Connect with us

International

റഷ്യ വ്യോമാക്രമണം നിര്‍ത്തി; സിറിയയില്‍ പ്രതീക്ഷയുണര്‍ത്തി വെടിനിര്‍ത്തല്‍

Published

|

Last Updated

ദമസ്‌കസ്: സിറിയയില്‍ സമാധാന പ്രതീക്ഷയുണര്‍ത്തി രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നു. റഷ്യയും അമേരിക്കയും വിമത ഗ്രൂപ്പുകളും വെടിനിര്‍ത്തലിനോട് സഹകരിച്ചതോടെ, സംഘര്‍ഷഭരിതമായിരുന്ന മിക്ക പ്രദേശങ്ങളും വെള്ളിയാഴ്ച അര്‍ധ രാത്രിയോടെ തന്നെ ശാന്തമായതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. വെടിനിര്‍ത്തല്‍ സന്നദ്ധത അറിയിച്ച സായുധ സംഘങ്ങള്‍ക്ക് സ്വാധീനമുള്ള പ്രദേശങ്ങളെ ഗ്രീന്‍ സോണായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഇവിടങ്ങളിലെ വ്യോമാക്രമണം പൂര്‍ണമായി നിര്‍ത്തി വെച്ചതായും റഷ്യന്‍ സൈനിക ചുമതലയുള്ള ലഫ്റ്റനന്റ് ജനറല്‍ സെര്‍ജി റുഡ്‌സ്‌കോയി പറഞ്ഞു. വ്യോമാക്രമണങ്ങള്‍ക്ക് റഷ്യ കാര്യമായി ഉപയോഗിച്ചിരുന്ന ലതാകിയ താവളം ശാന്തമാണ്. സ്ഥിതിഗതികള്‍ ആശാവഹമാണെന്നും നിരവധി വര്‍ഷങ്ങള്‍ക്കിടെ ഇതാദ്യമായാണ് ഇത്തരമൊരു ശാന്തത കൈവന്നിരിക്കുന്നതെന്നും അല്‍ ജസീറ ലേഖകന്‍ ഉമര്‍ അല്‍ സലാഹ് പറഞ്ഞു. അതേസമയം, ഇസില്‍ തീവ്രവാദികള്‍ക്കെതിരെയും അല്‍ഖാഇദ ശാഖയായ അന്നുസ്‌റ ഫ്രണ്ടിനെതിരെയും ആക്രമണം തുടരുമെന്ന് റുഡ്‌സ്‌കോയി പറഞ്ഞു. എന്നാല്‍ ഇതും വളരെ സൂക്ഷിച്ചേ നടപ്പാക്കൂ. കാരണം വെടിനിര്‍ത്തല്‍ ലംഘിച്ചുവെന്ന വ്യാഖ്യാനം ഉണ്ടാകുന്ന തരത്തിലാകരുത് ഈ ആക്രമണമെന്ന് പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു. വിമത ഗ്രൂപ്പുകളെയും ഇസില്‍ സംഘത്തെയും പ്രത്യേകമായി അടയാളപ്പെടുത്തിയ മാപ്പ് അമേരിക്കന്‍ അധികൃതര്‍ തയ്യാറാക്കിയിട്ടുണ്ട്. ഇത് ഉപയോഗിച്ചാകും ഇസില്‍ തീവ്രവാദികള്‍ക്കെതിരായ ആക്രമണം തുടരുക. 74 പ്രതിപക്ഷ ഗ്രൂപ്പുകള്‍ വെടിനിര്‍ത്തലിന് സന്നദ്ധത അറിയിച്ചിട്ടുണ്ട്.
അതിനിടെ ശനിയാഴ്ച പുലര്‍ച്ചെ സിറിയന്‍ സേന തങ്ങളുടെ പോരാളികളെ ആക്രമിച്ചതായി വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പു വെച്ച ഒരു ഗ്രൂപ്പ് പരാതിപ്പെട്ടിട്ടുണ്ട്. ലതാകിയ പ്രവിശ്യയില്‍ നടന്ന ബാരല്‍ ബോംബ് ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടുവെന്നും ഇത് വെടിനിര്‍ത്തല്‍ ലംഘനമാണെന്നും ഗ്രൂപ്പിന്റെ വക്താവ് ഫദി അഹ്മദ് പറഞ്ഞു. എന്നാല്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ ഇത് നിഷേധിച്ചിട്ടുണ്ട്. സലാമിയ്യയില്‍ ഇന്നലെ നടന്ന കാര്‍ബോംബാക്രമണത്തില്‍ രണ്ട് പേര്‍ മരിച്ചു. സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള പ്രദേശമാണ് ഇത്.
വെടിനിര്‍ത്തല്‍ കരാര്‍ പൊളിക്കാനുള്ള ശ്രമം പല കോണില്‍ നിന്നുമുണ്ടാകുമെന്ന് പൂര്‍ണ ബോധ്യമുണ്ടെന്നും ഈ സാഹചര്യം ഒഴുവാക്കാനാണ് ശ്രമിക്കുന്നതെന്നും സിറിയയിലെ യു എന്‍ ദൂതന്‍ സ്റ്റെഫാന്‍ ഡി മിസ്തൂറ പറഞ്ഞു. അദ്ദേഹമാണ് ഈ വെടിനിര്‍ത്തല്‍ കരാറിലേക്ക് നയിച്ച കൂടിയാലോചനകള്‍ക്ക് നേതൃത്വം നല്‍കിയത്.

Latest