Connect with us

Kerala

ഭിന്നത രൂക്ഷം:ആറ് സീറ്റില്‍ ഉറച്ച് ജോസഫ്

Published

|

Last Updated

തിരുവനന്തപുരം:നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റുകളുടെ പേരില്‍ കേരള കോണ്‍ഗ്രസ് എമ്മില്‍ ഭിന്നത രൂക്ഷമാകുന്നതിനിടെ നിലപാട് കടുപ്പിച്ച് പി ജെ ജോസഫ് വിഭാഗം. പൂഞ്ഞാര്‍ ഉള്‍പ്പടെ ആറ് സീറ്റുകള്‍ വേണമെന്ന ആവശ്യപ്പെട്ട് മന്ത്രി പി ജെ ജോസഫ് പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണിയുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ രാവിലെ തൈക്കാട് ഗസ്റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. കഴിഞ്ഞ തവണ മത്സരിച്ച നാല് സീറ്റുകള്‍ക്ക് പുറമെ, ഫ്രാന്‍സിസ് ജോര്‍ജ്, ആന്റണി രാജു എന്നിവര്‍ക്ക് വേണ്ടിയാണ് കൂടുതല്‍ സീറ്റ് ആവശ്യപ്പെട്ടത്. എന്നാല്‍, കഴിഞ്ഞ തവണ മത്സരിച്ച നാല് സീറ്റുകള്‍ ഇത്തവണയും നല്‍കാമെന്നാണ് മാണിയുടെ നിലപാട്. അധികമായി ചോദിച്ച രണ്ട് സീറ്റുകളുടെ കാര്യത്തില്‍ ചര്‍ച്ച ചെയ്ത് തിരുമാനം അറിയിക്കാമെന്നും മാണി മറുപടി നല്‍കിയെന്നാണ് സൂചന.

അതേസമയം, മുന്നണിയിലോ പാര്‍ട്ടിയിലോ സീറ്റുവിഭജന ചര്‍ച്ചകള്‍ ആരംഭിച്ചിട്ടില്ലെന്ന് കെ എം മാണി പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു. പാര്‍ട്ടിയില്‍ പ്രശ്‌നങ്ങളുണ്ടെന്ന പി ജെ ജോസഫിന്റെ പ്രസ്താവന ചൂണ്ടിക്കാട്ടിയപ്പോള്‍ ചോദിക്കുന്ന സീറ്റെല്ലാം കിട്ടുമോയെന്നായിരുന്നു മാണിയുടെ പ്രതികരണം. ചില സീറ്റുകള്‍ കിട്ടാതിരിക്കാനും പറ്റില്ല. ഇതൊക്കെ പ്രശ്‌നങ്ങളാണ്. കീറാമുട്ടിയായ പ്രശ്‌നങ്ങളൊന്നും പാര്‍ട്ടിയിലുണ്ടെന്ന അര്‍ഥത്തിലല്ല പി ജെ ജോസഫിന്റെ പ്രതികരണമെന്നും എല്ലാ പ്രശ്‌നങ്ങളും ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും മാണി പറഞ്ഞു. തൊടുപുഴ, കോതമംഗലം, കടുത്തുരുത്തി, കുട്ടനാട് മണ്ഡലങ്ങളിലാണ് ജോസഫ് വിഭാഗം നേതാക്കള്‍ കഴിഞ്ഞ തവണ മത്സരിച്ചത്. ഫ്രാന്‍സിസ് ജോര്‍ജിനുവേണ്ടി പൂഞ്ഞാറും ആന്റണി രാജുവിനായി തെക്കന്‍ ജില്ലകളിലൊരു സീറ്റുമാണ് നിലവില്‍ ജോസഫ് വിഭാഗം ലക്ഷ്യമിടുന്നത്. ധാരണപ്രകാരം പി ജെ ജോസഫ് തൊടുപുഴയിലും ടി യു കുരുവിള കോതമംഗലത്തും മോന്‍സ് ജോസഫ് കടുത്തുരുത്തിയിലും മത്സരിക്കാനാണ് സാധ്യത. കെ സി ജോസഫ് രണ്ട് തവണ പരാജയപ്പെട്ടതിനാല്‍ കുട്ടനാട് സീറ്റില്‍ മറ്റൊരാള്‍ സ്ഥാനാര്‍ഥിയായേക്കും. എന്നാല്‍, ഫ്രാന്‍സിസ് ജോര്‍ജിന് സീറ്റു നല്‍കാനാകില്ലെന്ന കടുത്ത നിലപാടിലാണ് കെ എം മാണി. ബാര്‍കോഴ ഉള്‍പ്പടെയുള്ള പ്രതിസന്ധി ഘട്ടങ്ങളില്‍ ഫ്രാന്‍സിസ് ജോര്‍ജ് പാര്‍ട്ടിയെ പ്രതിരോധിച്ചില്ലെന്നതാണ് എതിര്‍പ്പിനുള്ള പ്രധാനകാരണം. സീറ്റുകള്‍ നേടാനായി സമ്മര്‍ദം ശക്തമാക്കുന്നതിന്റെ ഭാഗമായി കോണ്‍ഗ്രസിന്റെ ഇടപെടല്‍ തേടി പി ജെ ജോസഫ് കഴിഞ്ഞദിവസം മുഖ്യമന്ത്രിയെ കണ്ടിരുന്നു. ആറു സീറ്റുകള്‍ കിട്ടിയില്ലെങ്കില്‍ പാര്‍ട്ടിയില്‍ പൊട്ടിത്തെറിയുണ്ടാകുമെന്നാണ് ജോസഫ് വിഭാഗം നേതാക്കള്‍ പറയുന്നത്. കേരളാ കോണ്‍ഗ്രസിലെ സ്ഥിതിഗതികള്‍ പൊട്ടിത്തെറിയിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ മുന്നണി നേതൃത്വത്തിന്റെ ഇടപെടലുണ്ടാകും. മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുന്ന രീതിയിലേക്ക് തര്‍ക്കം വഷളാവാകാതിരിക്കാനുള്ള നീക്കങ്ങള്‍ കോണ്‍ഗ്രസും സ്വീകരിക്കും. നിലവിലെ പ്രതിസന്ധികള്‍ കണക്കിലെടുത്ത് ഘടകകക്ഷികളുമായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ ഉടനാരംഭിക്കും. അതേസമയം, ഇന്നലെ ചേരാനിരുന്ന യു ഡി എഫ് നേതൃയോഗം നേതാക്കളുടെ അസൗകര്യത്തെ തുടര്‍ന്ന് മാറ്റിവെച്ചു. പ്രത്യേക മന്ത്രിസഭാ യോഗം നീണ്ടുപോയതും യോഗം മാറ്റിവെക്കുന്നതിന് കാരണമായി. സീറ്റു വിഭജനം ചര്‍ച്ച ചെയ്യുന്നതിന് മാര്‍ച്ച് ആദ്യവാരം യു ഡി എഫ് ചേരും.