹത്തിന് പാര്‍ട്ടി യോഗത്തില്‍ നിന്ന് പ്രതിഷേധിച്ച് ഇറങ്ങി പോരാന്‍ തോന്നിയത്. എന്തായാലും കുന്നത്തൂരില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കാനുള്ള സാധ്യത തേടുകയാണ് ഗോപി.
എല്‍ ഡി എഫില്‍ സ്വതന്ത്രവേഷത്തില്‍ മത്സരിക്കാന്‍ തത്പരരായി കുറെ പേര്‍ രംഗത്തുണ്ട്. സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചവരില്‍ പ്രധാനി മുന്‍കോണ്‍ഗ്രസ് നേതാവ് വി അബ്ദുര്‍റഹിമാനും സെബാസ്റ്റ്യന്‍ പോളുമാണ്. കൊച്ചിയോ തൃക്കാക്കരയോ കിട്ടിയാല്‍ മത്സരിക്കാമെന്നാണ് സെബാസ്റ്റ്യന്‍ പോള്‍ പറയുന്നത്. എറണാകുളത്ത് മത്സരിക്കാന്‍ ഒട്ടും തല്‍പരനുമല്ല. മുന്‍ മലപ്പുറം ഡി സി സി സെക്രട്ടറിയായ വി അബ്ദുര്‍റഹ്മാന്‍ താനൂരിലാണ് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചിരിക്കുന്നത്. എന്തായാലും ഇനിയുള്ള ദിവസങ്ങള്‍ നാടകങ്ങളുടേതാണ്. ആര്‍ക്കെല്ലാം കാലിടറും. ആരുടെയെല്ലാം കണ്ണീര് വീഴും. കാത്തിരുന്ന് കാണുക തന്നെ.