Connect with us

Articles

മാതൃകയാണ് കേരളത്തിലെ ഈ കുട്ടിത്തോട്ടങ്ങള്‍

Published

|

Last Updated

ലോകരാജ്യങ്ങളില്‍ ചൈന കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പച്ചക്കറി ഉത്പാദിപ്പിക്കുന്നത് ഇന്ത്യയാണ്. ഇന്ത്യയുടെയും ചൈനയുടെയും ഉത്പാദനത്തിന്റെ തോതില്‍ വലിയ വ്യത്യാസമുണ്ട്. ആവശ്യമായ പച്ചക്കറിയുടെ 23 ശതമാനമെങ്കിലും ചൈന ഉത്പാദിപ്പിക്കുമ്പോള്‍ നമ്മുടേത് വെറും 12 ശതമാനമാണ്. അഞ്ച് വര്‍ഷം മുമ്പുള്ള കണക്കുകള്‍ പ്രകാരം വര്‍ഷം തോറും ഏകദേശം 200 ദശലക്ഷം ടണ്‍ പച്ചക്കറി ഇന്ത്യക്ക് ആവശ്യമാണെന്നു സൂചിപ്പിക്കുന്നു. എന്നാല്‍ നമ്മുടെ പ്രതിവര്‍ഷ ഉത്പാദനം നൂറ് ദശലക്ഷം ടണ്‍ മാത്രമാണ്. അഞ്ച് വര്‍ഷംകഴിയുമ്പോഴും ആളോഹരി ആവശ്യം കൂടിയിട്ടുണ്ടെന്നല്ലാതെ ഉത്പാദനം നമ്മുടെ രാജ്യത്ത് വലിയ തോതില്‍ കൂടാനിടയില്ലെന്ന് നമ്മുടെ സാമ്പത്തിക -കാര്‍ഷിക വിദഗ്ധര്‍ വിലയിരുത്തുന്നു. രാജ്യത്തെ പച്ചക്കറി ഉത്പാദനത്തിന്റെ കണക്കുകള്‍ നിരത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യമുണ്ട്. രാജ്യത്ത് ഏറ്റവും കുറച്ച് പച്ചക്കറി ഉത്പാദനം നടത്തുന്നതും എന്നാല്‍ ഏറ്റവും കൂടുതല്‍ പച്ചക്കറി ഉപയോഗിക്കുകയും ചെയ്യുന്നത് എവിടെയെന്ന് ചോദിച്ചാല്‍ എറ്റവും കൃത്യമായി മറുപടി പറയാന്‍ മലയാളിക്ക് തന്നെയാണ് സാധിക്കുക. കേരളത്തിലുള്ളവര്‍ അന്യസംസ്ഥാന പച്ചക്കറിയെ പരിപൂര്‍ണമായി ആശ്രയിച്ച് തുടങ്ങിയിട്ട് അധിക കാലമൊന്നുമായിട്ടില്ലെങ്കിലും ഇതിന്റെ ഗുണ ദോഷവശങ്ങള്‍ മനസ്സിലാക്കാന്‍ മലയാളിക്ക് ഒരു പക്ഷെ ഏറെ കാത്തിരിക്കേണ്ടിവന്നില്ല. അമിത രാസവള – കീടനാശിനി അടങ്ങിയ പച്ചക്കറികള്‍ ദുരിതമായും ദുരന്തമായും പതിച്ചു തുടങ്ങിയപ്പോഴാണ് മലയാളി കുറച്ചെങ്കിലും ഉണര്‍ന്നത്. എന്തായാലും കഴിഞ്ഞ അഞ്ചുപത്ത് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ കാര്‍ഷിക രംഗത്ത് പ്രത്യേകിച്ച് പച്ചക്കറി ഉത്പാദന രംഗത്ത് അല്ലറ ചില്ലറ മാറ്റങ്ങള്‍ വന്നു. മാറിമാറി വന്ന സര്‍ക്കാറുകള്‍ ഇക്കാര്യത്തില്‍ വലിയ വിപ്ലവം തന്നെയുണ്ടാക്കിയെന്ന് പറയാനാകും. ഇക്കാലയളവില്‍ കൃഷി വകുപ്പ് ഭരിച്ച മന്ത്രിമാരെല്ലാം തന്നെ ഒരുപക്ഷെ, കൃഷിക്കാരോ അല്ലെങ്കില്‍ നാട്ടുമ്പുറത്തുകാരോ ആയിരുന്നത് പച്ചക്കറി വികസന പദ്ധതികളുടെ വിപുലീകരണത്തിന് വലിയ ഗുണം ചെയ്തു.
ഒടുവിലായി പുറത്തിറക്കിയ ആസൂത്രണ ബോര്‍ഡിന്റെ സാമ്പത്തികാവലോകന കണക്കില്‍ കേരളത്തിലെ പച്ചക്കറി കൃഷിയില്‍ അറുപത്തിനാല് ശതമാനം വര്‍ധനവുണ്ടായെന്ന് ചൂണ്ടിക്കാട്ടുന്നുണ്ട്. 2011-12 സാമ്പത്തിക വര്‍ഷം 8.25 ലക്ഷം മെട്രിക് ടണ്‍ ആയിരുന്നു ഉത്പാദനമെങ്കില്‍ 2014-15 ആകുമ്പോഴേക്ക് അത് 13.55 ലക്ഷമായി ഉയര്‍ന്നുവെന്നാണ് ചൂണ്ടിക്കാട്ടുന്നത്. 258.84 കോടിയാണ് പച്ചക്കറി വികസനത്തിനായി ഇക്കാലയളവില്‍ സര്‍ക്കാര്‍ ചെലവിട്ടത്. കേരളത്തിലെ പച്ചക്കറി ഉത്പാദനത്തില്‍ ഏറ്റവും വലിയ നേട്ടമുണ്ടാക്കിയവരെക്കുറിച്ചാണ് ഇനി പറയുന്നത്. ആരും അത്ര കണ്ട് പ്രതീക്ഷിക്കാതിരുന്ന ഒരു മേഖലയില്‍ നിന്ന് വന്‍ തോതില്‍ പച്ചക്കറി ഉത്പാദനം ഉണ്ടായെന്ന് കണ്ടപ്പോള്‍ ഒരുപക്ഷെ, സാമ്പത്തിക വിദഗ്ധര്‍ തന്നെ അമ്പരന്നിരിക്കാം. നമ്മുടെ വിദ്യാലയ മുറ്റത്തെ കുട്ടിത്തോട്ടങ്ങളില്‍ നിന്നുത്പാദിപ്പിച്ച പച്ചക്കറിയുടെ അളവ് കണ്ട് അന്യസംസ്ഥാനങ്ങളില്‍ വിദ്യാഭ്യാസ വിദഗ്ധര്‍ പോലും അതിശയിച്ചിട്ടുണ്ടാകണം. പല കാര്യങ്ങളിലും കേരള മാതൃക സ്വീകരിക്കുന്ന അന്യനാട്ടുകാര്‍ നമ്മുടെ വിദ്യാലയ തോട്ടങ്ങളെയും അനുകരിച്ചു തുടങ്ങിയെന്ന വാര്‍ത്തകള്‍ എന്തു കൊണ്ടും നമ്മുടെ കുട്ടികള്‍ക്ക് അഭിമാനാര്‍ഹമാണ്.
പച്ചക്കറികള്‍ വിവിധ പോഷക മൂല്യങ്ങളുടെ കലവറയാണ്. പല രോഗങ്ങളില്‍ നിന്നും നമ്മെ രക്ഷിക്കാനുതകുന്ന വിവിധ വിറ്റാമിനുകളും പോഷക മൂല്യങ്ങളും കൊണ്ട് സമൃദ്ധമാണവ എന്നു തുടങ്ങി അക്ഷരം കൂട്ടിവായിക്കാന്‍ തുടങ്ങുന്ന കാലം മുതല്‍ പഠിച്ചു തുടങ്ങിയിരുന്നു. എന്നാല്‍ പഠിച്ച പാഠങ്ങള്‍ ഇത്ര വേഗം പ്രവൃത്തിയില്‍ കൊണ്ടുവരാന്‍ നമ്മുടെ കുട്ടികള്‍ക്ക് കഴിഞ്ഞുവെന്നത് ചെറുതായി കാണാനാകില്ല. പച്ചക്കറി കൃഷി തുടങ്ങിയ കാലത്ത് കേരളത്തിലെ സ്‌കൂളുകളില്‍ അത്രയൊന്നും ആരും ഇതിന് പ്രാധാന്യം നല്‍കിയിരുന്നില്ല. നാമമാത്ര സ്‌കൂളുകളില്‍ രൂപവത്കരിച്ച ഫാം ക്ലബ്ബിലൂടെയായിരുന്നു കൃഷി നടത്തിയത്. മുന്‍ കാലങ്ങളില്‍ സ്‌കൂളുകളില്‍ കുട്ടികള്‍ പൂന്തോട്ടങ്ങളുണ്ടാക്കാന്‍ മത്സരിക്കാറുണ്ടായിരുന്നു. എല്ലാ വിദ്യാലയ മുറ്റത്തുമുള്ള പൂന്തോട്ടങ്ങള്‍ ആ സ്‌കൂളിലെ കുട്ടികളുടെ അഭിമാനം കൂടിയായിരുന്നു. ആ കാലഘട്ടം മാഞ്ഞതിന്റെ സ്മരണക്കെന്നോണമാണ് അധ്യാപകരില്‍ ചിലര്‍ ഫാം ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങളും പച്ചക്കറി കൃഷിയും തുടങ്ങിവെച്ചത്. എന്നാല്‍ പല ഫാം ക്ലബ്ബുകളും പേരില്‍ മാത്രമൊതുങ്ങി. കേരളത്തിലെ വിദ്യാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങുന്നത് കാലവര്‍ഷക്കാലത്താണ്. പേമാരിയില്‍ കൃഷിയിറക്കുക സാധ്യമല്ല. എന്നാല്‍ ജൂണ്‍, ജൂലൈ മാസങ്ങളില്‍ കൃഷിക്കുള്ള പ്രാരംഭ നടപടികള്‍ സ്വീകരിക്കാനും ആഗസ്ത് സപ്തംബര്‍ മാസങ്ങളില്‍ കൃഷി തുടങ്ങാനും ഡിസംബറിന് മുമ്പ് വിളവെടുക്കാനുമായിരുന്നു ആദ്യകാലത്ത് കൃഷിയുടെ സമയക്രമം സ്‌കൂളുകളിലേക്കായുണ്ടാക്കിയത്. എന്നാല്‍ ഇതൊന്നും നടന്നില്ല. ഇതിന് പല വിധ കാരണങ്ങള്‍ അധികൃതര്‍ നിരത്തുകയും ചെയ്തു. കുട്ടികള്‍ക്ക് പഠനത്തില്‍ ശ്രദ്ധിക്കാനാകില്ലന്നതായിരുന്നു പ്രധാന പരാതി. സ്ഥലപരിമിതി, ജലസേചന സൗകര്യക്കുറവ്, ജലദൗര്‍ലഭ്യം, കെട്ടുറപ്പില്ലാത്ത സ്‌കൂള്‍ പരിസരം, സാമ്പത്തിക ഞെരുക്കങ്ങള്‍, മൃഗശല്യം, മോഷണം തുടങ്ങിയവയെല്ലാം പച്ചക്കറി കൃഷിയുടെ പ്രധാന തടസ്സങ്ങളായി ചൂണ്ടിക്കാണിച്ചു. എന്നാല്‍, ഇക്കാര്യത്തില്‍ വിദ്യാഭ്യാസ വകുപ്പെടുത്ത താത്പര്യത്തിനു പുറമെ അധ്യാപക രക്ഷകര്‍തൃ സമിതികളും നാട്ടുകാരും കൃഷി വകപ്പുമെല്ലാം ചേര്‍ന്നതോടെ വിദ്യാലയങ്ങളിലെ കൃഷി എന്ന ആശയം യാഥാര്‍ഥ്യമായി.
വിഷം കലര്‍ന്ന പച്ചക്കറിയാണ് നമ്മള്‍ കഴിക്കേണ്ടി വന്നിരുന്നത്. അതുണ്ടാക്കുന്ന ഭവിഷ്യത്ത് എത്ര വലുതാണെന്ന തിരിച്ചറിവ് സൂഹത്തില്‍ പടര്‍ന്ന് വളര്‍ന്നപ്പോള്‍ വിദ്യാലയങ്ങളില്‍ പച്ചക്കറി ഉത്പാദനം നടത്തുന്ന പ്രക്രിയക്ക് അത് കുറേക്കൂടി ഗുണം ചെയ്തു. വിദ്യാലയങ്ങളിലെ ഉച്ച ഭക്ഷണത്തിനായി ഒരു നേരമെങ്കിലും ഇവിടെ വിളയുന്ന പച്ചക്കറികള്‍ ഉപയോഗിക്കണമെന്ന ചില അധ്യാപകരുടെ നിര്‍ബന്ധ ബുദ്ധി കുട്ടിത്തോട്ടങ്ങളുടെ വ്യാപനത്തിന് കാരണമായി. സ്ഥല സൗകര്യവും ജലസേചന സൗകര്യവുമുള്ള വിദ്യാലയങ്ങളെക്കൂടാതെ ഒരിഞ്ച് സ്ഥലം പോലും ബാക്കിയില്ലാത്ത വിദ്യാലയങ്ങള്‍ കൂടി കൃഷി സ്ഥലം തേടിപ്പിടിച്ച് കൃഷി ചെയ്യുന്ന കാഴ്ചക്ക് നാം സാക്ഷിയായി.നാട്ടുകാര്‍ പലയിടങ്ങളിലും കുട്ടികള്‍ക്ക് കൂട്ടായി.
സര്‍ക്കാറിന്റെയും മറ്റും ആനുകൂല്യങ്ങള്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കി ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും ഉത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാനും കര്‍ഷക കുടുംബങ്ങളുടെ വരുമാനം വര്‍ധിപ്പിക്കാനും ഉതകുന്ന “കര്‍ഷകസംഘം ജൈവ പച്ചക്കറിത്തോട്ടം” പദ്ധതി പോലെയുള്ളവ കുട്ടികള്‍ക്ക് നല്‍കിയ പ്രോത്സാഹനവും ചെറുതല്ല. നഗരമധ്യത്തിലുള്ള സ്‌കൂളുകള്‍ പോലും ഗ്രോബാഗ് കൃഷി പദ്ധതിയുമായി രംഗത്തുവന്നു. വെണ്ടയും കയ്പയും വെള്ളരിയും വഴുതിനയും പയറും കോവലും ചീരയും തുടങ്ങി ശീതകാല വിളകളായ കാബേജും ക്വാളി ഫ്‌ളവറുമുള്‍പ്പടെ വിദ്യാലയമുറ്റത്ത് പച്ചക്കറി വസന്തം തന്നെ ഇവര്‍ വിളയിച്ചെടുത്തു.തങ്ങളുടെ ആവശ്യം കഴിച്ച് പച്ചക്കറി വില്‍പ്പന നടത്തിയ വിദ്യാലയങ്ങള്‍ ഏറെയാണ്. കഴിഞ്ഞ വര്‍ഷത്തെ കണക്കു പ്രകാരം സ്‌കൂളുകളില്‍ നിന്നു മാത്രം 1273 മെട്രിക് ടണ്‍ പച്ചക്കറിയാണ് ഉത്പാദിപ്പിക്കാനായത്. തുടക്കത്തില്‍ 2500 സ്‌കൂളുകളില്‍ മാത്രം തുടങ്ങിയ പച്ചക്കറി കൃഷി ഇന്ന് സംസ്ഥാനത്തെ 5400 സ്‌കൂളുകളിലായി വ്യാപിച്ചു. പാലക്കാട് ജില്ലയാണ് ഇക്കാര്യത്തില്‍ വലിയ നേട്ടമുണ്ടാക്കിയത്. 590 സ്‌കൂളുകളില്‍ ഇവിടെ കൃഷിയുണ്ട്. തിരുവന്തപുരം-395, കൊല്ലം-425, പത്തനംതിട്ട-360, എറണാകുളം-290, കണ്ണൂര്‍-416, കോഴിക്കോട്-390, ഇടുക്കി-420, മലപ്പുറം-440 തുടങ്ങി എല്ലാ ജില്ലകളും പച്ചക്കറി ഉത്പാദനത്തില്‍ വലിയ നേട്ടമുണ്ടാക്കി. പാലക്കാട് ജില്ലയില്‍ ആഴ്ചച്ചന്ത നടത്തുന്ന സ്‌കൂളുകളുണ്ട്. കൃഷി വകുപ്പിന്റെ ധന സഹായമില്ലാതെ കൃഷി നടത്തുന്ന എത്രയോ സ്‌കൂളുകളും സംസ്ഥാനത്തുണ്ട്. സംസ്ഥാനത്ത് ഒരു വര്‍ഷം 22 ലക്ഷം ടണ്‍ പച്ചക്കറി വേണമെന്നാണ് ഔദ്യോഗിക കണക്ക്. ഇതില്‍ നാല് ലക്ഷം ടണ്‍ മാത്രമാണ് സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്നത്. ബാക്കി 18 ലക്ഷം ടണ്‍ കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍നിന്നാണ് എത്തിക്കുന്നത്. വിദ്യാലയങ്ങളിലൂടെ കുട്ടികള്‍ ഉത്പാദിപ്പിക്കുന്നത് കേരളത്തിന്റെ പച്ചക്കറി ആവശ്യത്തിന്റെ ചെറിയൊരു ശതമാനം പോലുമാകില്ല. എങ്കിലും അണ്ണാന്‍ കുഞ്ഞും തന്നാലായത് എന്നല്ലേ,ചൊല്ല്.

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി