Connect with us

Ongoing News

ഇന്‍ഫാന്റിനോ ഫിഫ പ്രസിഡന്റ്‌

Published

|

Last Updated

സൂറിച്: യൂറോപ്പിന്റെ പ്രതിനിധിയായി മത്സരിച്ച ജിയാനി ഇന്‍ഫാന്റിനോ അന്താരാഷ്ട്ര ഫുട്‌ബോള്‍ സംഘടനയായ ഫിഫയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. യുവേഫ സെക്രട്ടറി ജനറലായ ഇന്‍ഫാന്റിനോ രണ്ടാം റൗണ്ടില്‍ 115 വോട്ടുകള്‍ നേടി. ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ പ്രസിഡന്റ് ഷെയ്ക് സല്‍മാന്‍ ബിന്‍ ഇബ്രാഹിം അല്‍ ഖലീഫയേക്കാള്‍ 27 വോട്ട് അധികം നേടിയാണ് സ്വിറ്റ്‌സര്‍ലന്‍ഡുകാരനായ ജിയാനി ഇന്‍ഫാന്റിനോ ഫിഫയുടെ പുതിയ അധിപനായത്. ജോര്‍ദാന്‍ രാജകുമാരന്‍ അലി ബിന്‍ അല്‍ ഹുസൈന്‍ മൂന്നാം സ്ഥാനത്തും ഫ്രാന്‍സിന്റെ ജെറോം ഷാംപെയിന്‍ നാലാം സ്ഥാനത്തുമായി. വോട്ടിംഗ് ആരംഭിക്കുന്നതിന് മുമ്പെ ടോക്യോ സെസ്‌വാലെ പിന്‍മാറി.
ആദ്യ റൗണ്ട് വോട്ടിംഗില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ആര്‍ക്കും ലഭിച്ചില്ല. ഇതോടെ, രണ്ടാം റൗണ്ടിലേക്ക് പ്രവേശിച്ചു.
ഫിഫയിലെ 209 അംഗങ്ങള്‍ വോട്ടിംഗില്‍ പങ്കെടുത്തു. ഇതില്‍ 104 വോട്ടുകള്‍ രണ്ടാം റൗണ്ടില്‍ ലഭിക്കുന്നയാള്‍ ജേതാവും എന്നിരിക്കെ 115 വോട്ടുകളാണ് ഇന്‍ഫാന്റിനോക്ക് ലഭിച്ചത്.
അഴിമതി ആരോപണ വിധേയനായി സെപ് ബ്ലാറ്റര്‍ പടിയിറങ്ങിയ കസേരയിലേക്ക് ബ്ലാറ്ററുടെ നാട്ടുകാരന്‍ തന്നെ വരുന്നു എന്ന പ്രത്യേകതയുണ്ട്. ലോകകപ്പില്‍ നാല്‍പത് രാഷ്ട്രങ്ങളെ പങ്കെടുപ്പിക്കുമെന്നതായിരുന്നു ഇന്‍ഫാന്റിനോയുടെ വാഗ്ദാനം.

Latest