Connect with us

Gulf

വൈദ്യപരിശോധനാ നിയമത്തിലെ ഭേദഗതി ക്ഷയരോഗമുള്ളവര്‍ക്ക് ആശ്വാസമാവും

Published

|

Last Updated

ദുബൈ: യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം വൈദ്യപരിശോധനാ നിയമത്തില്‍ കഴിഞ്ഞ ദിവസം വരുത്തിയ ഭേദഗതി ക്ഷയരോഗികള്‍ക്ക് ആശ്വാസമാകും. യു എ ഇ വിസക്കായി വൈദ്യപരിശോധന നടത്തുന്ന ക്ഷയരോഗികള്‍ക്കും വിസ പുതുക്കുന്ന ക്ഷയരോഗികള്‍ക്കുമാണ് ഭേദഗതി ആശ്വാസമാവുക. ഇതുവരെയും പ്രവര്‍ത്തനക്ഷമമല്ലാത്ത ക്ഷയരോഗ അണുക്കള്‍ ശരീരത്തില്‍ ഉള്ളവര്‍ക്ക് പോലും യു എ ഇ വിസ നിഷേധിച്ചിരുന്നു. എന്നാല്‍ പുതിയ ഭേദഗതിയോടെ ആരോഗ്യത്തിന് ഭീഷണിയാവാതെ നിര്‍ജീവാവസ്ഥയില്‍ ക്ഷയരോഗ അണുക്കള്‍ ഉള്ളവര്‍ക്ക് രാജ്യത്ത് വിസ ലഭിക്കും. രോഗം പടരാന്‍ സാധ്യതയുള്ള അണുക്കള്‍ ശരീരത്തില്‍ ഉള്ളവരെ മുമ്പ് ഉടനടി നാടുകടത്താറായിരുന്നു പതിവ്. എന്നാല്‍ പുതിയ ഭേദഗതി പ്രകാരം മാരകമല്ലാത്തക്ഷയരോഗമുള്ള വിദേശികളെ ചികിത്സിക്കാനും വ്യവസ്ഥയുണ്ട്. ഇത്തരക്കാര്‍ക്ക് ഒരു വര്‍ഷം കാലാവധിയുള്ള വിസയാവും രാജ്യത്ത് നില്‍ക്കാന്‍ നല്‍കുക. ഈ കാലഘട്ടത്തിനിടയില്‍ രോഗം മാറിയാല്‍ പഴയപടി വിസ സ്റ്റാമ്പ് ചെയ്തു നല്‍കും. ചികിത്സിച്ചിട്ടും രോഗം ഭേദപ്പെടാന്‍ ദീര്‍ഘകാലം ആവശ്യമായി വരുന്ന കേസുകളിലാകും വിസ നിഷേധിക്കുക. അതേസമയം എച്ച് ഐ വി, ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി, ക്ഷയം, സിഫിലിസ് എന്നീ രോഗങ്ങള്‍ കണ്ടെത്താന്‍ നടത്തിവരുന്ന പരിശോധനയില്‍ മാറ്റമുണ്ടാവില്ല.
ഹോട്ടല്‍, റെസ്റ്റോറന്റുകള്‍ എന്നിവിടങ്ങളില്‍ ഭക്ഷണം കൈകാര്യം ചെയ്യുന്ന വെയിറ്റര്‍മാര്‍, പാചകക്കാര്‍, അടുക്കളയിലെ സഹായികള്‍, വീട്ടുവേലക്കാര്‍, ബാര്‍ബര്‍മാര്‍ തുടങ്ങിയവര്‍ക്ക് കഴിഞ്ഞ കാലങ്ങളില്‍ പ്രവര്‍ത്തനക്ഷമമല്ലാത്ത ക്ഷയരോഗ അണു സാന്നിധ്യത്തിലും യു എ ഇയില്‍ വിസ സ്റ്റാമ്പ് ചെയ്യാന്‍ സാധിച്ചിരുന്നില്ല. ശൈഖ് മുഹമ്മദിന്റെ പുതിയ ഭേദഗതി ഇത്തരം കേസുകളുമായി ഗള്‍ഫ്‌മോഹം ഉപേക്ഷിക്കേണ്ടുന്ന സാഹചര്യം ഇല്ലാതാക്കും. കഴിഞ്ഞ മാസം 27 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ഭേദഗതി നടപ്പാക്കിയിരിക്കുന്നത്.

Latest