Connect with us

Articles

ഫാസിസ്റ്റ് കാലത്തെ കോടതിയലക്ഷ്യങ്ങള്‍

Published

|

Last Updated

അഭിഭാഷകര്‍ കോടതിയുടെയും നീതിന്യായസംവിധാനത്തിന്റെയും ഭാഗം തന്നെയാണ്. ഉത്തമമായ തീര്‍പ്പുകള്‍ കല്‍പ്പിക്കാന്‍ കോടതികളെ സഹായിക്കുന്ന ഓഫീസര്‍മാരാണവര്‍. ബാര്‍ ബഞ്ച് ബന്ധം ക്രിയാത്മകവും ഊഷ്മളവും പ്രത്യുല്‍പ്പന്നമതിത്വവും ഉള്ളതാകുമ്പോള്‍ മാത്രമേ ഉത്കൃഷ്ടമായതും മനുഷ്യപക്ഷത്തു നില്‍ക്കുന്നതുമായ വിധികള്‍ ഉണ്ടാകുകയുള്ളൂ. ഈ പശ്ചാത്തലത്തിലാണ് ഡല്‍ഹി പാട്യാല കോടതിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സംഘ്പരിവാര്‍ അനുകൂല അഭിഭാഷകര്‍ നടത്തിയ അഴിഞ്ഞാട്ടത്തെ വിലയിരുത്തേണ്ടത്. പാട്യാല കോടതിയില്‍ ഒരുപറ്റം അഭിഭാഷകര്‍ വിദ്യാര്‍ഥികളെയും മാധ്യമപ്രവര്‍ത്തകരെയും കോടതി നടക്കുന്ന സമയത്ത് കൈയേറ്റം ചെയ്യുകയാണുണ്ടായത്. ബി ജെ പിയുടെ എം എല്‍ എ, ഒ പി ശര്‍മയായിരുന്നു ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. രാജ്യദ്രോഹക്കുറ്റം ആരോപിച്ച് അറസ്റ്റ് ചെയ്ത കന്‍ഹയ്യ കുമാറിനെ കോടതിയില്‍ ഹാജരാക്കവേയായിരുന്നു അഭിഭാഷകരുടെ ക്രിമിനല്‍ വിളയാട്ടം. മര്‍ദനത്തില്‍ നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ബിനോയ് വിശ്വം അടക്കമുള്ള ഇടതു നേതാക്കളും പരുക്ക് പറ്റിയവരില്‍ പെടുന്നു. ജെ എന്‍ യുവിനെതിരെ മുദ്രാവാക്യം വിളിച്ച അഭിഭാഷകര്‍ വിദ്യാര്‍ഥികള്‍ക്കു നേരെ തിരിയുകയായിരുന്നു. ജെ എന്‍ യു ഫാക്കല്‍റ്റി അംഗങ്ങളും പരുക്ക് പറ്റിയവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു.
ആക്രമണം ആവര്‍ത്തിച്ചു. പൊലീസ് കസ്റ്റഡിയിലുള്ള കനയ്യ കുമാറിനെ കോടതി വളപ്പില്‍ ഇതേ അഭിഭാഷക ക്രിമിനല്‍ക്കൂട്ടം മര്‍ദിച്ചു. പോലീസ് കാവലില്‍ പട്യാല കോടതിയില്‍ ഹാജരാക്കുന്നതിനിടെയാണ് ബി ജെ പി അഭിഭാഷകന്‍ വളഞ്ഞിട്ട് മര്‍ദിച്ചത്. കന്‍ഹയ്യ കുമാറിനെ കോടതിയിലെത്തിക്കും മുമ്പ് തന്നെ കോടതി വളപ്പ് സംഘര്‍ഷ ഭൂമിയായി തീര്‍ന്നിരുന്നു. കന്‍ഹയ്യകുമാറിനെ മര്‍ദിക്കും മുമ്പ് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ അഭിഭാഷകര്‍ അക്രമം അഴിച്ചുവിട്ടു. ക്യാമറകള്‍ തല്ലിത്തകര്‍ത്തു. കോടതി പരിസരത്ത് അഭിഭാഷകരുടെയും മാധ്യമ പ്രവര്‍ത്തകരുടെയും എണ്ണം പരിമിതപ്പെടുത്തി സുപ്രീം കോടതി നിര്‍ദേശം നല്‍കിയതിനു പിന്നാലെയാണ് സംഘര്‍ഷം അരങ്ങേറിയത്. അഭിഭാഷകര്‍ സംഘം ചേര്‍ന്ന് അക്രമം അഴിച്ചുവിടുകയായിരുന്നു. ഇവരെ തടയാന്‍ ഡല്‍ഹി പോലീസ് തയ്യാറായില്ല. മുമ്പത്തെ ആക്രമണം അന്വേഷിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച കപില്‍സിബലിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ കമ്മീഷന് നേരെയും പട്യാല കോടതിയില്‍ കൈയേറ്റമുണ്ടായി.
ഈ സാഹചര്യത്തില്‍ കേസില്‍ സുപ്രീം കോടതി ഇടപ്പെട്ടു. പട്യാല കോടതിയില്‍ എന്താണ് സംഭവിക്കുന്നത് എന്ന് അന്വേഷിച്ച് 10 മിനുട്ടിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ഡല്‍ഹി പോലീസ് ജോയിന്റെ് കമ്മീഷണറോട് സുപ്രീം കോടതി ഉത്തരവിട്ടു. പത്ത് മിനുട്ട് കൂടുമ്പോള്‍ സംഭവത്തിന്റെ വിവരങ്ങള്‍ അറിയിക്കാനും സുപ്രീം കോടതി ആവശ്യപ്പെടുകയുണ്ടായി .
രാജ്യത്തിന്റെ യശസ്സിന് പൊതുവിലും ജുഡീഷ്യറിയുടേതിന് പ്രത്യേകിച്ചും കളങ്കമേല്‍പ്പിച്ച പ്രവര്‍ത്തിയാണ് സംഘ്പരിവാര്‍ ക്രിമിനലുകളായ വക്കീലന്മാരില്‍ നിന്നുണ്ടായത്. അഭിഭാഷകരും അഭിഭാഷക വേഷമണിഞ്ഞവരുമായ സംഘ്പരിവാര്‍ അക്രമികളുടെ തേര്‍വാഴ്ചയാണ് കോടതിക്കകത്തും വളപ്പിലും കണ്ടത്. അഭിഭാഷകരില്‍ നിന്നുണ്ടായത് ഒറ്റപ്പെട്ട നീക്കമല്ല. സംഘ്പരിവാര്‍ അഭിഭാഷകരുടെ അഴിഞ്ഞാട്ടത്തിന് ഹുബ്ലിയിലും ജയ്പൂരിലും ലഖ്‌നോയിലും ചെന്നൈയിലും കോടതികള്‍ മുമ്പ് സാക്ഷ്യം വഹിച്ചിട്ടുണ്ട്. പക്ഷേ, നരേന്ദ്ര മോദി അധികാരത്തില്‍ എത്തിയ ശേഷം രാജ്യത്താകെ നടക്കുന്ന ദളിത് ന്യൂനപക്ഷ വേട്ടകളുടെയും അതിനെ ചെറുക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെയുള്ള ഉന്മൂലനശ്രമങ്ങളും ആളിനില്‍ക്കുന്ന ഈ നാളുകളില്‍ ഡല്‍ഹിയിലെ ക്രിമിനലുകളായ അഭിഭാഷകര്‍ നടത്തിയ തെമ്മാടിത്തരങ്ങള്‍ ചെറുതായി കാണാനാകില്ല. മോദി ഭരണകൂടവും ഡല്‍ഹി പോലീസും ഈ അക്രമങ്ങള്‍ക്കെല്ലാം മൗനാനുവാദം നല്‍കുന്നതാണ് ഈ വിഷയത്തിലെ അപകടകരമായ കാഴ്ച. നിയമവാഴ്ച ഉറപ്പ് വരുത്തേണ്ടവരില്‍ നിന്നു സംഭവിക്കുന്ന വീഴ്ച അതീവ ഗുരുതരമായ സാഹചര്യത്തിലേക്കാണ് രാജ്യത്തെ നയിക്കുന്നത്. ഭരണസംവിധാനങ്ങളും നിയമപാലകരും അക്രമികള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കണം.
മാത്രമല്ല, ഈ അഭിഭാഷകരുടെ ഗുണ്ടാവാഴ്ച 1961ലെ അഭിഭാഷക നിയമങ്ങള്‍ക്കും (The Advocates Act 1961) ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അഭിഭാഷകരുടെ അച്ചടക്കവുമായ ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ക്കും വിരുദ്ധമാണ്. 1961ലെ അഭിഭാഷക നിയമത്തിലെ സെക്ഷന്‍ 35 പ്രകാരം പ്രൊഫഷനല്‍ മിസ്‌കണ്ടക്റ്റ് നടത്തിയിട്ടുള്ള പാട്യാല കോടതിയിലെ അഭിഭാഷകര്‍ക്കെതിരെ ബാര്‍ കൗണ്‍സിലിന് നടപടിയെടുക്കാവുന്നതാണ്. ഇതേ നിയമത്തിന്റെ സെക്ഷന്‍ 36, 36 ബി എന്നിവ പ്രകാരം ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യക്ക് ഈ അഭിഭാഷകരുടെ സനത് റദ്ദ് ചെയ്യുന്നത് ഉള്‍പ്പടെയുള്ള അച്ചടക്ക നടപടികള്‍ കൈക്കൊള്ളാന്‍ അധികാരമുണ്ട്. ഇവര്‍ ചെയ്ത ക്രിമിനല്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട പരാതി പോലീസിനു കൈമാറാനും ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യക്ക് അധികാരമുണ്ട് .
അഭിഭാഷകര്‍ക്ക് എങ്ങനെ നിയമം കൈയിലെടുക്കാന്‍ കഴിയുന്നു എന്നായിരുന്നു ഈ വിഷയത്തില്‍ ഇടപെട്ടു സുപ്രീം കോടതി ചോദിച്ചത്. തീവ്രനിലപാടുകള്‍ രാജ്യത്തെ അസ്ഥിരപ്പെടുത്തുമെന്നും എല്ലാവരും മിതത്വം പാലിക്കണമെന്നും കോടതി നിര്‍ദേശിച്ചു. കോടതിയിലുണ്ടായ അക്രമങ്ങളെ തുടര്‍ന്ന് പുതിയ നിയന്ത്രണങ്ങള്‍ നിലവില്‍ വരുത്താനും സുപ്രീം കോടതി തീരുമാനിച്ചിട്ടുണ്ട്. കോടതിയില്‍ ഈ വിഷയങ്ങള്‍ പരിഗണിക്കുന്ന ദിവസമായിരുന്നു രാജീവ് ടാഡാക്ക് എന്ന അഭിഭാഷകന്‍ വന്ദേമാതരം മുഴക്കിയത്. അങ്ങനെയാണ് കോടതിയില്‍ അഞ്ച് വിദ്യാര്‍ഥികളെയും രണ്ട് അധ്യാപകരെയും അഞ്ച് മാധ്യമ പ്രവര്‍ത്തകരെയും മാത്രമേ പ്രവേശിപ്പിക്കൂ എന്ന് സുപ്രീം കോടതിക്ക് നിര്‍ദേശം നല്‍കേണ്ടിവന്നത്. പാട്യാല കോടതി നടപടികള്‍ക്ക് ആവശ്യമായ സുരക്ഷ ഉറപ്പാക്കാന്‍ കോടതി ഡല്‍ഹി പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോടതിനടപടികള്‍ ജനങ്ങളിലെത്തണമെന്നതിനാല്‍ മാധ്യമപ്രവര്‍ത്തകരെ കോടതിയില്‍ നിന്ന് മാറ്റിനിര്‍ത്താനാകില്ലെന്നും സുപ്രീംകോടതി നിരീക്ഷിക്കുകയുണ്ടായി.
വിഖ്യാത ചിന്തകനായ നോം ചോംസ്‌കി, നൊബേല്‍ സമ്മാന ജേതാവ് ഓര്‍ഹാന്‍ പാമുക് തുടങ്ങി നിരവധി പേര്‍ കന്‍ഹയ്യക്ക് വേണ്ടി രംഗത്തുവന്നത് ഈ പശ്ചാത്തത്തിലാണ്. ഇവരുടെ പിന്തുണ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലക്കും കന്‍ഹയ്യ കുമാര്‍ ഉള്‍പ്പടെയുള്ള വിദ്യാര്‍ഥി നേതാക്കള്‍ക്കും ലഭിക്കുന്നു എന്നത് നിസ്സാരസംഭവമല്ല. ലോകത്തെ നൂറോളം സര്‍വകലാശാലകള്‍ ജെ എന്‍ യു വിദ്യാര്‍ഥികള്‍ക്കു പിന്തുണയുമായി രംഗത്തുവന്നിരിക്കുന്നു. പട്യാല കോടതിവളപ്പില്‍ അരങ്ങേറിയ ആക്രമണത്തിന് സുപ്രീം കോടതി വിശദീകരണം ആവശ്യപ്പെട്ടത് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വന്നതോടെ ലോകത്തിന്റെ നാനാഭാഗത്തുമുള്ള ഫാസിസ്റ്റ് വിരുദ്ധ നിലപാടുള്ള മനുഷ്യരുടെയും സംഘടനകളുടെയും പിന്തുണ ജെ എന്‍ യുവിലേക്കൊഴുകുകയാണ്.
രാജ്യത്തെ മഹത്തരമായ നീതിന്യായ സംവിധാനത്തിന്റെ ഭാഗമായ അഭിഭാഷകര്‍ ഫാസിസ്റ്റ് അജന്‍ഡകള്‍ നടപ്പിലാക്കുന്നവരുടെ ഗുണ്ടകളായി അധഃപതിക്കുന്നത് ആത്യന്തികമായി കളങ്കപ്പെടുത്തുകയും വിശ്വാസം നഷ്ട്ടപ്പെടുത്തുകയും ചെയ്യുന്നത് നമ്മുടെ ജുഡീഷ്യറിയെ തന്നെയാണ്.

Latest