Connect with us

Gulf

സ്‌പെയിനും ലാത്വിയയും ഫൈനലില്‍ കളിക്കും

Published

|

Last Updated

ദോഹ: ഖത്വര്‍ ടോട്ടല്‍ ഓപ്പണ്‍ ഫൈനലില്‍ സ്‌പെയിനിന്റെ കാര്‍ല സുവാരസ് നവാരോ ലാത്വിയന്‍ താരം യെലേന ഒസ്റ്റപെന്‍കോയെ നേരിടും.
ഖലീഫ ടെന്നീസ് ആന്‍ഡ് സ്‌ക്വാഷ് കോംപ്ലക്‌സിലെ സെന്റര്‍ കോര്‍ട്ടില്‍ നടന്ന ആദ്യ സെമിഫൈനലില്‍ പോളണ്ടിന്റെ ലോക മൂന്നാം നമ്പര്‍ താരവും മൂന്നാം സീഡുമായ അഗ്‌നിയേസ്‌ക റാഡ്വാന്‍സകയെ അനായാസം മറികടന്നാണ് സുവാരസ് നവാരോ കലാശപ്പോരിന് അര്‍ഹത നേടിയത്, സ്‌കോര്‍ 62, 60. കഴിഞ്ഞ മത്സരങ്ങളിലെല്ലാം മികവുറ്റ പ്രകടനം പുറത്തെടുത്ത റാഡ്വാന്‍സ്‌ക ഇന്നലെ സ്പാനിഷ് താരത്തിനു മുന്നില്‍ തീര്‍ത്തും നിഷ്പ്രഭയായി. ഇരുവരും ഇതിന് മുമ്പ് നാലു മത്സരങ്ങല്‍ ഏറ്റുമുട്ടിയപ്പോള്‍ മൂന്നുതവണയും വിജയം റാഡ്വാന്‍സ്‌കയ്‌ക്കൊപ്പമായിരുന്നു.
എന്നാല്‍ ആ ചരിത്രം ഇന്നലെ പോളിഷ് താരത്തെ തുണച്ചില്ല. കേവലം ഒരു മണിക്കൂര്‍ രണ്ട് മിനിറ്റിനുള്ളില്‍ മത്സരം പൂര്‍ത്തിയാക്കി. ആദ്യ സെറ്റില്‍ ചെറിയ ചില ശ്രമങ്ങള്‍ റാഡ്വാന്‍സ്‌ക നടത്തിയെങ്കിലും രണ്ടാം സെറ്റില്‍ ഒന്നു പൊരുതാന്‍ പോലും റാഡ്വാന്‍സ്‌കയ്ക്ക് കഴിഞ്ഞില്ല. രണ്ടാം സെമിയില്‍ ലാത്വിയന്‍ താരം മുന്നില്‍ നില്‍ക്കെ പരിക്കുമൂലം എതിരാളിയായ ജര്‍മനിയുടെ ആന്‍ഡ്രിയ പെറ്റ്‌കോവിക് പിന്‍മാറുകയായിരുന്നു.
മത്സരത്തിന്റെ ആദ്യ സെറ്റില്‍ പിന്നില്‍ നിന്നശേഷമായിരുന്നു ലാത്‌വിയയുടെ കൗമാരതാരം മുന്നേറിയത്. ആദ്യ സെറ്റില്‍ 15ന് പിറകില്‍ നിന്നശേഷമായിരുന്നു ഒസ്റ്റപെന്‍കോയുടെ വമ്പന്‍ തിരിച്ചുവരവ്. ആദ്യ സെറ്റ് 75ന് നേടി, രണ്ടാം സെറ്റില്‍ പെറ്റ്‌കോവിന്റെ സര്‍വീസ് ബ്രേക്ക് ചെയ്ത് 10ന്റെ ലീഡ് നേടിയ ഘട്ടത്തിലായിരുന്നു ജര്‍മന്‍ താരത്തിന്റെ പിന്‍മാറ്റം.
മത്സരം ഒരു മണിക്കൂറും പതിന്നാല് മിനിറ്റും നീണ്ടുനിന്നു. ഇരുവരും ഇതാദ്യമായാണ് ഏറ്റുമുട്ടുന്നത്. ഡബിള്‍സില്‍ ചൈനീസ് തായ്‌പേയിയുടെ ഹാവോ ചിങ് ചാന്‍യുങ് ജാന്‍ ചാന്‍ സഖ്യവും ഫൈനലിലെത്തി. ഇന്നലെ നടന്ന സെമിഫൈനലില്‍ റഷ്യയുടെ എലേന വെസ്‌നിനഡാരിയ കസാറ്റ്കിനയെ മൂന്നു സെറ്റ് നീണ്ട പോരാട്ടത്തിലാണ് ചൈനീസ് തായ്‌പേയ് സഖ്യം പരാജയപ്പെടുത്തിയത്.