Connect with us

Kozhikode

ആര്‍ സി എഫ് ഐ യുടെ തണലില്‍ താമരശ്ശേരിയില്‍ രണ്ട് കുടുംബങ്ങള്‍ക്ക് വീടൊരുങ്ങി

Published

|

Last Updated

താമരശ്ശേരി: കാരന്തൂര്‍ മര്‍ക്കസിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന റിലീഫ് ആന്റ് ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ (ആര്‍ സി എഫ് ഐ) യുടെ തണലില്‍ താമരശ്ശേരി മേഖലയില്‍ രണ്ട് കുടുംബങ്ങള്‍ക്ക് വീടൊരുങ്ങി. കോരങ്ങാട്, പരപ്പന്‍പൊയില്‍ എന്നിവിടങ്ങളിലാണ് ആര്‍ സി എഫ് ഐ യുടെ ഡ്രീം ഹോം പദ്ധതി പ്രകാരം നാലുലക്ഷം വീതം ചെലവഴിച്ച് ഓരോ വീടുകള്‍ പണികഴിപ്പിച്ചത്. വീട് നിര്‍മിക്കാന്‍ സാമ്പത്തിക ശേഷി ഇല്ലാത്ത രണ്ട് കുടുംബങ്ങള്‍ക്കും സാങ്കേതികത്വത്തിന്റെ പേരില്‍ സര്‍ക്കാറിന്റെ സഹായവും ലഭിച്ചിരുന്നില്ല. ഇതേ തുടര്‍ന്നാണ് പ്രദേശത്തെ സുന്നി പ്രവര്‍ത്തകരുടെ ശ്രമഫലമായി ആര്‍ സി എഫ് ഐ സഹായത്തിനെത്തിയത്.
home2ആര്‍ സി എഫ് ഐ യുടെ കീഴില്‍ രാജ്യ വ്യാപകമായി നടത്തിവരുന്ന സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധ സംസ്ഥാനങ്ങളില്‍ നൂറിലധികം വീടുകള്‍ പണികഴിപ്പിക്കുകയും ആയിരത്തിലധികം വീടുകള്‍ അറ്റകുറ്റപണി നടത്താന്‍ ധനസഹായം നല്‍കുകയും ചെയ്തിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ കിണറുകള്‍, മെഡിക്കല്‍ ക്യാമ്പ്, ഭക്ഷണകിറ്റ് വിതരണം തുടങ്ങിയ സേവനപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ആര്‍ സി എഫ് ഐ യുടെ സഹായം ഇതിനകം 1.5 മില്യന്‍ ജനങ്ങളിലെത്തിയിട്ടുണ്ട്. ഗുജറാത്ത്, നേപ്പാള്‍ എന്നിവിടങ്ങളിലെ ഭൂകമ്പം ഉള്‍പ്പെടെയുള്ള ദുരന്ത മുഖത്തും ആര്‍ സി എഫ് ഐ മികച്ച സേവന പ്രവര്‍ത്തനങ്ങളാണ് കാഴ്ചവെച്ചത്.
കോഴിക്കോട് താത്തൂരില്‍ പത്തു കുടുംബങ്ങള്‍ക്കുള്ള ഡ്രീം ഹോം വില്ലയുടെ പ്രവര്‍ത്തനം അവസാന ഘട്ടത്തിലാണ്. താമരശ്ശേരിയില്‍ പ്രവൃത്തി പൂര്‍ത്തിയാക്കിയ 2 വീടുകള്‍ക്കു പുറമെ കിഴക്കോത്ത്, ഉണ്ണികുളം പഞ്ചായത്തുകളില്‍ ഓരോ വീടുകളുടെയും വിവിധ പ്രദേശങ്ങളിലായി 6 വീടുകളുടെയും പ്രവൃത്തി അവസാന ഘട്ടത്തിലാണ്. കോരങ്ങാട് സ്വദേശി അബ്ദുള്ളകോയക്കുള്ള വീടിന്റെ താക്കോല്‍ദാനം ഞായറാഴ്ച രാത്രി ഏഴിന് ഡി സി സി പ്രസിഡന്റ് കെ സി അബുവും പരപ്പന്‍പൊയില്‍ സ്വദേശി ഖാസിമിനുള്ള വീടിന്റെ താക്കോല്‍ദാനം തിങ്കളാഴ്ച രാത്രി ഏഴിന് വി എം ഉമ്മര്‍ മാസ്റ്റര്‍ എം എല്‍ എ യും നിര്‍വഹിക്കും.

Latest