Connect with us

Gulf

'മലപ്പുറം ജില്ലയുടെ ചരിത്രം അവഗണിക്കപ്പെട്ട മാപ്പിളമാരുടെത്'

Published

|

Last Updated

ദോഹ: വൈദേശികാധിപത്യത്തിനെതിരെ 450 കൊല്ലത്തിലധികം നീണ്ട പോരാട്ടം നടത്തിയതിന്റെ പേരില്‍ അധിനിവേശ ശക്തികളാല്‍ ആക്രമിക്കപ്പെടുകയും അവഗണിക്കപ്പെടുകയും ചെയ്ത മാപ്പിളമാര്‍ ഭൂരിപക്ഷം താമസിക്കുന്ന സ്ഥലം എന്ന നിലയില്‍ ശ്രദ്ധേയമായ ഇടമാണ് മലപ്പുറമെന്ന് എഴുത്തുകാരനും പ്രഭാഷകനുമായ ടി പി എം ബഷീര്‍. കെ എം സി സി മലപ്പുറം ജില്ല “മലപ്പുറം പെരുമ”യോടനുബന്ധിച്ച് സീതിസാഹിബ് വിചാരവേദി നടത്തിയ “മലപ്പുറം ജില്ല പിറവിയും പ്രയാണവും” എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ ഭരണ ലാളനയില്‍ വളര്‍ന്നു വികാസം പ്രാപിച്ച തിരുകൊച്ചി സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായ സാഹചര്യമാണ് മലപ്പുറത്തേത്. മാത്രമല്ല കോളറ, വസൂരി വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ക്കിരയാവുകയും ചെയ്ത് ചരിത്രത്തില്‍ നിന്ന് നാമാവശേഷമായിപ്പോകുമായിരുന്ന ഒരു സമൂഹത്തിന്റെ രാഷ്ട്രീയ ബോധമാണ് ജില്ലാപിറവിക്ക് ആധാരമായത്. 1931ലെ ഒരു താരതമ്യപഠനത്തില്‍ മലബാര്‍ മുസ്‌ലിംകളില്‍ ആയിരത്തില്‍ 113 പുരുഷന്‍മാരും 17 സ്ത്രീകളുമാണ് സാക്ഷരര്‍ എന്നാണ് വിലയിരുത്തല്‍. 1998ല്‍ മലപ്പുറത്തെ എസ് എസ് എല്‍ സി വിജയശതമാനം 20ശതമാനം മാത്രമായിരുന്നു. ജില്ലാപഞ്ചായത്ത് നടപ്പാക്കിയ “വിജയഭേരി” പരിപാടിയിലൂടെ 16 വര്‍ഷം കൊണ്ട് നേടിയ നേട്ടം 2014ല്‍ സംസ്ഥാനത്തെ ശരാശരി വിജയം 96ശതമാനമാണെങ്കില്‍ മലപ്പുറം ജില്ലയിലേത് 97ശതമാനമായി ഉയര്‍ത്താന്‍ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
കെ എം സി സി സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുന്നാസര്‍ ഉദ്ഘാടനം ചെയ്തു. ഗോപാലകൃഷ്ണന്‍ (സംസ്‌കൃതി), ഹൈദര്‍ ചുങ്കത്തറ (ഇന്‍കാസ്), ഹബീബുര്‍റഹ്മാന്‍ കിഴിശ്ശേരി (എഫ് സി സി), സലീം നാലകത്ത് (കെ എം സി സി) എന്നിവര്‍ പ്രഭാഷണം നടത്തി. കെ എം എ സലാം അധ്യക്ഷത വഹിച്ചു. കോയ കോടങ്ങാട്, പി സി യൂസുഫ് ഖിറാഅത്ത് നടത്തി. പി പി അബ്ദുര്‍റഷീദ്, സവാദ് വെളിയങ്കോട്, കെ മുഹമ്മദ് ഈസ, സക്കീര്‍ഹുസൈന്‍ നേതൃത്വം നല്‍കി.

Latest