Connect with us

Gulf

ഭക്ഷ്യ സുരക്ഷയില്‍ യു എ ഇ അറബ് ലോകത്തെ പ്രഥമ രാജ്യം

Published

|

Last Updated

ദുബൈ: ഭക്ഷ്യസുരക്ഷയുടെ കാര്യത്തില്‍ അറബ് ലോകത്ത് യു എ ഇക്ക് പ്രഥമ സ്ഥാനം. 109 ലോക രാജ്യങ്ങളെ ഉള്‍പെടുത്തി തയ്യാറാക്കിയ ആഗോള ഭക്ഷ്യസുരക്ഷാ സൂചിക 2015ലാണ് രാജ്യം അഭിമാനകരമായ നേട്ടത്തിന് അര്‍ഹമായിരിക്കുന്നത്.
ഗള്‍ഫൂഡ് 2016ലാണ് ആഗോള ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ചക്കെത്തിയത്. ഭക്ഷ്യവസ്തുക്കളുടെ ലഭ്യതയും അവ വാങ്ങാന്‍ രാജ്യത്തെ ജനങ്ങള്‍ക്കുള്ള ശേഷിയും കണക്കിലെടുത്താണ് ആഗോള ഭക്ഷ്യസുരക്ഷാ സൂചിക 2015 തയ്യാറാക്കിയിരിക്കുന്നത്. ആഗോളതലത്തില്‍ 23-ാം സ്ഥാനത്തുള്ള യു എ ഇക്ക് 75.6 പോയിന്റാണുള്ളത്. ഡു പോണ്ട് എന്ന ശാസ്ത്ര സ്ഥാപനത്തിന്റെ സഹായത്തോടെയാണ് സൂചിക തയ്യാറാക്കിയത്. ലഭിക്കുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണമേന്മയും സൂചിക തയ്യാര്‍ ചെയ്യുന്നതിന് മാനദണ്ഡമാക്കിയിരുന്നു. ഈ രംഗത്ത് ഉപയോഗിക്കുന്ന സാങ്കേതികവിദ്യകളുടെ ഗുണനിലവാരം, ഭക്ഷ്യവസ്തുക്കള്‍ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കാനുള്ള സജ്ജീകരണം, ആരോഗ്യകരമായ ചുറ്റുപാട് നിലനിര്‍ത്തുന്ന പ്രാദേശിക കമ്പോളം എന്നിവയും പരിഗണനാ വിഷയങ്ങളില്‍ ഉള്‍പെട്ടിരുന്നു.
ഭക്ഷ്യസുരക്ഷയുടെയും മറ്റു മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തില്‍ ലോകത്ത് ഒന്നാം സ്ഥാനം യു എസിനാണ്. രണ്ടാം സ്ഥാനത്ത് സിംഗപ്പൂരും മൂന്നാം സ്ഥാനത്ത് അയര്‍ലാന്റുമാണ്. ഭക്ഷ്യവസ്തുക്കള്‍ വാങ്ങാനുള്ള കഴിവ് മാത്രം പരിഗണിക്കുമ്പോള്‍ യു എ ഇ ലോകത്ത് മൂന്നാം സ്ഥാനത്താണ്. വീടുമായി ബന്ധപ്പെട്ട് ചെലവഴിക്കുന്ന മൊത്തം ചെലവിന്റെ 30 ശതമാനത്തോളം ഭക്ഷ്യവസ്തുക്കള്‍ വാങ്ങാനായാണ്. ആഗോള ശരാശരി 33.39 ശതമാനമാണ്. ഭക്ഷ്യവസ്തുക്കള്‍ വേഗത്തില്‍ ലഭ്യമാക്കുന്ന കാര്യത്തില്‍ രാജ്യം 63ല്‍ 43-ാം സ്ഥാനത്താണ്. ഗുണമേന്മയുള്ള, സുരക്ഷിതമായ ഭക്ഷണം കിട്ടുന്ന പ്രദേശമെന്ന നിലയില്‍ യു എ ഇ 77 രാജ്യങ്ങളുടെ പട്ടികയില്‍ 25-ാം സ്ഥാനത്താണ്.
സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഭക്ഷ്യരംഗത്തെ ഇടപെടലുകള്‍ മികച്ചതാണെന്നും ഇതാണ് രാജ്യത്തിന് ഈ രംഗത്ത് നേട്ടത്തിന് ഇടയാക്കിയിരിക്കുന്നതെന്നും ഡു പോണ്ട് യു എ ഇ ജനറല്‍ മാനേജര്‍ അമീന്‍ ഖയ്യാല്‍ പറഞ്ഞു. ഭക്ഷ്യരംഗത്ത് ആഗോളതലത്തില്‍ വിപ്ലവകരമായ മാറ്റങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും ഖയ്യാല്‍ ചൂണ്ടിക്കാട്ടി. കുവൈത്തിന് 75.5 പോയിന്റും സഊദി അറേബ്യക്ക് 72.8 പോയിന്റുമാണുള്ളത്.

Latest